" 140, 1600 നമ്പർ സീരിസുകളിൽ നിന്നുള്ള കോളുകൾക്ക് സ്‌പാം ലേബൽ നൽകരുത്"

മുംബൈ : ടെലിമാർക്കറ്റിങ്, ബാങ്ക് സേവനദാതാക്കളിൽ നിന്നുള്ള കോളുകളിൽ സ്‌പാം ലേബലുകൾ പ്രദർശിപ്പിക്കുന്നത് ഒഴിവാക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദ്ദേശം. ട്രൂകോളർ ഉൾപ്പെടെയുള്ള കോളർ ഐഡന്‍റിഫിക്കേഷൻ ആപ്പുകൾക്കാണ് TRAI നിർദ്ദേശം നൽകിയത്. 140, 1600 നമ്പർ സീരിസുകളിൽ നിന്ന് വരുന്ന കോളുകളിൽ സ്‌പാം ലേബലുകൾ കാണിക്കുന്നത് അവശ്യ സേവനങ്ങളെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ നിർദ്ദേശം.ടെലിമാർക്കറ്റിങ് കോളുകൾക്കായാണ് 140 സീരീസിൽ തുടങ്ങുന്ന നമ്പറുകൾ ഉപയോഗിക്കുന്നത്. സമാനമായി 1600 സീരീസിൽ തുടങ്ങുന്ന നമ്പറുകൾ പേയ്‌മെന്‍റ് അലേർട്ടുകൾ, അക്കൗണ്ട് അപ്‌ഡേറ്റുകൾ തുടങ്ങിയ ബാങ്കിങ് സേവനങ്ങളുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങൾക്ക് ഉപയോഗിക്കുന്നു. കോളർ ഐഡന്‍റിഫിക്കേഷൻ ആപ്പുകൾ ഇത്തരം നമ്പറുകളിൽ നിന്ന് വരുന്ന കോളുകളെ സ്‌പാം (തട്ടിപ്പ് കോൾ) ആയി മുദ്ര കുത്തുന്നു. ഇത് അവശ്യ സേവനങ്ങളുമായി വരുന്ന യഥാർത്ഥ കോളുകൾ ബ്ലോക്ക് ചെയ്യുന്നതിന് കാരണമാകുന്നതായി ട്രായ് വാദിച്ചു.
ടെലികോം കൊമേഴ്‌സ്യൽ കമ്മ്യൂണിക്കേഷൻസ് കസ്റ്റമർ പ്രിഫറൻസ് റെഗുലേഷനുകളിൽ ട്രായ് 2025-ൽ വരുത്തിയ ഭേദഗതികൾ പ്രകാരം തേർഡ് പാർട്ടി കോൾ മാനേജ്‌മെന്‍റ് ആപ്പുകൾ മേൽപ്പറഞ്ഞ സീരിസുകളിൽ നിന്നുള്ള കോളുകൾ ബ്ലോക്ക് ചെയ്യുകയോ, സ്‌പാം ആയി മുദ്ര കുത്തുകയോ ചെയ്യരുതെന്ന് ട്രായ് നിർദ്ദേശിക്കുന്നു. ഉപയോക്താക്കൾ ഇത്തരം നമ്പറുകൾ സ്‌പാം ആയി റിപ്പോർട്ട് ചെയ്‌താൽ, ഈ ഡാറ്റ ഉപയോഗിക്കുന്ന തേർഡ് പാർട്ടി ആപ്പുകൾ ഇത്തരം കോളുകൾ മുഴുവനായും ബ്ലോക്ക് ചെയ്‌തേക്കാം. ഇത് സർക്കാരുമായി ബന്ധിപ്പിച്ച സേവനങ്ങളുടെയും രജിസ്റ്റർ ചെയ്ത ബിസിനസുകളുടെയും ആശയവിനിമയത്തെയും ബാധിച്ചേക്കാമെന്ന ആശങ്ക ട്രായ് മുന്നോട്ട് വെയ്‌ക്കുന്നു.
