30 കോടിയുടെ ഹെറോയിന്‍ സോപ്പ് പെട്ടിയില്‍ : വിമാനത്താവളത്തില്‍ യുവാവ് പിടിയില്‍

ഗാന്ധിനഗർ: അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 30 കോടിയിലധികം വിലമതിക്കുന്ന ഹെറോയിൻ പിടികൂടി. സോപ്പ് ബോക്‌സുകളിൽ ഒളിപ്പിച്ച നിലയില്‍ കടത്താൻ ശ്രമിച്ച ഹെറോയിനാണ് പിടികൂടിയത്. മലേഷ്യയിൽ നിന്ന് അഹമ്മദാബാദിലെത്തിയ ഒരു യാത്രക്കാരനിൽ നിന്നാണ് 6.8 കിലോഗ്രാം ഹെറോയിൻ കസ്റ്റംസ് വകുപ്പ് പിടിച്ചെടുത്തത്.
ഇന്നലെയാണ് സംഭവം. പതിവ് പരിശോധനയ്ക്കിടെയാണ് യാത്രക്കാരൻ്റെ ലഗേജിൽ സംശയാസ്‌പദമായ നിലയില്‍ ഹെറോയിന്‍ കണ്ടെടുത്തതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 29 പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലാണ് ഹെറോയിന്‍ കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേര്‍ത്തു. വിമാനത്താവള സ്ക്രീനിങ് മെഷീനുകളില്‍ പെടാതിരിക്കാന്‍ സിൽവർ ഫോയിലും കാർബൺ പേപ്പറും ഉപയോഗിച്ചാണ് സോപ്പ് പെട്ടികള്‍ പൊതിഞ്ഞത്. എന്നാല്‍ പരിശോധനയ്‌ക്കിടെ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നുകയായിരുന്നു.ഉടന്‍ യാത്രക്കാരനെ കസ്റ്റംസ് വകുപ്പ് അറസ്റ്റ് ചെയ്‌തു. കസ്റ്റംസ് ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് ഹാജരാക്കി. ഹെറോയിന്‍റെ ഉറവിടം, അത് ആർക്കാണ് എത്തിക്കേണ്ടിയിരുന്നത്, ഇതിൽ ഉൾപ്പെട്ട മറ്റ് വ്യക്തികൾ എന്നിവയെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പിടിച്ചെടുത്ത 6.8 കിലോഗ്രാം ഹെറോയിന് അന്താരാഷ്ട്ര വിപണിയിൽ 30 കോടിയിലധികം രൂപ വിലയുണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.