വോട്ടർപട്ടികയിൽ നിന്ന് പേര് വെട്ടിയാൽ പൗരത്വം നഷ്ടമാകില്ലെന്ന് സുപ്രീം കോടതി

വോട്ടർപട്ടികയിൽ നിന്ന് പേര് വെട്ടിയാൽ പൗരത്വം നഷ്ടമാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെടുന്നതോടെ ഒരാളുടെ പൗരത്വം നഷ്ടമാകുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പൗരത്വം നിർണയിക്കാനുള്ള ആത്യന്തിക അധികാരം തെരഞ്ഞെടുപ്പ് കമ്മിഷനല്ലെന്നും വോട്ടർ പട്ടികയിൽ നിന്നു നീക്കം ചെയ്യുന്നത് പൗരത്വം താനേ നഷ്ടപ്പെടാൻ കാരണമാകില്ലെന്നും കോടതി നിരീക്ഷിച്ചു. ബിഹാർ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണ വിധിന്യായത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

​ഒഴിവാക്കപ്പെട്ടവരുടെ അപ്പീലുകൾ കേൾക്കാൻ രൂപീകരിച്ച ട്രൈബ്യൂണലുകളിലെ വാദം കേൾക്കൽ കാര്യക്ഷമമാക്കാൻ നടപടി തേടി പ്രസേൻജിത് ബോസ് നൽകിയ ഹർജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ ഈ സുപ്രധാന നിരീക്ഷണം. ട്രൈബ്യൂണലുകൾക്കുകീഴിൽ ലക്ഷക്കണക്കിന് അപ്പീലുകൾ തീർപ്പാകാനുണ്ടെന്നും വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവർക്ക് റേഷനും ജാതി സർട്ടിഫിക്കറ്റും അനുവദിക്കുന്നില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഈ ഘട്ടത്തിലാണ് വോട്ടർ പട്ടികയിലെ ഒഴിവാക്കലിന്റെ പേരിൽ മാത്രം പൗരത്വം തീരുമാനിക്കപ്പെടുന്നില്ലെന്ന് കോടതി വ്യക്തമാക്കിയത്. വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുന്നവരുടെ പൗരത്വം തീരുമാനിക്കാനായി വിവരങ്ങൾ കേന്ദ്ര സർക്കാരിന് കൈമാറേണ്ട ബാധ്യത കമ്മിഷനുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.