കുത്തിവയ്പ്പിനിടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവത്തിൽ അന്യേഷണം പ്രഖ്യാപിച്ചു

കുത്തിവയ്പ്പിനിടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവത്തിൽ അന്യേഷണം പ്രഖ്യാപിച്ചു

പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നടന്ന ചികിത്സാ പിഴവിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ആരോഗ്യ വകുപ്പ്. വിജിലൻസ് അഡീഷണൽ ഡയറക്‌ടർ ഡോ രാജേന്ദ്രൻ്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് സംഭവം അന്വേഷിക്കുക. സൂചി കുടുങ്ങി ഒരു വർഷക്കാലമായി ജീവിക്കേണ്ടി വന്ന വത്സലയുടെ മകൻ ദീപു, ആറന്മുള എംഎൽഎ അബിൻ വർക്കിയോടൊപ്പം ആരോഗ്യ മന്ത്രി കെ മുരളീധരനെ സന്ദർശിച്ചതിന് പിന്നാലെയാണ് അടിയന്തര ഇടപെടൽ.

ഒരു വർഷം മുൻപ് വയറിളക്കവും ഛർദ്ദിയുമായി ചികിത്സ തേടി ആശുപത്രിയിലെത്തിയ ആറന്മുള സ്വേദേശിനി വത്സല (68) യുടെ ശരീരത്തിൽ കുത്തിവയ്പ്പെടുത്ത ശേഷം സൂചി കുടുങ്ങിയതയായിരുന്നു എന്നാണ് പരാതി. കുത്തിവയ്പ്പ് എടുക്കുന്നതിനിടെ സൂചിയുടെ ഒരു ഭാഗം ശരീരത്തിനുള്ളില്‍ കുടുങ്ങുകയായിരുന്നുവെന്നും ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ചികിത്സാപ്പിഴവ് ഉണ്ടായതായും വത്സല ആരോപിച്ചിരുന്നു.വയറിളക്കവും ഛർദ്ദിയുമയാണ് ആശുപത്രിയിൽ എത്തിയത്. ചികിത്സയ്ക്കിടെ ഇടുപ്പിൻ്റെ ഭാഗത്താണ് കുത്തിവയ്‌പ്പ് എടുത്തത്. ശേഷം അവിടെ കല്ലിച്ചു കിടക്കുകയാണെന്ന് കരുതി. ജോലിയൊക്കെ ചെയ്യുമ്പോൾ ഉറുമ്പ് കടിക്കുന്നത് പോലെ വേദന അനുഭവപ്പെട്ടപ്പോൾ മരുന്നിൻ്റെ ആണെന്നാണ് കരുതിയതെന്നും, പിന്നീട് അസഹ്യമായ വേദന ഉണ്ടായതോടെ ജില്ലാ ആശുപത്രിയില്‍ നടത്തിയ എക്സ്റേ പരിശോധനയിലാണ് ഇടുപ്പില്‍ സൂചിയുടെ ഭാഗം കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയതെന്നും വത്സല മാധ്യമങ്ങളോട് പറഞ്ഞിരുന്നു.ശരീരത്തിനുള്ളില്‍ കുടുങ്ങിയ സൂചിയുടെ ഭാഗം നീക്കാൻ അടുത്തിടെ ശസ്ത്രക്രിയ നടത്തിയെങ്കിലും സൂചി പൂർണമായി നീക്കം ചെയ്യാനായിട്ടില്ലെന്നും വത്സല പറഞ്ഞിരുന്നു. ശരീരത്തില്‍ നിന്ന് പുറത്തെടുത്തത് കുത്തിവെപ്പിന് ഉപയോഗിക്കുന്ന സൂചിയുടെ ഭാഗം തന്നെയാണെന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ട് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ സൂചി കുടുങ്ങിയത് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്ന് തന്നെയാണോ എന്ന് ഉറപ്പിക്കാന്‍ കഴിയില്ലെന്നാണ് സുപ്രണ്ട് വ്യക്തമാക്കിയത്.സംഭവത്തിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ മെഡിക്കല്‍ ഓഫീസറോട് ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിനിടെയാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ആരോഗ്യ വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുന്നത്.