അന്ത്യ അത്താഴത്തിൻ്റെ സ്മരണ പുതുക്കി വിശ്വാസികൾ; ഇന്ന് പെസഹ വ്യാഴം

അന്ത്യ അത്താഴത്തിൻ്റെ സ്മരണ പുതുക്കി വിശ്വാസികൾ; ഇന്ന് പെസഹ വ്യാഴം

 മുംബൈ:ക്രിസ്തുദേവൻ്റെ  അന്ത്യ അത്താഴത്തിൻ്റെ  സ്മരണ പുതുക്കി വിശ്വാസികൾ ഇന്ന് പെസഹ വ്യാഴം ആചരിക്കും.  ക്രിസ്തു തൻ്റെ  പന്ത്രണ്ട് ശിഷ്യന്മാരുടെ കാൽ കഴുകിയതിൻ്റെ  സ്മരണ പുതുക്കി കാൽ കഴുകൽ ശ്രുശ്രൂഷകളുമുണ്ടാകും. താഴ്മയുടെയും വിനയത്തിൻ്റെയും അടയാളമായി ശിഷ്യന്മാരുടെ കാൽ കഴുകിയതും, വിശുദ്ധ കുർബാന ഔദ്യോ​ഗികമായി പ്രഖ്യാപിച്ചതും ഇന്നേ ദിവസമാണ്.

 ദേവാലയങ്ങളിൽ വൈകീട്ട് തിരുവത്താഴ ദിവ്യബലിയും കാൽകഴുകൽ ശുശ്രൂഷ ചടങ്ങും ഉണ്ടായിരിക്കും. കാൽവരിക്കുന്നിൽ യേശു കുരിശുമരണം വരിച്ചതിൻ്റെ  അനുസ്മരണത്തിന് നാളെ ദുഃഖവെള്ളി ആചരിക്കും.വെള്ളിയാഴ്ച രാവിലെ നഗരത്തിൽ വിവിധ കത്തോലിക്കാ സഭകൾ കുരിശുംപേറി സംയുക്തമായി കുരിശിൻ്റെ വഴി നടത്തും. ലത്തീൻ, സിറോ മലബാർ, മലങ്കര കത്തോലിക്ക, ക്‌നാനായ സഭകളുടെ നേതൃത്വത്തിൽ തിരുവനന്തപുരം പാളയം സെയ്ന്റ് ജോസഫ്‌സ് കത്തീഡ്രലിൽനിന്നാണ് കുരിശിൻ്റെ വഴി ആരംഭിക്കുന്നത്. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ തിരുക്കർമ്മങ്ങൾക്ക് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നേതൃത്വം നൽകും. മുംബൈയിലെ വിവിധ ദേവാലയങ്ങളിലും  തിരുവത്താഴ ദിവ്യബലിയും കാൽകഴുകൽ ശുശ്രൂഷ ചടങ്ങും ഉണ്ടായിരിക്കും.യേശുദേവൻ ഉയിർത്തെഴുന്നേറ്റതിന്റെ ആഘോഷമായി ഞായറാഴ്ചയാണ് ഈസ്റ്റർ.

പെസഹാ എന്നാൽ എന്ത്?

കടന്നുപോകൽ എന്നാണ് പെസഹാ എന്ന വാക്കിൻ്റെ അർത്ഥം. ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് യിസ്രായേൽ ജനതയെ മോചിപ്പിക്കാൻ ദൈവം അയച്ച പത്താമത്തതെ ബാധയുമായി ബന്ധപ്പെട്ടാണ് പെസഹായുടെ ആരംഭം. കടിഞ്ഞൂൽ സംഹാരമായിരുന്നു പത്താമത്തെ ബാധ. ദൈവം അയച്ച സംഹാരദൂതൻ ഇസ്രായേൽ ജനതയുടെ വീടുകളെ തിരിച്ചറിയാനായി അവരുടെ വാതിൽപ്പടികളിൽ കുഞ്ഞാടിന്റെ രക്തം പുരട്ടാൻ നിർദേശിച്ചു. ഈ അടയാളം കണ്ട് സംഹാരദൂതൻ ആ വീടുകളെ ഒഴിവാക്കി കടന്നുപോയതിന്റെയും തുടർന്ന് അടിമത്തത്തിൽ നിന്ന് ഇസ്രായേൽ മക്കൾ സ്വാതന്ത്യം നേടിയതിന്റെയും സ്മരണയായാണ് യെഹൂദർ പെസഹ ആചരിക്കുന്നത്.

എന്നാൽ, പുതിയനിയമ പശ്ചാത്തലത്തിൽ, യേശുക്രിസ്തു തന്റെ മരണത്തിന് തൊട്ടുമുമ്പ് ശിഷ്യന്മാരോടൊപ്പം നടത്തിയ അന്ത്യ അത്താഴത്തെയാണ് ക്രൈസ്തവർ പെസഹയായി ആചരിക്കുന്നത്. യേശുക്രിസ്തു വിശുദ്ധ കുർബ്ബാന ഔദ്യോഗികമായി പ്രഖ്യാപിച്ചതും, താഴ്മയുടെയും വിനയത്തിന്റെയും അടയാളമായി ശിഷ്യന്മാരുടെ കാൽ കഴുകിയതും ഇന്നേ ദിവസമാണ്.

അപ്പവും വീഞ്ഞും നുറുക്കിയതുപോലെ, കാൽവരി ക്രൂശിൽ യേശുക്രിസ്തു, മനുഷ്യരെ പാപങ്ങളിൽ നിന്ന് മോചിപ്പിക്കാൻ സ്വയം അപ്പമായി മാറി നുറുക്കപ്പെട്ടു. അന്ത്യ അത്താഴ വേളയിൽ യേശു അപ്പമെടുത്ത് ഇതെന്റെ ശരീരമാകുന്നുവെന്നും, പാനപാത്രമെടുത്ത് ഇതെന്റെ രക്തമാകുന്നുവെന്നും അരുളിച്ചെയ്തു. നിങ്ങൾ കൂടിവരുമ്പോഴൊക്കെയും എൻ്റെ ഓർമയ്ക്കായി ഇത് ചെയ്യണം എന്നും പ്രഖ്യാപിച്ചു. ഇതിനെ തുടർന്നാണ് വി.കുർബ്ബാന സ്ഥാപിതമായത്.