സോനം വാങ്ചുകിന്റെ നിരാഹാരസമരം 9-ാം ദിവസത്തിലേക്ക്; ആരോഗ്യനില അതീവ ഗുരുതരം

ന്യുഡൽഹി :കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക് ഡൽഹിയിൽ നടത്തുന്ന നിരാഹാര സമരം ഒമ്പതാം ദിവസത്തിലേക്ക് . ഡൽഹിയിലെ കടുത്ത ചൂടിൽ തുടരുന്ന സമരം സോനം വാങ്ചുകിൻ്റെ ആരോഗ്യത്തെ സാരമായി ബാധിച്ചിരിക്കുകയാണ് . ശരീരഭാരം ആറ് കിലോയോളം കുറയുകയും രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഗണ്യമായ കുറവുണ്ടാകുകയും ചെയ്തിട്ടുണ്ട്. ആരോഗ്യനില വഷളായിട്ടും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് അദ്ദേഹം.
സോനം വാങ്ചുകിനൊപ്പം നിരാഹാരത്തിൽ പങ്കെടുത്ത ജെ.എൻ.യു.എസ്.യുജോയിന്റ് സെക്രട്ടറി ഡാനിഷ് അലി ഉൾപ്പെടെയുള്ള അഞ്ച് വിദ്യാർത്ഥികളെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആർ.എം.എൽ ആശുപത്രിയിലേക്ക് മാറ്റി. പ്രതിഷേധം കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ച സി.ജെ.പി വരും ദിവസങ്ങളിൽ ജന്തർ മന്തറിലെ സമരം രാജ്യത്തെ വിവിധ ക്യാമ്പസുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് അറിയിച്ചു.വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്നും വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണമെന്നും ആവശ്യപ്പെട്ട് സി.ജെ.പി പ്രധാനമന്ത്രിക്ക് തുറന്ന കത്തയച്ചിരുന്നു. ഇതിനിടെ, സംയുക്ത കിസാൻ മോർച്ചയും സി.ജെ.പിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച സമരപ്പന്തലിൽ കിസാൻ മോർച്ച നേതാക്കൾ നേരിട്ടെത്തി പിന്തുണയറിയിക്കും.