അയോധ്യരാമക്ഷേത്ര അഴിമതി : കൊള്ള ഏറ്റവും കൂടുതല്‍ നടന്നത് കുംഭമേളക്കാലത്തെന്ന് എസ്‌ഐടി

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളില്‍ വന്‍ക്രമക്കേട് നടന്നെന്ന ആരോപണത്തില്‍ പ്രത്യേക അന്വേഷണ സംഘം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പണാപഹരണം ഏറ്റവുംമധികം നടന്നത് കഴിഞ്ഞ കുംഭമേളക്കാലത്താണെന്ന് റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. അന്വേഷണം നേരിടുന്ന രാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളും ക്ഷേത്ര ജീവനക്കാരും അയോധ്യ വിട്ടുപോകരുതെന്ന് പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) നിര്‍ദേശിച്ചിട്ടുണ്ട്. രാം ലല്ലയ്ക്ക് ഭക്തര്‍ അര്‍പ്പിച്ച സ്വര്‍ണം, വെള്ളി, രത്‌നങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ ക്രമക്കേടു നടന്നിട്ടുണ്ടെന്ന് എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. ക്രമക്കേടുകള്‍ ഏറെയും നടന്നത് 2025 ജനുവരി-ഫെബ്രുവരിയില്‍ മഹാകുംഭമേളക്കാലത്താണ്. അന്ന് ക്ഷേത്രത്തില്‍ അഭൂതപൂര്‍വമായ തിരക്കുണ്ടാവുകയും സംഭാവനകള്‍ കുമിഞ്ഞുകൂടുകയും ചെയ്തിരുന്നു. ഇവയുമായി ബന്ധപ്പെട്ട രേഖകളെക്കുറിച്ച് തൃപ്തികരമായ ഉത്തരങ്ങള്‍ നല്‍കാന്‍ ട്രസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല.
200 കോടിമുതല്‍ 1400 കോടിവരെ രൂപയുടെ വെട്ടിപ്പുനടന്നിട്ടുണ്ടെന്നാണ് ആരോപണം. ക്ഷേത്രത്തിലെ 45 ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ മാത്രമാണ് എസ്‌ഐടിക്ക് ലഭിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റുചെയ്തു, സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്ത 1250 കട്ടകള്‍ കാണാനില്ല തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സമാജ് വാദി പാര്‍ട്ടി, എഎപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയകക്ഷികളുടെ ആരോപണത്തെത്തുടര്‍ന്ന് ഈ മാസം 13-നാണ് യു പി. സര്‍ക്കാര്‍ അന്വേഷണത്തിനായി എസ്‌ഐടിയെ നിയോഗിച്ചത്.
രജിസ്റ്ററില്‍ കൃത്യമായി രേഖപ്പെടുത്താതെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും 10 പെട്ടികള്‍ നീക്കം ചെയ്തു, സംഭാവന എണ്ണിത്തിട്ടപ്പെടുത്തുന്ന സ്ഥലത്തെ സിസിടിവി നീക്കം ചെയ്തു എന്നിങ്ങനെയും ആരോപണം ഉയര്‍ന്നിട്ടുണ്ട്. രാം ലല്ല പ്രാണപ്രതിഷ്ഠ സമയത്ത് ജ്വല്ലേഴ്‌സ് അസോസിയേഷന്‍ എന്ന സംഘടന സമര്‍പ്പിച്ച 60 കിലോ വെള്ളിക്കട്ടികള്‍ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ക്ഷേത്രട്രസ്റ്റിന്റെ ഭൂമിവാങ്ങലും എസ്‌ഐടിയുടെ അന്വേഷിക്കുന്നുണ്ട്. വിപണിവിലയിലും കുറഞ്ഞവിലയിലാണ് ട്രസ്റ്റ് പലയിടത്തും ഭൂമിവാങ്ങിയത് എന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്.