കരൂർ ദുരന്തം: ഡിഎംകെ സമർപ്പിച്ച ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: കരൂർ ദുരന്തത്തിൽ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടവുമായി ബന്ധപ്പെട്ട കേസിൽ, സാക്ഷികളെ സ്വാധീനിക്കാൻ ടിവികെ അംഗങ്ങൾ ശ്രമിച്ചുവെന്നാരോപിച്ച്, ഡിഎംകെ ഓർഗനൈസിങ് സെക്രട്ടറി ആർഎസ് ഭാരതി സമർപ്പിച്ച ഹർജി തള്ളി സുപ്രീം കോടതി. ജസ്റ്റിസുമാരായ കെ വി വിശ്വനാഥൻ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് നടപടി.
ഹർജി തള്ളിയതിന് പിന്നാലെ ഹർജിക്കാരന് അപേക്ഷ പിൻവലിക്കാൻ അനുമതി നൽകുകയും നിയമപരമായി മറ്റ് പരിഹാര മാർഗങ്ങൾ തേടുന്നതിനുള്ള സ്വാതന്ത്ര്യം കോടതി അനുവദിക്കുകയും ചെയ്തു. ഹർജിക്കാരന് വേണ്ടി മുതിർന്ന അഭിഭാഷകൻ ശ്രീ രഞ്ചിത്ത് കുമാറാണ് കേസ് വാദിച്ചത്. തുടർന്ന് ലഭ്യമായേക്കാവുന്ന മറ്റ് പരിഹാര മാർഗങ്ങൾ തേടുന്നതിനായി ഈ ഹർജിയിൽ നിന്ന് പിന്മാറുന്നതായി അദ്ദേഹം പറഞ്ഞു.
കോടതിയിൽ വാദം കേൾക്കവെ ഡിഎംകെ നേതാവ് സമർപ്പിച്ച ഹർജിയിൽ കോടതി ചോദ്യങ്ങൾ ഉന്നയിച്ചു. ആളുകൾ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണം ഇതിനകം തന്നെ സിബിഐയ്ക്ക് കൈമാറിയിക്കെ, പൊതുപ്രസ്താവനകളിലും മറ്റ് നടപടികളിലും നിയന്ത്രണം ആവശ്യപ്പെട്ടുകൊണ്ട് ഒരു രാഷ്ട്രീയ നേതാവ് സമർപ്പിച്ച ഹർജി എങ്ങനെ പരിഗണിക്കാനാകുമെന്ന് കോടതി ആരാഞ്ഞു.എന്നാൽ അന്വേഷണം സിബിഐക്ക് കൈമാറിയതിന് ശേഷം പ്രതികൾ പല കഥകളും മെനയുകയാണെന്നാണ് ഭാരതിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വാദിച്ചത്. ഇരകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനോട് അപേക്ഷകന് എതിർപ്പില്ലായിരുന്നെന്നും, എന്നാൽ പ്രതികൾ നേരിട്ട് അത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നതിനെ അദ്ദേഹം എതിർത്തുവെന്നും അഭിഭാഷകൻ പറഞ്ഞു.വിഷയം സിബിഐയ്ക്ക് കൈമാറിയപ്പോൾ പ്രതികൾ പ്രത്യേകമായി പ്രചാരണങ്ങൾ കെട്ടിച്ചമയ്ക്കാൻ ശ്രമിച്ചു. ഒന്നാമതായി അവർ നഷ്ടപരിഹാരം നൽകാൻ ശ്രമിക്കുകയാണ്. ഞങ്ങൾ അതിന് എതിരല്ല. എന്നാൽ കേസിൽ കുറ്റാരോപിതരായ വ്യക്തികൾ അതിന് നേരിട്ട് ശ്രമിക്കരുത്. നഷ്ടപരിഹാരം നൽകുന്നതിനെപ്പറ്റി അവർ ഇതിനോടകം പത്രങ്ങളിൽ പോലും പ്രസ്താവനകൾ നടത്തുകയാണെന്നും അഭിഭാഷകൻ വാദിച്ചു.
തുടർന്ന് മുഖ്യമന്ത്രിയുടെ പൊതുപരിപാടികളും പ്രസ്താവനകളും സുപ്രീം കോടതി നിയന്ത്രിക്കണമെന്നാണോ ഹർജിക്കാരൻ ആഗ്രഹിക്കുന്നത് എന്ന് കോടതി ചോദിച്ചു. മുഖ്യമന്ത്രിയുടെ സന്ദേശം സൂപ്രീം കോടതി തയ്യാറാക്കണമെന്നാണോ ആഗ്രഹിക്കുന്നതെന്നും സന്ദർശന പരിപാടികൾ കോടതി നിശ്ചയിക്കണമെന്നാണോ എന്നും ചോദിച്ചു. സിബിഐ അന്വേഷണത്തിന് കോടതി ഇതിനകം ഉത്തരവിട്ട ഒരു വിഷയത്തിൽ, ഒരു രാഷ്ട്രീയ നേതാവിന് എങ്ങനെ കക്ഷിചേരാൻ ആവശ്യപ്പെടാനും, തുടർന്ന് പൊതുപ്രസ്താവനകളെയും ഭരണപരമായ നടപടികളെയും നിയന്ത്രിക്കുന്നതിനുള്ള നിർദേശങ്ങൾക്കായി അഭ്യർഥിക്കാനും കഴിയുമെന്ന് കോടതി ആവർത്തിച്ചു.
കോടതിയെ രാഷ്ട്രീയ വേദിയാക്കാൻ അനുവദിക്കില്ലെന്ന് താക്കീത്
പരിക്കേറ്റവർക്ക് 10 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ച കാര്യം കോടതി പരാമർശിച്ചു. ഇരകളെക്കുറിച്ച് മുഖ്യമന്ത്രി വിജയ് നടത്തിയ പരാമർശങ്ങൾ മാത്രം സാക്ഷികളെ സ്വാധീനിക്കുന്നതിന് എങ്ങനെ കാരണമാകും. പരിക്കേറ്റ 42 പേർക്ക് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ഇന്ന് മുഖ്യമന്ത്രി ഇരകളെക്കുറിച്ച് എന്തെങ്കിലും പരാമർശങ്ങൾ നടത്തിയാൽ അത് ഇരകളെ എങ്ങനെ സ്വാധീനിക്കും. ഈ കേസിൽ മുഖ്യമന്ത്രി പ്രതിയല്ലെന്ന കാര്യവും കോടതി പ്രത്യേകം എടുത്തുപറഞ്ഞു. തുടർന്ന് കോടതിയെ ഒരു രാഷ്ട്രീയ വേദിയാക്കി മാറ്റുന്നത് അനുവദിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.