ഇന്ത്യൻ ഫിൻടെക് സ്ഥാപകൻ കുനാൽ ഷാ ഇനി വാട്ട്‌സ്ആപ്പ് മേധാവി

 ഇന്ത്യൻ ഫിൻടെക് സ്ഥാപകൻ കുനാൽ ഷാ  ഇനി വാട്ട്‌സ്ആപ്പ് മേധാവി

മുംബൈ: വാട്‌സ്‌ആപ്പിന്‍റെ തലപ്പത്തേക്ക് ഇനി ഇന്ത്യക്കാരൻ. പ്രമുഖ ഇന്ത്യൻ ഫിൻടെക് സ്റ്റാർട്ടപ്പായ ക്രെഡിന്‍റെ സ്ഥാപകനായ കുനാൽ ഷാ വാട്‌സ്‌ആപ്പിന്‍റെ പുതിയ ആഗോള മേധാവിയായി ചുമതലയേൽക്കും. ഏഴ് വർഷത്തെ സേവനത്തിന് ശേഷം ജനപ്രിയ സോഷ്യൽ മീഡിയ ആപ്പിന്‍റെ തലപ്പത്ത് നിന്ന് വിൽ കാത്ത്‌കാർട്ട് പടിയിറങ്ങിതോടെയാണ് നേതൃമാറ്റം.

വില്ലിന് വാട്‌സ്‌ആപ്പിന്‍റെ മാതൃകമ്പനിയായ മെറ്റയുടെ ഉത്‌പന്നങ്ങളുടെ ചുമതല കൈമാറി. പ്രമുഖ ഫിനാൻഷ്യൽ ആപ്പായ ക്രെഡിന്‍റെ സിഇഒ ആയിരുന്നു കുനാൽ. മെറ്റയിൽ നിന്ന് 900 മില്യൺ ഡോളറിന്‍റെ നിക്ഷേപം നേടിയതിന് പിന്നാലെയാണ് ഇദ്ദേഹം വാട്‌സ്‌ആപ്പിന്‍റെ തലപ്പത്ത് എത്തുന്നത്.മെറ്റയുടെ ഏറ്റവും പ്രധാനപ്പെട്ട മേധാവികളിൽ ഒരാളാണ് വിൽ കാത്ത്‌കാർട്ട് എന്നും, സ്വകാര്യത സംരക്ഷിച്ച് കൊണ്ട് 3 ബില്യണിലധികം ആളുകളിലേക്ക് വാട്ട്‌സ്ആപ്പിനെ എത്തിക്കാൻ അദ്ദേഹം സഹായിച്ചുവെന്നും നേതൃമാറ്റ പ്രഖ്യാപനത്തിനിടെ മെറ്റ സിഇഒ മാർക്ക് സക്കർബർഗ് പറഞ്ഞു. എങ്കിലും അദ്ദേഹവുമായി തുടർന്നും പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്നും സക്കർബർഗ് കൂട്ടിച്ചേർത്തു.

"ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സാങ്കേതിക കമ്പനികളിൽ ഒന്നായി ക്രെഡിറ്റിനെ കുനാൽ വളർത്തിയെടുത്തു. അദ്ദേഹത്തിന്‍റെ പരിചയസമ്പത്ത് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് ആപ്പ് പ്രവർത്തിപ്പിക്കുന്നതിലും ഗുണം ചെയ്യുമെന്ന് കരുതുന്നു";സക്കർബർഗ് പോസ്റ്റിൽ കുറിച്ചു.

കുനാലുമായി ചേർന്ന് പ്രവർത്തിക്കാനും വാട്ട്‌സ്ആപ്പിനെ കോടിക്കണക്കിന് ഉപയോക്താക്കൾക്കും ദശലക്ഷക്കണക്കിന് ബിസിനസുകൾക്കും ഉള്ള ഏറ്റവും മികച്ച സേവനമാക്കി മാറ്റുന്നത് തുടരാനും ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പ്ലാറ്റ്‌ഫോമിനെ നയിച്ച ഏഴ് വർഷത്തിന് ശേഷം "പിന്നോട്ട് പോകാനുള്ള ശരിയായ നിമിഷം" ഇതാണെന്ന് താൻ വിശ്വസിക്കുന്നുവെന്ന് മറ്റൊരു എക്‌സ് പോസ്റ്റിൽ വിൽ കാത്ത്കാർട്ട് കുറിച്ചു. "ഗ്രൂപ്പ് ചാറ്റുകളിലേക്കും ലിങ്ക് ചെയ്യുന്ന ഉപകരണങ്ങളിലേക്കും ഉൾപ്പെടെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ കൊണ്ടുവരാനായി. ലോകമെമ്പാടുമുള്ള ആളുകൾക്ക് സ്വകാര്യ സംഭാഷണത്തിന് ഇടമുണ്ടാക്കി". തന്‍റെ സേവനത്തിൽ അഭിമാനിക്കുന്നതായും, എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് സന്ദേശമയയ്ക്കൽ മൂന്ന് ബില്യണിലധികം ആളുകളിലേക്ക് എത്തിക്കാൻ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

"ലോകത്തിന് മുമ്പാകെ ലളിതവും വിശ്വസനീയവും സ്വകാര്യവുമായ സന്ദേശമയയ്ക്കൽ എത്തിക്കുന്നതിന്‍റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്ന് പങ്കിടാൻ ആവേശമുണ്ടെന്നും" വിൽ കാത്ത്കാർട്ട് പറഞ്ഞു.

ക്രെഡിന്‍റെ ഓഹരി ഉടമയായി തുടരുമെന്ന് കുനാൽ

സിആർഇഡി തലപ്പത്ത് നിന്ന് താൻ പടിയിറങ്ങുകയാണെന്ന് വാട്ട്‌സ്ആപ്പിന്‍റെ പുതിയ തലവനായി നാമനിർദ്ദേശം ചെയ്യപ്പെട്ട കുനാൽ ഷാ എക്‌സ് പോസ്റ്റിൽ പങ്കിട്ടു.

"സിആർഇഡി അതിന്‍റെ അടുത്ത ഘട്ടത്തിന് തയ്യാറാണ്. ഞാൻ പിന്മാറുകയാണ്, മിറ്റൻ സമ്പത്ത് ഇടക്കാല സിഇഒ ആയി നിയമിതനാകുന്നു." 2020 മുതൽ കമ്പനിയുടെ തന്ത്രങ്ങളും സാമ്പത്തികവും സമ്പത്ത് കൈകാര്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓഹരി ഉടമയായി തുടരുമെന്നും കുനാൽ വ്യക്തമാക്കി. ക്രെഡിന്‍റെ പങ്കാളികൾക്കും റെഗുലേറ്റർമാർക്കും, നിക്ഷേപകർക്കും ഷാ പോസ്റ്റിൽ നന്ദി അറിയിച്ചു.

"വാട്ട്‌സ്ആപ്പിന്‍റെ യാത്രയിലെ അടുത്ത ഘട്ടത്തിനായി" മാർക്ക് ക്രിസിനോടും മെറ്റയുടെ നേതൃത്വത്തോടും ഒപ്പം പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും, പ്ലാറ്റ്‌ഫോമിനെ ഇന്നത്തെ നിലയിലേക്ക് ഉയർത്തിയതിന് കാത്ത്കാർട്ടിന് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.