നന്ദി ഹിൽസിന് സമീപം യുവതി കൊല്ലപ്പെട്ട നിലയിൽ: മലയാളി ആൺസുഹൃത്ത് അവശനിലയിൽ

ചിക്കബല്ലാപ്പൂർ: കർണാടകയിലെ നന്ദി ഹിൽസിന് സമീപമുള്ള ഹോംസ്റ്റേയിൽ 24 കാരിയായ ഫിസിയോതെറാപ്പിസ്റ്റിനെ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു ബനശങ്കരി സ്വദേശിനി സായി സുരഭിയാണ് മരിച്ചത്. മുദ്ദേനഹള്ളിയിലെ സത്യസായി ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു ഇവർ. കൂടെയുണ്ടായിരുന്ന സുഹൃത്ത് സഞ്ജീത് അലിയെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് സ്വദേശിയായ ഇയാൾ കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ശനിയാഴ്ചയാണ് സഞ്ജീത് അലി ഹോംസ്റ്റേയിൽ മുറിയെടുത്തത്. തിങ്കളാഴ്ച രാവിലെ ചെക്ക് ഔട്ട് സമയം കഴിഞ്ഞിട്ടും പുറത്തുവരാതിരുന്നതിനെത്തുടർന്ന് ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോൾ സുരഭിയെ മരിച്ച നിലയിലും സഞ്ജീതിനെ അബോധാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. സുരഭിയുടെ കഴുത്തിൽ പാടുകളുണ്ട്. മുറിയിൽ നിന്ന് ഗുളികകളും കണ്ടെത്തിയിട്ടുണ്ട് .
സുരഭിയുടെ അമ്മ ഗീത സംഭവത്തിൽ കൊലപാതക ആരോപണം ഉന്നയിച്ചിട്ടുണ്ട്. സഞ്ജീത് അലി തന്റെ മകളെ ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും നിരന്തരം ഉപദ്രവിക്കുകയും ചെയ്തിരുന്നതായി അമ്മ ആരോപിക്കുന്നു. ഇവർ തമ്മിലുള്ള ബന്ധത്തെച്ചൊല്ലി നേരത്തെ ബനശങ്കരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ആറു മാസം മുൻപ് കാണാതായപ്പോഴും പരാതിപ്പെട്ടിരുന്നു. തുടർന്ന് സുരഭിയെ മൈസൂരിലെ പുനരധിവാസ കേന്ദ്രത്തിൽ അയച്ചിരുന്നുവെന്നും, സഞ്ജീതുമായുള്ള ബന്ധം തടയാൻ തങ്ങൾ പരമാവധി ശ്രമിച്ചിരുന്നുവെന്നും അമ്മ പറഞ്ഞു. നിലവിൽ സഞ്ജീത് അലി അപകടനില തരണം ചെയ്തതായും, ആരോഗ്യനില മെച്ചപ്പെട്ടാൽ ഉടൻ മൊഴിയെടുക്കുമെന്നും ചിക്കബല്ലാപ്പൂർ എസ്പി കുശാൽ ചോക്സി അറിയിച്ചു.