ബാങ്ക് തെളിവ് ചോദിച്ചു, വയോധികൻ എത്തിച്ചത് സഹോദരിയുടെ അസ്ഥികൂടം

ബാങ്ക് തെളിവ് ചോദിച്ചു, വയോധികൻ എത്തിച്ചത് സഹോദരിയുടെ അസ്ഥികൂടം

ഒഡിഷ: ഒഡിഷയിൽ വീണ്ടും മൃതദേഹം തോളിൽ ചുമന്ന് കൊണ്ടുപോകുന്ന സംഭവം വാർത്തയാകുന്നു . 2016 ൽ, ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി ആശുപത്രിയിൽ നിന്ന് കിലോമീറ്ററുകളോളം സഞ്ചരിച്ച ദന മാജിയെ ആർക്കും മറക്കാന്‍ കഴിയില്ല. അന്ന് ദേശീയ മാധ്യമങ്ങളില്‍ വരെ ഇടം പിടിച്ച സംഭവമായിരുന്നു. ജില്ലാ ആശുപത്രിക്ക് സ്വന്തമായി ആംബുലന്‍സ് ഇല്ലാത്തതിനാൽ, ദന മാജി ഭാര്യയുടെ മൃതദേഹം തോളിൽ ചുമന്ന് വീട്ടിലേക്ക് പോകുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒഡിഷയില്‍ ഇത്തരമൊരു സംഭവം ഉണ്ടായി. ഒഡിഷയിലെ ക്യോൻജർ ജില്ലയിലെ പട്ടാനയിലാണ് സംഭവം. ജീതു മുണ്ട (51) എന്ന ആദിവാസി വയോധികനാണ് പണം വിട്ടുകിട്ടാനായി തൻ്റെ സഹോദരിയുടെ അഴുകിയ മൃതദേഹവുമായി ബാങ്കിലെത്തിയത്. മരിച്ചുപോയ തൻ്റെ സഹോദരിയുടെ ബാങ്ക് നിക്ഷേപ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ ബാങ്ക് അധികൃതർ തെളിവ് ആവശ്യപ്പെട്ടതോടെയാണ് അസ്ഥി കൂടവുമായി വയോധികൻ ബാങ്കിലെത്തിയത്.



നോവുന്ന കാഴ്‌ചയായി ജിതു മുണ്ട

മല്ലിപ്ഷി ഒഡീഷ ഗ്രാമീൺ ബാങ്കിലാണ് സംഭവം നടന്നത്. ജീതുവിൻ്റെ സഹോദരി കൽറ മുണ്ടയ്ക്ക് മല്ലിപ്ഷി ഒഡീഷ ഗ്രാമീൺ ബാങ്ക് ശാഖയിൽ അക്കൗണ്ടുണ്ടായിരുന്നു. അതിൽ 19,300 രൂപ ഉണ്ടായിരുന്നു. ഈ വർഷം ജനുവരി 26ന് കൽറ മരിച്ചു. ഇതിനുശേഷം കൽറയുടെ അക്കൗണ്ടിലുണ്ടായിരുന്ന പണം പിന്‍വിലിക്കാനായി സഹോദരൻ ജിതു മുണ്ട ഇന്നലെ ബാങ്കിലേക്ക് പോയി. ബാങ്ക് അധികൃതർ അദ്ദേഹത്തോട് തെളിവ് ചോദിച്ചു.