ആർഎസ്‌എസ് കാര്യാലയത്തിനുനേരെ പെട്രോൾ ബോംബ് ആക്രമണം; പാക് ബന്ധമെന്ന് പൊലീസ്

ആർഎസ്‌എസ് കാര്യാലയത്തിനുനേരെ  പെട്രോൾ ബോംബ് ആക്രമണം; പാക് ബന്ധമെന്ന് പൊലീസ്

റാഞ്ചി:  ആർഎസ്‌എസ് ഓഫിസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ കേസിൽ മൂന്ന് പേർ അറസ്‌റ്റിൽ. പ്രതികൾക്ക് പാകിസ്‌താനുമായി ഭീകര ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. രണ്ട് ദിവസങ്ങളിലായിട്ടാണ് പ്രതികളെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. പ്രതികളിൽ ഒരാളായ സെയ്‌ഫ് അൻസാരി എന്ന രോഹിത്തിനെ ഇന്നാണ് അറസ്‌റ്റ് ചെയ്‌തത്. പൊലീസ് കസ്‌റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ ഏറ്റുമുട്ടലിൽ സെയ്‌ഫ് അൻസാരിയുടെ കാലിന് വെടിയേൽക്കുകയും ചെയ്‌തതായി പൊലീസ് പറഞ്ഞു.അന്വേഷണത്തിൻ്റെ ഭാഗമായി ലോഹർദാഗ ജില്ലയിൽ നിന്ന്  രണ്ട് പ്രതികളെ നേരത്തെ പിടികൂടിയിരുന്നു. ഇവർ ഉപയോഗിച്ച ഒരു കാറും പൊലീസ് പിടിച്ചെടുത്തു. തുടർന്ന് അടുത്ത ദിവസം ഒരു പ്രതിയെക്കൂടി അറസ്‌റ്റ് ചെയ്‌തതായി പൊലീസ് വ്യക്തമാക്കി.ഇതുവരെ മൂന്ന് പ്രതികളെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. റാഞ്ചിയിലെ കോട്‌വാലി പൊലീസ് സ്‌റ്റേഷനിൽ ചോദ്യം ചെയ്യുന്നതിനിടെ പ്രതികളിൽ ഒരാൾ പൊലീസ് കസ്‌റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. പൊലീസുമായുള്ള ഏറ്റമുട്ടലിന് ശേഷം റാഞ്ചിയിലെ ചാൻഹോ പ്രദേശത്ത് നിന്ന് പ്രതിയെ പിന്നീട് അറസ്‌റ്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ കാലിനാണ് വെടിയേറ്റത്. നിലവിൽ പ്രതികളുടെ ചോദ്യം ചെയ്യൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പ്രതികൾക്ക് ഐഎസ്ഐയുമായോ ടിടിഎച്ചുമായോ തീവ്രവാദ ബന്ധമുണ്ടെന്നാണ് നിലവിൽ സംശയിക്കുന്നത്. അന്വേഷണം അവസാനിച്ച ശേഷം വിശദാംശങ്ങൾ പങ്കുവെക്കുമെന്ന് ഡിഎസ്‌പി പറഞ്ഞു.