ട്രൂകോളറിന്‍റെ പ്രതികരണം
ടെലികോം അതോറിറ്റിയുടെ നിർദ്ദേശം പാലിക്കുന്നതായും, ഉപയോക്താക്കൾ തനിയെ റിപ്പോർട്ട് ചെയ്യുന്നതിനെ യഥാർത്ഥ കോളുകളാണെന്ന് മറ്റ് ഉപയോക്താക്കളെ അറിയിക്കാൻ ആപ്പിന് പരിമിതികളുണ്ടെന്നും ട്രൂകോളർ സിഇഒ റിഷിത് ജുൻജുൻവാല സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കിട്ട പോസ്റ്റിൽ പറയുന്നു. 140, 1600 സീരീസുകളിൽ നിന്ന് വരുന്ന 51 ദശലക്ഷത്തിലധികം കോളുകൾക്ക് പ്രതിദിനം മറുപടി ലഭിക്കുന്നില്ലെന്നും, അത്തരം കോളുകൾ സ്‌പാം ആയി ഒരു കൂട്ടം ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും അദ്ദേഹം വാദിച്ചു. ഇത് യഥാർത്ഥ കോൾ ആണെന്ന് ഉപയോക്താക്കളെ അറിയിക്കാൻ ട്രൂകോളറിന് അനുവാദമില്ലെന്നും റിഷിത് കൂട്ടിച്ചേർത്തു.കഴിഞ്ഞ എട്ട് മാസത്തിനിടെ 140 സീരീസിൽ തുടങ്ങുന്ന നമ്പറുകളിൽ നിന്നുള്ള 81 ശതമാനം കോളുകളും, 1600 സീരീസിൽ തുടങ്ങുന്ന നമ്പറുകളിൽ നിന്നുള്ള 79 ശതമാനം കോളുകളും ഉപയോക്താക്കൾ അവഗണിച്ചതായി ട്രൂകോളറിന്‍റെ ആന്തരിക ഡാറ്റ കാണിക്കുന്നതായി ടെക്ക്രഞ്ച് റിപ്പോർട്ട് ചെയ്യുന്നു. രണ്ട് നമ്പർ സീരീസുകളിൽ നിന്നുള്ള 74 ദശലക്ഷം കോളുകളാണ് ഉപയോക്താക്കൾ സ്വമേധയാ ബ്ലോക്ക് ചെയ്‌തത്. 1600 സീരീസിൽ തുടങ്ങുന്ന നമ്പറുകൾ ദൈനംദിനം ബ്ലോക്ക് ചെയ്യപ്പെടുന്നത് 2025 ഒക്ടോബർ മുതൽ മൂന്നിരട്ടിയായി വർധിച്ചതായും പറയപ്പെടുന്നു.
ഈ നമ്പറുകളെ ഉപയോക്താക്കൾക്ക് നേരിട്ട് സ്‌പാം ആയി റിപ്പോർട്ട് ചെയ്യാൻ കഴിയില്ല. എന്നാൽ ട്രൂകോളറിന്‍റെ "Frequently Blocked" ബാഡ്‌ജിന് കീഴിലാണ് നിയുക്ത സീരീസിൽ നിന്നുള്ള നമ്പറുകൾ ബ്ലോക്ക് ചെയ്യപ്പെട്ടത്. സ്‌പാം കോളുകൾ തടയുന്നതിനായി തയ്യാറാക്കിയ ഈ ഫീച്ചർ ഏതെങ്കിലും നമ്പറുകൾ ധാരാളം ആളുകൾ ബ്ലോക്ക് ചെയ്യുമ്പോൾ ഉപയോക്താക്കളെ അറിയിക്കാനും ഉപയോക്താക്കൾക്ക് സ്‌പാം ആയി അടയാളപ്പെടുത്താനും അവസരം നൽകുന്നു.
