മഴ ദുരന്തം; ആശുപത്രി മതിൽ തകർന്നുവീണ് മൂന്ന് മലയാളികളടക്കം ഏഴുപേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: ഇന്ന് വൈകിട്ട് നഗരത്തിൽ ആഞ്ഞടിച്ച കാറ്റിലും മഴയിലും ശിവാജി നഗറിലെ ബൗറിങ് ആശുപത്രിയുടെ ചുറ്റുമതിൽ തകർന്ന് 2 മലയാളികളടക്കം ഏഴുപേർ മരിച്ചു. രണ്ട് കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. പരിക്കേറ്റ നിരവധിപ്പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.കേരളത്തിൽ നിന്നുമെത്തിയ കുടുംബശ്രീ സംഘത്തിലെ രണ്ടു അംഗങ്ങള്‍ക്കാണ് ജീവന്‍ നഷ്ടമായത്. എറണാകുളം രാമമംഗലം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ സാധനങ്ങൾ വാങ്ങുന്നതിനായാണ് കുടുംബശ്രീ സംഘത്തിലെ അഞ്ചുപേര്‍ ശിവാജി നഗറില്‍ എത്തിയത്.മതിലിന് താഴെ ഒരു ടാര്‍പോളിന്‍ ഷീറ്റ് കെട്ടിയിരുന്നു. ഇതിന് താഴെ നിന്നിരുന്ന അഞ്ചുമലയാളികളാണ് അപകടത്തില്‍പ്പെട്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പരിക്കേറ്റ മൂന്ന് സ്ത്രീകള്‍ തൊട്ടടുത്തുള്ള ആശുപത്രിയില്‍ ചികിത്സയിലാണ്. മഴ കനത്തതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ ഗതാഗക്കുരുക്ക് ആണ് അനുഭവപ്പെടുന്നത്.
നഗരത്തിലെ തിരക്കേറിയ പ്രദേശത്താണ് അപകടമുണ്ടായത്. ബൗറിങ് ആശുപത്രിയുടെ വർഷങ്ങൾ പഴക്കമുള്ള മതിലാണ് പെട്ടെന്നുണ്ടായ കാറ്റിലും മഴയിലും ഇടിഞ്ഞത്. ഇവിടെ റോഡരികിൽ കാലങ്ങളായി കച്ചവടം നടത്തുന്ന തെരുവ് വ്യാപാരികളും കാൽനടയാത്രക്കാരുമാണ് അപകടത്തിൽപ്പെട്ടത്.മഴ ശക്തമായതോടെ കച്ചവടക്കാരും യാത്രക്കാരും പഴയ മതിലിന് സമീപം വലിച്ചുകെട്ടിയ ടാർപോളിൻ ഷീറ്റിനടിയിൽ മഴമാറാൻ കാത്തുനിൽക്കുകയായിരുന്നു. കാറ്റും മഴയും അപ്രതീക്ഷിതമായി കൂടിയതോടെ കൂടുതൽ ആളുകൾ ഇവിടേക്ക് ഓടിക്കയറി. നിമിഷങ്ങൾക്കകം ആശുപത്രിയുടെ മതിൽ ഒന്നിച്ച് ഇവർക്ക് മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി.ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും വാഹനയാത്രക്കാരും ചേർന്നാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. മതിലിൻ്റെ വലിയ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ അതിസാഹസികമായി ഇവർ പുറത്തെടുത്തു. വിവരമറിഞ്ഞ് കൂടുതൽ രക്ഷാപ്രവർത്തക യൂണിറ്റുകൾ സ്ഥലത്തെത്തി ബാക്കിയുള്ളവരെയും പുറത്തെത്തിച്ചു. ദുരന്തത്തിനിരയായവരുടെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. തിരക്കേറിയ സമയമായതിനാൽ അപകടസ്ഥലത്ത് കൂടുതൽപേർ ഉണ്ടായിരുന്നതായി സംശയമുണ്ട്. ഇതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന ആശങ്ക അധികൃതർ പങ്കുവയ്ക്കുന്നു.
നഗരത്തിൽ വ്യാപക നാശം
നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തിമിർത്തുപെയ്ത മഴയിൽ വ്യാപകമായ നാശമാണ് റിപ്പോർട്ട് ചെയ്തത്. ശക്തമായ കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകി. മരം വീണതിനെത്തുടർന്ന് ശേഷാദ്രിപുരം മല്ലേശ്വരം റോഡ് അധികൃതർ താത്കാലികമായി അടച്ചു. ഇവിടുത്തെ ഗതാഗതം പിന്നീട് മറ്റ് ഭാഗങ്ങളിലൂടെ വഴിതിരിച്ചുവിട്ടു. ചുഴലിക്കാറ്റിന് സമാനമായി ആഞ്ഞടിച്ച കാറ്റിൽ പലയിടത്തും വലിയ നാശനഷ്ടങ്ങളുണ്ടായി.ഗൊരഗുണ്ടേപാളയയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനുമുകളിലേക്ക് വലിയ മരം വീണ് കേടുപാടുണ്ടായി. വാഹനത്തിൽ ആളില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. ഇതിന് സമാനമായ സംഭവം ശിവാനന്ദ സർക്കിളിലുമുണ്ടായി. വാഹനങ്ങൾ സ്ഥിരമായി പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് കൂറ്റൻ മരം വീണ് മൂന്ന് കാറുകൾക്കും നാല് ബൈക്കുകൾക്കും കേടുപാടുണ്ടായി. നഗരത്തിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി 36 ഡിഗ്രി സെൽഷ്യസിലായിരുന്നു താപനില. ഇതിൽ നിന്നാണ് പെട്ടെന്ന് വലിയ മാറ്റമുണ്ടായി കനത്ത മഴ പെയ്തത്.

അഞ്ചുലക്ഷം ധനസഹായം
വിവരമറിഞ്ഞയുടൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അപകടസ്ഥലം സന്ദർശിച്ചു. മുൻ ഒരുക്കങ്ങളില്ലാതെ പെട്ടെന്ന് മഴ പെയ്തതാണ് നാശനഷ്ടങ്ങൾ കൂടാൻ കാരണമായത്. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി അഞ്ചുലക്ഷം രൂപ വീതം പ്രാഥമിക ധനസഹായം പ്രഖ്യാപിച്ചു.നാടിനെ നടുക്കിയ ദുരന്തത്തിൽ വിശദമായ അന്വേഷണം നടത്താനും മുഖ്യമന്ത്രി ഉത്തരവിട്ടു. ബെംഗളൂരു പൊലീസ് കമ്മിഷണർ സീമന്ത് കുമാർ സിങ് അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തുകയും പൊലീസിന് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു. അപകടത്തെത്തുടർന്ന് ശിവാജി നഗർ ഭാഗത്ത് വലിയ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.