കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെത്തി തിരുനടയിൽ വെള്ളി വാൾ സമർപ്പിച്ച് മുഖ്യമന്ത്രി വിജയ്

ബെംഗളൂരു: തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ് കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി തിരുനടയിൽ വെള്ളി വാൾ സമർപ്പിച്ചു. ഇന്ന് ഉച്ചയ്‌ക്ക് ശേഷം ക്ഷേത്രത്തിലെത്തിയ മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയോടെയായിരുന്നു ദർശനം. മംഗളൂരു വിമാനത്താവളത്തിൽ എത്തിയ വിജയ് അവിടെ നിന്ന് റോഡ് മാർഗം കൊല്ലൂരിലേക്കെത്തി. ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ക്ഷേത്ര ഭരണസമിതി ഭാരവാഹികളും പൂജാരിമാരും ചേർന്നാണ് സ്വീകരിച്ചത്.പിന്നീട് ക്ഷേത്രത്തിനുള്ളിൽ കയറി വിജയ് ദർശനം പൂർത്തിയാക്കി. മുഖ്യമന്ത്രിയുടെ സന്ദർശനത്തിൻ്റെ പശ്ചാത്തലത്തിൽ ക്ഷേത്ര ഭരണസമിതിയും ജില്ലാ ഭരണകൂടവും കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ക്ഷേത്രത്തിനുള്ളിലും പരിസരത്തും സുരക്ഷാ ആവശ്യങ്ങൾക്കായി കൂടുതൽ പൊലീസുകാരെ വിന്യസിച്ചു. ക്ഷേത്രത്തിനുള്ളിലും പരിസരത്തും പൊലീസ് പരിശോധന നടത്തി.നിരവധി ആരാധകരും ഭക്തരും അദ്ദേഹത്തെ കാണാൻ ക്ഷേത്ര പരിസരത്ത് തടിച്ചുകൂടിയിരുന്നു.
പ്രതിഷേധവുമായി കരവേ പ്രവർത്തകർ
കർണാടകയിലെ കരവേ (കർണാടക സംരക്ഷണ വേദികെ) പ്രവർത്തകർ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രം സന്ദർശിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ പ്രതിഷേധ പ്രകടനവുംമായി രംഗത്തെത്തി. മേക്കേദാട്ടു പദ്ധതിയുടെ വിഷയം ഉന്നയിച്ചാണ് രാവിലെ പ്രതിഷേധ പ്രകടനം നടത്തിയത്. പൊലീസിൻ്റെ സംയോജിത ഇടപെടലിലൂടെ പ്രവർത്തകരെ സ്ഥലത്ത് നിന്ന് നീക്കം ചെയ്‌തു. വിജയ് ക്ഷേത്രം സന്ദർശിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു സംഭവം.ഉഡുപ്പി ജില്ലയിലെ ഉദ്യാവര ബാലൈപാഡെ പ്രദേശത്ത് പ്രതിഷേധ പ്രകടനം നടത്താൻ പ്രവർത്തകർ തയ്യാറെടുക്കുമ്പോൾ മുൻകരുതൽ നടപടിയായി പൊലീസ് ഇടപെട്ടു. പ്രതിഷേധം ആരംഭിക്കുന്നതിന് മുമ്പുതന്നെ ഇരുപതിലധികം കരവേ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്ഥലത്ത് നിന്ന് കൊണ്ടുപോയി. ജോസഫ് വിജയ് എത്തുമ്പോൾ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സുരക്ഷാ കാരണങ്ങളാൽ ഉടൻ നടപടി സ്വീകരിച്ചതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു.കർണാടകയിലെ ഉഡുപ്പി ജില്ലയിൽ പശ്ചിമഘട്ടത്തിൻ്റെ പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന കൊല്ലൂർ മൂകാംബിക ക്ഷേത്രം ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളിലൊന്നാണ്. തമിഴ്‌നാട് മുൻ മുഖ്യമന്ത്രിമാരായ എംജിആർ, ജയലളിത തുടങ്ങിയവരും അധികാരം ഏറ്റെടുത്ത ശേഷം മൂകാംബികയുടെ അനുഗ്രഹം തേടി ഇവിടെ എത്തിയിട്ടുണ്ട്.