നേരിട്ട് നടപടിയെടുക്കാൻ അധികാരം തേടി ട്രായ്
കോളർ ഐഡന്‍റിഫിക്കേഷൻ ആപ്പുകൾ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്‍റെ ലൈസൻസുള്ള ടെലികോം ഓപ്പറേറ്റർമാരല്ല, മറിച്ച് ഐടി ആക്ടിന് കീഴിലുള്ള ഇടനിലക്കാരായി മാത്രമാണ് പ്രവർത്തിക്കുന്നത്. അതിനാൽ ഈ പ്ലാറ്റ്‌ഫോമുകൾക്കെതിരെ ട്രായ്ക്ക് നേരിട്ട് നടപടിയെടുക്കാൻ നിലവിൽ സാധ്യമല്ല. അതിനാൽ ട്രൂകോളർ, ഹിയ (Hiya), വോസ്‌കോൾ (Whoscall) തുടങ്ങിയ കോളർ ഐഡന്‍റിഫിക്കേഷൻ ആപ്പുകൾക്കെതിരെ നടപടിയെടുക്കാൻ നേരിട്ട് അധികാരം ലഭിക്കുന്ന ഐടി ആക്ടിന് കീഴിൽ ഒരു അംഗീകൃത ഏജൻസിയായി നിയമിക്കപ്പെടാൻ റെഗുലേറ്റർ ഇപ്പോൾ ശ്രമങ്ങൾ തുടരുകയാണ്.ടെലികോം ഓപ്പറേറ്റർമാരുടെ ഡു നോട്ട് ഡിസ്റ്റർബ് രജിസ്ട്രിയുമായി സ്പാം റിപ്പോർട്ടുകൾ പങ്കിടാൻ ഇത്തരം പ്ലാറ്റ്‌ഫോമുകൾ ആവശ്യപ്പെടണമെന്നും 140, 1600 സീരിസിൽ നിന്നുള്ള നമ്പറുകളിൽ നിന്നുള്ള കോളുകൾ ബ്ലോക്ക് ചെയ്യുന്നതിൽ നിന്നോ, സ്‌പാം ആയി ടാഗ് ചെയ്യുന്നതിൽ നിന്നോ അവരെ വിലക്കണമെന്നും മീഡിയനാമ അഭിപ്രായപ്പെടുന്നു. ഐടി ആക്ടിലെയും ഐടി നിയമങ്ങളിലെയും വ്യവസ്ഥകൾ പാലിക്കാത്ത ഇടനിലക്കാർക്കെതിരെ നടപടിയെടുക്കാൻ റെഗുലേറ്ററെ അനുവദിക്കണമെന്നും ട്രായ് നിർദ്ദേശിച്ചിട്ടുണ്ട്. ആവർത്തിച്ചുള്ള ലംഘനങ്ങൾ സെക്ഷൻ 79 പ്രകാരമുള്ള ആനുകൂല്യങ്ങൾ നഷ്‌ട്ടപ്പെടാൻ ഇടയാക്കുമെന്നും കരട് നിർദ്ദേശിക്കുന്നു.
140, 1600 സീരിസിലെ നമ്പറുകളുടെ ഉപയോഗം
അജ്ഞാത നമ്പറുകളിൽ നിന്ന് ഉപയോക്താക്കൾക്ക് ലഭിക്കുന്ന വാണിജ്യ കോളിന്‍റെ ഉദ്ദേശം തൽക്ഷണം തിരിച്ചറിയാൻ സഹായിക്കുന്നതിനാണ് TRAI കോളുകൾക്ക് 140, 1600 പോലുള്ള പ്രത്യേക നമ്പറുകൾ ആദ്യം നൽകുന്നത്. ടെലിമാർക്കറ്റിങ് കോളുകൾക്കാണ് 140 സീരീസിൽ ആരംഭിക്കുന്ന നമ്പറുകൾ ലഭിക്കുന്നത്. അതേസമയം 1600 സീരീസിൽ ആരംഭിക്കുന്ന നമ്പറുകൾ ലഭിക്കുന്നത് ബാങ്കുകളിൽ നിന്നും ധനകാര്യ കമ്പനികളിൽ നിന്നുമുള്ള സേവന കോളുകൾക്കാണ്.ബാങ്കുകൾ, ബാങ്കിങ് ഇതര ധനകാര്യ കമ്പനികൾ, മ്യൂച്വൽ ഫണ്ടുകൾ, ഇൻഷുറൻസ് കമ്പനികൾ എന്നിവയ്ക്ക് ഈ നമ്പറുകളിലേക്ക് മാറാൻ 2026ന്‍റെ തുടക്കം വരെ സർക്കാർ കർശനമായ സമയപരിധി നൽകിയിരുന്നു. 2025 ഫെബ്രുവരിയിലാണ് ഇതിനുള്ള നിയമങ്ങൾ അന്തിമമാക്കിയത്.