"കേന്ദ്രം ഉറപ്പുകൾ പാലിച്ചാൽ നിരാഹാരം അവസാനിപ്പിക്കും ": സോനം വാങ്ചുക്ക്

"കേന്ദ്രം ഉറപ്പുകൾ പാലിച്ചാൽ നിരാഹാരം അവസാനിപ്പിക്കും ":  സോനം വാങ്ചുക്ക്

ന്യൂഡൽഹി: നിരാഹാര സമരം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാരിന് മുന്നിൽ നിബന്ധനകള്‍ മുന്നോട്ട് വച്ച് സോനം വാങ്ചുക്ക്. കേന്ദ്ര സർക്കാർ നൽകിയ രണ്ട് ഉറപ്പുകൾ പാലിച്ചാൽ മാത്രം സമരം അവസാനിപ്പിക്കാമെന്നാണ് സോനം കത്തിൽ പരാമർശിച്ചിട്ടുള്ളത്. നീറ്റ് വിഷയത്തിൽ പാർലമെൻ്റിൽ ചർച്ച നടത്താമെന്നും വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റുന്ന കാര്യം ആലോചിക്കാമെന്നും സർക്കാർ അറിയിച്ചിരുന്നു.

ആത്മഹത്യ ചെയ്‌ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് സഹായധനം നൽകുന്നത് പരിഗണിക്കാമെന്ന വാഗ്‌ദാനവും സർക്കാർ നൽകിയിരുന്നു. ഈ രണ്ട് കാര്യങ്ങളും അടിയന്തരമായി നടപ്പാക്കിയാൽ നിരാഹാര സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്നാണ് വാങ്ചുക്ക് കത്തിലൂടെ കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അടുത്തിടെ നടന്ന പ്രകടനങ്ങളിൽ പങ്കെടുത്ത പ്രതിഷേധക്കാർക്കെതിരെ നിയമപരമോ പ്രതികാരപരമോ ആയ യാതൊരു നടപടിയും സ്വീകരിക്കില്ലെന്ന് സർക്കാർ വ്യക്തമായ ഉറപ്പ് നൽകണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രിമാരായ ജെപി നദ്ദ, ജിതേന്ദ്ര സിങ് എന്നിവരെ അഭിസംബോധന ചെയ്‌ത കത്തിൽ, ആശുപത്രിയിൽ സന്ദർശിച്ചതിന് നന്ദി എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

ജൂലൈ 20 ന് നടന്ന “ചലോ സൻസദ്” മാർച്ച് സമാധാനപരമായി തുടർന്നു. ജനാധിപത്യപരമായി നടന്ന പ്രതിഷേധത്തിൻ്റെ ക്ഷമയും പ്രതിബദ്ധതയും മുഴുവൻ രാജ്യവും ലോകവും സാക്ഷ്യം വഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 65 ഓളം പാർലമെൻ്റ് അംഗങ്ങൾ തൻ്റെ നിരാഹാരം അവസാനിപ്പിക്കാൻ തന്നോട് അഭ്യർഥിച്ചതായും വാങ്‌ചുക്ക് പറഞ്ഞു.

പ്രതിഷേധം ശക്തമായതോടെയാണ് നീറ്റ് ചോദ്യ പേപ്പർ ചോർച്ചാ വിഷയത്തിൽ ചർച്ചയ്ക്ക് സർക്കാർ സമ്മതം മൂളിയത്. രാജ്യസഭയിലാണ് സർക്കാർ ചർച്ച നടത്താൻ സമ്മതമാണെന്ന് അറിയിച്ചത്. അതേസമയം വിദ്യാഭ്യാസ മന്ത്രി രാജിവച്ചതിനുശേഷം മാത്രമേ ചർച്ച സാധ്യമാകൂ എന്ന് ഐഎൻസി പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

ഉച്ചഭക്ഷണത്തിന് ശേഷം സിറ്റിങ്ങിനായി രാജ്യസഭ സമ്മേളിച്ചപ്പോൾ, തിങ്കളാഴ്‌ച നടന്ന കോക്രോച്ച് ജനതാ പാർട്ടി ആഹ്വാനം ചെയ്‌ത 'സൻസദ് ചലോ മാർച്ചിൽ' പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടിയെക്കുറിച്ച് പ്രതിപക്ഷ എംപിമാർ സർക്കാരിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ടു.അതേസമയം ഇന്ത്യയിലെ 'ജെൻ സി' അഥവാ പുതിയ തലമുറ നയിക്കുന്ന ആദ്യത്തെ ഡിജിറ്റൽ വിപ്ലവമായി ഈ സമരം മാറിയിരിക്കുന്നു. സമരവേദികളിൽ നിന്നുള്ള തത്സമയ ദൃശ്യങ്ങളും, പൊലീസ് ലാത്തിച്ചാർജ്ജിൻ്റെ വീഡിയോകളും, വിദ്യാർഥികളുടെ വൈകാരികമായ പ്രതികരണങ്ങളും മിനിറ്റുകൾക്കകമാണ് ഇൻസ്റ്റഗ്രാമിലും എക്‌സിലും ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തുന്നത്. തങ്ങളുടെ സുഹൃത്തുക്കളുടെയും സഹപാഠികളുടെയും ഭാവിക്കായുള്ള പോരാട്ടത്തിൽ പങ്കുചേരാൻ ലക്ഷക്കണക്കിന് യുവാക്കളാണ് ലൈക്കുകളിലൂടെയും ഷെയറുകളിലൂടെയും ഈ സമരത്തിൽ അണിചേരുന്നത്.