‘സമാധാനപരമായ പ്രതിഷേധം ഭരണഘടനാപരമായ അവകാശം, അതിൻ്റെ പേരിൽ ലാത്തിച്ചാർജ് നടത്താനാകില്ല’: സുപ്രീം കോടതി
ന്യൂഡൽഹി: സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന ഒന്നാണെന്നും സമരം നടത്തുന്നതുകൊണ്ടു മാത്രം പ്രതിഷേധക്കാർക്ക് നേരെ ലാത്തിച്ചാർജ് നടത്താൻ പോലീസിന് അവകാശമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ വിദ്യാർത്ഥികൾ ഡൽഹി ജന്തർ മന്തറിൽ നടത്തിയ ‘സൻസദ് ചലോ’ മാർച്ചിനിടെ പോലീസ് അമിത ബലപ്രയോഗവും കണ്ണീർവാതകവും ലാത്തിച്ചാർജ്ജും പ്രയോഗിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെയാണ് പരമോന്നത കോടതിയുടെ ഉത്തരവ്.പോലീസ് നടപടിയെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം വേണമെന്നും, സി.സി.ടി.വി ദൃശ്യങ്ങളും ബോഡി ക്യാമറ റെക്കോർഡിംഗുകളും സുരക്ഷിതമായി സൂക്ഷിക്കണമെന്നും പരിക്കേറ്റവർക്ക് നഷ്ടപരിഹാരം നൽകണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. അതേസമയം, പ്രതിഷേധത്തിനിടെ പോലീസുകാർക്ക് പരിക്കേറ്റ സംഭവവും കോടതിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. രാജ്യത്തുടനീളം ഇത്തരത്തിലുള്ള സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഏകീകൃത മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് പരിഗണിക്കുമെന്നും, പ്രതിഷേധത്തിനിടയിൽ പരിക്കേൽക്കുന്ന പോലീസുകാർക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ നൽകിയിരുന്നോ എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.