കരൂർ ദുരന്തം: വിജയ്‌ക്കെതിരായ ഹർജി സുപ്രീം കോടതി ഇന്ന് അടിയന്തരമായി പരിഗണിക്കും

ന്യൂഡൽഹി: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, മന്ത്രി ആദവ് അർജുന എന്നിവരുൾപ്പെടെയുള്ള ഭരണകക്ഷിയായ തമിഴക വെട്രി കഴകം നേതാക്കളെ പരസ്യ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് അടിയന്തരമായി പരിഗണിക്കും. കേസിലെ നിർണായക സാക്ഷികളെ സ്വാധീനിക്കാനും രാഷ്ട്രീയ എതിരാളികൾക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കാനും ടി.വി.കെ നേതാക്കൾ തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഡി.എം.കെ കോടതിയെ സമീപിച്ചത്.ജസ്റ്റിസുമാരായ അഹ്സാനുള്ള അമാനുല്ല, ഷീൽ നാഗു എന്നിവരടങ്ങിയ സുപ്രീം കോടതി അവധിക്കാല ബെഞ്ചിന് മുന്നാകെയാണ് ഡി.എം.കെ സംഘടനാ സെക്രട്ടറി ആർ.എസ്. ഭാരതിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹുസേഫ അഹമ്മദി വിഷയം അടിയന്തരമായി ഉന്നയിച്ചത്. ഹർജിയിലെ ഗൗരവം കണക്കിലെടുത്ത് ചൊവ്വാഴ്ച തന്നെ ഇതിൽ വിശദമായ വാദം കേൾക്കാമെന്ന് കോടതി സമ്മതിക്കുകയായിരുന്നു.
കേസ് അട്ടിമറിക്കാൻ ഭരണകക്ഷി ശ്രമിക്കുന്നുവെന്നാണ് ഡി.എം.കെ പ്രധാനമായും ആരോപിക്കുന്നത്. തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഡി.എം.കെയും വിജയ്‌യുടെ ടി.വി.കെയും തമ്മിലുള്ള പോര് കടുക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ ഈ അടിയന്തര ഇടപെടൽ എന്നത് ഏറെ ശ്രദ്ധേയമാണ്.