നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി

ഗാന്ധിനഗർ: ഗുജറാത്തിലെ ആനന്ദിൽ നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പൊലീസ് വെടിയേറ്റു മരിച്ചു. തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സുരേഷ് വിഠൽ പർമാറാണ് കൊല്ലപ്പെട്ടത്. പ്രതിയുടെ ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്.
ബോർസദ് ഗ്രാമീണ പൊലീസ് പിടികൂടിയ പ്രതിയെ കൂടുതൽ അന്വേഷണങ്ങൾക്കായി ആനന്ദ് ലോക്കൽ ക്രൈംബ്രാഞ്ചിന് (എൽസിബി) കൈമാറിയിരുന്നു. തുടർന്ന് രാത്രിയോടെ കുറ്റകൃത്യം പുനരാവിഷ്കരിക്കുന്നതിനായി ബോർസദിൽ നിന്ന് വാസദിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. കൻതാരിയ, അസോദർ എന്നീ ഗ്രാമങ്ങൾക്ക് ഇടയിൽ വച്ച് പ്രതിക്ക് ഛർദിക്കാൻ തോന്നുന്നുവെന്ന് പറഞ്ഞതിനെ തുടർന്ന് പൊലീസ് വാഹനം റോഡരികിൽ നിർത്തി. വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ പ്രതി തൻ്റെ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കുകയായിരുന്നു.ആക്രമണത്തിൽ കോൺസ്റ്റബിൾമാരായ രാജ്വീർ സിങ്, മഹിപാൽ സിങ് എന്നിവർക്ക് പരിക്കേറ്റു. സംഭവസ്ഥലത്തുണ്ടായിരുന്ന എൽസിബി പിഎസ്ഐ റാണ കീഴടങ്ങാൻ പലതവണ മുന്നറിയിപ്പ് നൽകിയെങ്കിലും പ്രതി ആക്രമണം തുടരുകയായിരുന്നു. ഇതോടെ സ്വയരക്ഷയ്ക്കും ക്രമസമാധാനം നിലനിർത്തുന്നതിനുമായി പൊലീസ് വെടിയുതിർത്തു. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ സുരേഷ് വിഠൽ പർമാറിനെയും പരിക്കേറ്റ പൊലീസുകാരെയും ഉടൻ തന്നെ കരംസദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിലിരിക്കെ പ്രതി മരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസിൻ്റെ ഭാഗത്തുനിന്നുണ്ടായ നടപടിയെക്കുറിച്ച് നിയമപ്രകാരം അന്വേഷണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
നാടിനെ നടുക്കിയ കൊലപാതകം
ഇന്നലെയാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം നടന്നത്. വാസദ് റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് സമീപം കുടുംബത്തോടൊപ്പം ഉറങ്ങുകയായിരുന്ന നാലുവയസ്സുകാരിയെ ഇരുട്ടിൻ്റെ മറവിൽ സുരേഷ് വിഠൽ പർമാർ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പെൺകുട്ടിയെ എടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവി കാമറയിൽ വ്യക്തമായി പതിഞ്ഞിരുന്നു. തുടർന്ന് കുട്ടിയെ റെയിൽവേ ട്രാക്കിലേക്ക് വലിച്ചെറിയുകയും, രാത്രിയിൽ ട്രെയിൻ കയറി ദാരുണമായി മരിക്കുകയുമായിരുന്നു. കുട്ടിയുടെ വസ്ത്രങ്ങൾ സംഭവസ്ഥലത്തിന് സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു.
വിവരമറിഞ്ഞയുടൻ വാസദ് പൊലീസും റെയിൽവേ പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് ബോച്ചാസൺ ഗ്രാമത്തിൽ നിന്ന് മണിക്കൂറുകൾക്കകം പ്രതിയെ പൊലീസ് പിടികൂടിയത്. പ്രതിയെ പിടികൂടിയതിന് പിന്നാലെയാണ് നാടകീയമായ സംഭവവികാസങ്ങൾ ഉണ്ടായത്. പിഞ്ചുകുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവം ഗുജറാത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. പ്രതിക്ക് അർഹിച്ച ശിക്ഷ തന്നെയാണ് ലഭിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.