ഇന്ത്യ -യുഎസ് വ്യാപാര കരാർ : അന്തിമരൂപം നൽകാൻ യുഎസ് പ്രതിനിധി ഇന്ത്യയിലേക്ക്

ഇന്ത്യ -യുഎസ് വ്യാപാര കരാർ : അന്തിമരൂപം നൽകാൻ യുഎസ് പ്രതിനിധി ഇന്ത്യയിലേക്ക്

വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും തമ്മിൽ ഫെബ്രുവരിയിൽ ധാരണയായ ഇടക്കാല വ്യാപാര കരാർ ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകുന്നതിനായി യുഎസ് ട്രേഡ് പ്രതിനിധി ജാമിസൺ ഗ്രീർ ഇന്ത്യയിലെത്തും. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും അദ്ദേഹം ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തും.യുഎസ്-ഇന്ത്യ ഉഭയകക്ഷി വ്യാപാര കരാറിൻ്റെ (ബിടിഎ) ഭാഗമായുള്ള ചരിത്രപരമായ സംയുക്ത പ്രസ്താവനയെക്കുറിച്ചും ഇടക്കാല കരാറിനെക്കുറിച്ചും ചർച്ച ചെയ്യാനാണ് ജാമിസൺ ഗ്രീർ ഈ ആഴ്ച ന്യൂഡൽഹിയിലേക്ക് യാത്ര തിരിക്കുന്നതെന്ന് യുഎസ് ട്രേഡ് റെപ്രസെൻ്റേറ്റീവിൻ്റെ ഓഫിസ് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് ഈ സന്ദർശനം.

കാർഷികം, ഐടി, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ സുപ്രധാന മേഖലകളിൽ ഇരു രാജ്യങ്ങൾക്കും ഗുണകരമാകുന്ന രീതിയിലാണ് പുതിയ വ്യാപാര കരാർ വിഭാവനം ചെയ്യുന്നത്. അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒന്നായ ഇന്ത്യയുമായുള്ള ഈ കരാർ ആഗോള സാമ്പത്തിക രംഗത്തും വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്ക് വലിയ ഉണർവ് നൽകുന്നതായിരിക്കും പുതിയ വ്യാപാര നയങ്ങൾ.