ബംഗാള്‍ നിയമസഭാതെരഞ്ഞെടുപ്പ് : രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ബംഗാള്‍ നിയമസഭാതെരഞ്ഞെടുപ്പ് : രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

കൊൽക്കത്ത: ആദ്യ ഘട്ടത്തിലെ റെക്കോർഡ് പോളിങ്ങിന് ശേഷം, പശ്ചിമ ബംഗാൾ പോളിങ് ആരംഭിച്ചു. സംസ്ഥാനത്തെ ആകെയുള്ള 294 സീറ്റുകളിൽ 142 മണ്ഡലങ്ങളാണ് ഇന്ന് വിധി എഴുതുന്നത്. തുടർച്ചയായ നാലാം തവണയും അധികാരം നിലനിർത്താനാണ് തൃണമൂൽ കോൺഗ്രസിൻ്റെ ശ്രമം. ചരിത്രത്തിലാദ്യമായി ബംഗാളിൽ സർക്കാർ രൂപീകരിക്കാനുറച്ച് ബിജെപിയും സജീവമാണ്. കോൺഗ്രസും സിപിഐഎമ്മും മത്സരരംഗത്തുണ്ടെങ്കിലും പ്രധാന പോരാട്ടം തൃണമൂലും ബിജെപിയും തമ്മിലാണ്.

ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് ഇന്ന് നിർണായകമാണ്. ദക്ഷിണ ബംഗാളിലെയും കൊൽക്കത്തയിലെയും പാർട്ടിയുടെ പരമ്പരാഗത കോട്ടകളിൽ ഇന്നാണ് ജനവിധി. അക്രമ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാൻ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

ഏപ്രിൽ 23-ന് നടന്ന ഒന്നാം ഘട്ടത്തിൽ വടക്കൻ ബംഗാളിലെ 152 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. അവിടെ രേഖപ്പെടുത്തിയ 93.17 ശതമാനം എന്ന റെക്കോർഡ് പോളിങ് ബിജെപിയ്‌ക്കും തൃണമൂലിനും വലിയ പ്രതീക്ഷയാണ് നൽകുന്നത്. രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ദക്ഷിണ ബംഗാൾ കഴിഞ്ഞ 15 വർഷമായി തൃണമൂലിൻ്റെ ഉരുക്കുകോട്ടയാണ്.അതിനാൽ തന്നെ കൊൽക്കത്ത, ഹൗറ, നോർത്ത്-സൗത്ത് 24 പർഗാനാസ്, നാദിയ, ഹൂഗ്ലി തുടങ്ങിയ ജില്ലകളടങ്ങുന്ന ഈ മേഖലയിൽ ബിജെപിക്ക് വലിയ സ്വാധീനം ചെലുത്താൻ കഴിഞ്ഞാൽ മാത്രമേ ഭരണം പിടിക്കാൻ സാധിക്കൂ. മുഖ്യമന്ത്രി മമത ബാനജിയും സുവേന്ദു അധികാരിയും നേർക്ക് നേർ വരുന്ന ഭവാനിപൂരിലും ഇന്ന് ജനം വിധിയെഴുതും.

ഇന്ന് പോളിങ് നടക്കുന്ന പ്രധാന മണ്ഡലങ്ങള്‍

ഭവാനിപൂർ - മമത ബാനർജി (മുഖ്യമന്ത്രി)

ഭവാനിപൂർ - സുവേന്ദു അധികാരി (ബിജെപി പ്രതിപക്ഷ നേതാവ്)

ജാദവ്പൂർ - ബികാസ് രഞ്ജൻ ഭട്ടാചാര്യ - (മുതിർന്ന സിപിഎം നേതാവ്)

മണിക്തല - തപസ് റോയ് (മുതിർന്ന ബിജെപി നേതാവ്)

ടോളിഗഞ്ച് - അരൂപ് ബിശ്വാസ് (ടിഎംസി മന്ത്രി)

ഉത്തർപാര - മീനാക്ഷി മുഖർജി (സിപിഎം)

ദംദം ഉത്തർ - ദീപ്‌ഷിദ ധർ (സിപിഎം യുവ നേതാവ്)

പാനിഹതി - ര്തന ദേബാഥ് - ബിജെപി (ആജിക്കർ ആശുപത്രിയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ഡോക്‌ടറുടെ അമ്മ)

ഭാനഗർ - നൗസാദ് സിദ്ദിഖി (ഐഎസ്എഫ്)

ദംദം - ബ്രത്യ ബന്ധു (ടിഎംസി മന്ത്രി)

കൊൽക്കത്ത പോർട്ട് - ഫിർഹാദ് ഹക്കിം (ടിഎംസി)

ഏപ്രിൽ 23 നായിരുന്നു പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പ് അവസാനിച്ചപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ആദ്യം 93.17 ശതമാനം പോളിങ് രേഖപ്പെടുത്തി എന്ന കണക്ക് പുറത്ത് വിട്ടിരുന്നു. 16 ജില്ലകളിലായി 152 നിയമസഭാ സീറ്റുകളിലേക്കായിരുന്നു ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്നത്. ആകെ 3.61 കോടി വോട്ടർമാരിൽ 3.36 കോടി പേരാണ് വോട്ടവകാശം വിനിയോഗിച്ചത്. 1. 65 കോടി സ്‌ത്രീകളും 1.71 കോടി പുരഷൻമാരും വോട്ട് ചെയ്‌തെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്കുകൾ പുറത്ത് വിട്ടു.കൂച്ച് ബെഹാർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. 96. 2 ശതമാനം പോളിങ്ങാണ് കൂച്ച് ബെഹാറിൽ രേഖപ്പെടുത്തിയത്. തൊട്ടുപിന്നാലെ 95.44 ശതമാനം രേഖപ്പെടുത്തി സൗത്ത് ദിനാജ്‌പൂറും 94.79 ശതമാനം രേഖപ്പെടുത്തി മാൾഡ മൂന്നാം സ്ഥാനത്തുമുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ട കണക്കുകൾ പ്രകാരം മുമ്പ് 2011 ലായിരുന്നു സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയിരുന്നത്. 84. 72 ശതമാനമായിരുന്നു 2011 ൽ രേഖപ്പെടുത്തിയിരുന്നത്. സിപിഐ (എം) നയിക്കുന്ന ഇടതുമുന്നണിയുടെ 34 വർഷത്തെ തുടർച്ചയായ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തിയത് ഈ തെരഞ്ഞെടുപ്പിലാണ്.