NEET UG 2026 പുനഃപരീക്ഷ: വിദ്യാർഥികൾക്ക് NTA 15 മിനിറ്റ് അധിക സമയം നൽകുമെന്ന് ധർമ്മേന്ദ്ര പ്രധാൻ

ഭോപാൽ: നീറ്റ് പുനഃപരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് 15 മിനിറ്റ് അധിക സമയം അനുവദിക്കാൻ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) തീരുമാനിച്ചതായി കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. ജൂൺ 21ന് നിശ്ചയിച്ചിരിക്കുന്ന പരീക്ഷ വളരെ ചിട്ടയായ രീതിയിൽ സുഗമമായി നടത്തുമെന്ന് അദ്ദേഹം വിദ്യാർഥികൾക്ക് ഉറപ്പുനൽകി.ഭോപാലിലെ രാജാ ഭോജ് വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നീറ്റ് പരീക്ഷ ജൂൺ 21ന് വീണ്ടും നടക്കുമെന്നും സർക്കാരിൽ വിശ്വാസമർപ്പിച്ച് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം വിദ്യാർഥികളോട് അഭ്യർഥിച്ചു. വളരെ ചിട്ടയായ രീതിയിലാകും പരീക്ഷ നടക്കുകയെന്നും ഇതിനായി സമൂഹത്തിൻ്റെ പൂർണ സഹകരണം ആവശ്യമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
നേരത്തെ, കാബിനറ്റ് സെക്രട്ടറി ടി വി സോമനാഥൻ എൻടിഎ ഡയറക്ടർ ജനറലുമായി നടത്തിയ കൂടിക്കാഴ്ചയിൽ നീറ്റ് പുനഃപരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു. എല്ലാവരുമായുള്ള ഏകോപനത്തിലൂടെ പുനഃപരീക്ഷ സുഗമവും സുതാര്യവും സുരക്ഷിതവുമായി നടത്തേണ്ടതിൻ്റെ ആവശ്യകത അവലോകന യോഗത്തിൽ കാബിനറ്റ് സെക്രട്ടറി ഊന്നിപ്പറഞ്ഞു. വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക അറിയിപ്പ് പ്രകാരം ജൂൺ 21നാണ് നീറ്റ് പുനഃപരീക്ഷ നടക്കുന്നത്.നീറ്റ് പുനഃപരീക്ഷ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും ജില്ല ഭരണകൂടങ്ങളും ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് കാബിനറ്റ് സെക്രട്ടറി വ്യക്തമാക്കി. പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനെയോ അതിൻ്റെ വിശ്വാസ്യതയെയോ ഏതെങ്കിലും തരത്തിൽ വളച്ചൊടിക്കാനോ തടസപ്പെടുത്താനോ കൃത്രിമം കാണിക്കാനോ ശ്രമിക്കുന്ന ഏതൊരാൾക്കെതിരെയും നിയമത്തിൻ്റെ പൂർണമായ പ്രഹരമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
2026 ജൂൺ ഒന്നിന് കേന്ദ്ര സർക്കാർ സെക്രട്ടറിമാരുമായും ബന്ധപ്പെട്ട ഏജൻസികളുമായും ടി വി സോമനാഥൻ ക്രമീകരണങ്ങൾ അവലോകനം ചെയ്തിരുന്നു. ഇതിന് പിന്നാലെ, ഒരുക്കങ്ങളും ക്രമീകരണങ്ങളുടെ പുരോഗതിയും വിലയിരുത്തുന്നതിനായി ജൂൺ നാലിന് സംസ്ഥാന സർക്കാരുകളിലെ ചീഫ് സെക്രട്ടറിമാരുമായും അദ്ദേഹം അവലോകന യോഗം ചേർന്നു. ഫലപ്രദമായ ഏകോപനം ഉറപ്പാക്കുക, മുന്നൊരുക്കങ്ങൾ ശക്തിപ്പെടുത്തുക, നീറ്റ് പുനഃപരീക്ഷാ പ്രക്രിയയുടെ സമഗ്രതയും വിശ്വാസ്യതയും നിലനിർത്തുക എന്നിവ ലക്ഷ്യമിട്ടാണ് ഈ യോഗങ്ങൾ സംഘടിപ്പിച്ചത്.
അന്യേഷണവും പ്രതിഷേധവും തുടരുന്നു
ചോദ്യപേപ്പർ ചോർച്ചയും ഭരണപരമായ വീഴ്ചകളും സംബന്ധിച്ച ആരോപണങ്ങളെ തുടർന്നാണ് നീറ്റ്-യുജി 2026 പരീക്ഷ ജൂൺ 21ലേക്ക് മാറ്റിവച്ചത്. സംഭവത്തിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അന്വേഷണം തുടരുകയാണ്. ഇതിനകം തന്നെ അന്വേഷണ സംഘം ഒന്നിലധികം അറസ്റ്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങൾ കൂടുതൽ ശക്തമായി തുടരുകയാണ്.
ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമായതിനാൽ അതീവ ജാഗ്രതയോടെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും എൻടിഎയും കാര്യങ്ങൾ നീക്കുന്നത്. മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിലെ ക്രമക്കേടുകൾ ദേശീയ തലത്തിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന സൂചന.