ജമ്മു കശ്മീരിൽ വൻ ആയുധശേഖരവുമായി 5 ഭീകരർ അറസ്റ്റിൽ

ശ്രീനഗർ: ജമ്മു കശ്മീരിൽ വൻ ആയുധശേഖരവുമായി അഞ്ച് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെല്ലാം ശ്രീനഗർ സ്വദേശികളാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള കർശന നിയമമായ യുഎപിഎ ചുമത്തിയാണ് ഇവർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. മുഹമ്മദ് ഷാഫി ഭട്ട് (ഡോക്ടർ ഷാഫി), ഹാദി ഖാദിർ, മുഹമ്മദ് ജമാൽ മിർ, മെഹ്റാജുദീൻ ദാർ (മെഹ്റാൻ), ഫയാസ് അഹമ്മദ് ദാർ എന്നിവരാണ് പിടിയിലായതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ശ്രീനഗറിലെ പന്ത ചൗക്ക് പൊലീസ് സ്റ്റേഷനിലാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഹാൻഡ് ഗ്രനേഡുകൾ, തോക്കുകളിൽ ഉപയോഗിക്കുന്ന തിരകൾ, മൊബൈൽ ഫോണുകൾ എന്നിവയ്ക്ക് പുറമെ മറ്റ് പല നിർണായക രേഖകളും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ആയുധങ്ങളും മറ്റ് വസ്തുക്കളും കണ്ടെടുത്തത്.
ഭീകരരുടെ സാന്നിധ്യം
സമാനമായ രീതിയിൽ പ്രവർത്തിക്കുന്ന മറ്റൊരുകൂട്ടം ഭീകരരെ ശ്രീനഗർ പൊലീസ് ഒരാഴ്ച മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഒരു വനിത ഉൾപ്പെടെ നാല് പേരാണ് അന്ന് പിടിയിലായത്. ലഷ്കറെ ത്വയ്യിബയുമായി ബന്ധമുള്ള അന്തർസംസ്ഥാന ഭീകര സംഘത്തെ ശ്രീനഗർ പൊലീസ് പിടികൂടിയതിൻ്റെ തുടർച്ചയായാണ് ഇപ്പോഴത്തെ അറസ്റ്റും നടന്നിട്ടുള്ളത്.തീവ്രവാദ ഗ്രൂപ്പുകൾക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുന്നവരെ ലക്ഷ്യം വച്ചുള്ള കർശന നടപടികളുടെ ഭാഗമായാണ് ഈ റെയ്ഡുകളും അറസ്റ്റും തുടരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ആൾക്കൂട്ടത്തിൽ തീവ്രവാദികൾക്ക് ഒളിച്ചിരിക്കാനും മറ്റ് സഹായങ്ങൾ എത്തിക്കാനും ഇത്തരം ആളുകൾ വലിയ പങ്കാണ് വഹിക്കുന്നത്. അതിനാൽ വലിയൊരു ശൃംഖലയെ തന്നെ ഇല്ലാതാക്കാനാണ് സുരക്ഷാസേന പ്രധാനമായും ലക്ഷ്യമിടുന്നത്.
അന്വേഷണം എൻഐഎയ്ക്ക്
അതേസമയം, ലഷ്കറെ ത്വയ്യിബയുടെ അന്തർസംസ്ഥാന ഭീകര ശൃംഖലയെക്കുറിച്ചുള്ള അന്വേഷണം കഴിഞ്ഞ ദിവസം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തു. തുടർന്ന് രണ്ട് പാകിസ്ഥാൻ ഭീകരർ ഉൾപ്പെടെ അഞ്ച് പ്രതികളെ എൻഐഎ കസ്റ്റഡിയിൽ വാങ്ങി. പാകിസ്ഥാൻ ഭീകരരായ അബ്ദുല്ല എന്ന അബു ഹുറൈറ, ഉസ്മാൻ എന്ന ഖുബൈബ് എന്നിവരെ രണ്ട് ദിവസത്തേക്കും മറ്റ് മൂന്ന് പ്രാദേശിക പ്രതികളെ പതിനഞ്ച് ദിവസത്തേക്കുമാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.ഈ മാസം ആദ്യം പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ നടത്തിയ റെയ്ഡിലൂടെയാണ് ശ്രീനഗർ പൊലീസ് ഈ സംഘത്തെ പിടികൂടിയത്. ശ്രീനഗർ എസ്എസ്പി ജിവി സന്ദീപ് ചക്രവർത്തിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് റെയ്ഡ് നടത്തിയത്. ഭീകരരുടെ മറ്റ് ബന്ധങ്ങളെക്കുറിച്ച് എൻഐഎ വിശദമായ അന്വേഷണം നടത്തും.
വ്യാജ രേഖകൾ
അന്വേഷണത്തിനിടെ ഞെട്ടിക്കുന്ന പല വിവരങ്ങളും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. പിടിയിലായ രണ്ട് പാകിസ്ഥാൻ ഭീകരരും വ്യാജ രേഖകൾ ഉപയോഗിച്ച് പത്ത് വർഷത്തിലേറെയായി ഇന്ത്യയിൽ കഴിഞ്ഞിരുന്നതായാണ് സംശയിക്കുന്നത്. തങ്ങളുടെ യഥാർഥ വിവരങ്ങൾ മറച്ചുവച്ചാണ് ഇവരിത്രയും കാലം രാജ്യത്ത് കഴിഞ്ഞത്. ഇതിനിടെ ഇവരുടെ മറ്റൊരു കൂട്ടാളിയായ ഉമർ എന്ന ഖാർഗോഷ് വ്യാജ മേൽവിലാസത്തിൽ പാസ്പോർട്ട് സംഘടിപ്പിച്ച് രാജ്യം വിട്ടതായും വിവരമുണ്ട്. ഇയാൾ ഇന്ത്യയിൽ നിന്ന് ഇന്തോനേഷ്യയിലേക്കും അവിടെനിന്ന് സൗദി അറേബ്യയിലേക്കുമാണ് കടന്നതെന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നു.