"തമിഴ്‌നാട്ടിൽ ദ്വിഭാഷാ നയം തുടരും " : മുഖ്യമന്ത്രിവിജയ്
ചെന്നൈ: തമിഴ്‌നാട്ടിൽ ദ്വിഭാഷാ നയം തുടരുമെന്ന് മുഖ്യമന്ത്രിവിജയ് .തമിഴ്‌നാട്ടിലെ നിലവിലെ ഭാഷാ തർക്കങ്ങൾക്കിടയിലാണ് മുഖ്യമന്ത്രിയുടെ ഈ സുപ്രധാന പ്രഖ്യാപനം.തൻ്റെ രാഷ്ട്രീയ വളർച്ച തടയാൻ ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും കൈകോർത്തുവെന്ന് നിയമസഭയിലെ പ്രസംഗത്തിൽ വിജയ് ആരോപിച്ചു. സ്റ്റാലിൻ നേതൃത്വം നൽകുന്ന ഡി.എം.കെ സർക്കാർ മുൻകാലങ്ങളിൽ ടാസ്‌മാക് വരുമാനം പാർട്ടിയുടെ ആവശ്യങ്ങൾക്കായി കൊള്ളയടിച്ചെന്നും, ഇത് സംസ്ഥാനത്തെ ജനങ്ങളെ വല്ലാതെ ബുദ്ധിമുട്ടിച്ചെന്നും അദ്ദേഹം വിമർശിച്ചു.
അധികാരമേറ്റ ആദ്യ മാസങ്ങളിൽ തന്നെ നിരവധി ജനക്ഷേമ പ്രവർത്തനങ്ങൾ ചെയ്യാൻ സർക്കാരിന് സാധിച്ചെന്ന് വിജയ് അവകാശപ്പെട്ടു.. മുടങ്ങിക്കിടന്ന ജൽ ജീവൻ മിഷൻ പദ്ധതി പുനരാരംഭിക്കാൻ കഴിഞ്ഞു. കൂടാതെ, സംസ്ഥാനത്തെ സ്ത്രീകളുടെ ആവശ്യം കണക്കിലെടുത്ത് 700-ലധികം സർക്കാർ മദ്യശാലകൾ പൂട്ടാൻ തന്റെ സർക്കാർ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. തൻ്റെ രാഷ്ട്രീയ യാത്രയിൽ നേരിട്ട വെല്ലുവിളികളെക്കുറിച്ചും ഇന്ന് വിജയ് നിയമസഭയിൽ പറഞ്ഞു . തിരഞ്ഞെടുപ്പ് പ്രചാരണ കാലയളവിൽ തൻ്റെ റാലികൾക്ക് പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന കാര്യം അദ്ദേഹം വീണ്ടും പരാമർശിച്ചു. കരുർ ദുരന്തത്തിൽ 41 പേർ മരിച്ച സംഭവത്തിൽ അദ്ദേഹം അതീവ ദുഃഖം രേഖപ്പെടുത്തി. സംഭവത്തിൻ്റെ ഉത്തരവാദിത്തം തന്റെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമങ്ങൾ വേദനിപ്പിച്ചുവെന്ന് വിജയ് പറഞ്ഞു. റാലിയിൽ പങ്കെടുത്തവർക്ക് ആവശ്യമായ സുരക്ഷയൊരുക്കുന്നതിൽ പോലീസ് സംവിധാനത്തിന് വീഴ്ച സംഭവിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നീറ്റ് പരീക്ഷ തമിഴ്‌നാട്ടിലെ വിദ്യാർത്ഥികളോട് കാണിക്കുന്ന അനീതിയാണെന്ന് പ്ലസ് ടു മാർക്കിൻ്റെ അടിസ്ഥാനത്തിൽ പ്രവേശനം നടത്തണമെന്നുമുള്ള തന്റെ പഴയ നിലപാട് ആവർത്തിച്ചു കൊണ്ട് അദ്ദേഹം വ്യക്തമാക്കി.