സിബിഎസ്ഇ 12-ാം ക്ലാസ് പുനർമൂല്യനിർണയം: അപേക്ഷിക്കാൻ ഒരു ദിവസം കൂടി

സിബിഎസ്ഇ 12-ാം ക്ലാസ് പുനർമൂല്യനിർണയം: അപേക്ഷിക്കാൻ ഒരു ദിവസം കൂടി

ന്യൂഡൽഹി: സിബിഎസ്ഇ 12-ാം ക്ലാസ് ഉത്തരക്കടലാസുകളുടെ പരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി. വിദ്യാർഥികളുടെ പരാതികളെ തുടർന്ന് ജൂൺ ഏഴുവരെയാണ് ബോർഡ് സമയം അനുവദിച്ചത്.ഉത്തരക്കടലാസുകളുടെ പകർപ്പ് ലഭിക്കുന്നതിലും പുനർമൂല്യനിർണയത്തിന് അപേക്ഷിക്കുന്നതിലും നിരവധി വിദ്യാർഥികൾ പരാതി ഉന്നയിച്ചിരുന്നു. ജൂൺ രണ്ടിന് ആരംഭിച്ച ഔദ്യോഗിക വെബ് പോർട്ടലിലെ സാങ്കേതിക തകരാറുകളാണ് വലിയ പ്രതിസന്ധിക്ക് കാരണമായത്. ഈ സാഹചര്യത്തിലാണ് അപേക്ഷാ തീയതി നീട്ടാൻ ബോർഡ് തീരുമാനിച്ചത്. വിദ്യാർഥികളുടെ താത്പര്യം പരിഗണിച്ചാണ് തീരുമാനമെന്ന് അധികൃതർ സമൂഹ മാധ്യമമായ എക്സിലൂടെ അറിയിച്ചു. വിദ്യാർഥികൾക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പുതിയ തീരുമാനം സഹായകമാകുമെന്നും പുതുക്കിയ തീയതികൾ ശ്രദ്ധിക്കണമെന്നും ബോർഡ് നിർദേശിച്ചു. മുൻപ് ജൂൺ ആറ് അർധരാത്രി വരെയായിരുന്നു അപേക്ഷിക്കാനായി സമയം അനുവദിച്ചിരുന്നത്.

സിബിഎസ്ഇ ഫലപ്രഖ്യാപനത്തിന് പിന്നാലെ നിരവധി വിദ്യാർഥികളാണ് മൂല്യനിർണയത്തിൽ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയത്. അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകളും പോർട്ടലിലെ സാങ്കേതിക പ്രശ്നങ്ങളും കാരണം പലർക്കും സമയബന്ധിതമായി അപേക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. ആധാർ വിവരങ്ങൾ നൽകി ലോഗിൻ ചെയ്യുമ്പോഴും, ഓൺലൈനായി ഫീസ് അടയ്ക്കാൻ ശ്രമിക്കുമ്പോഴുമുണ്ടായ തടസങ്ങൾ സംബന്ധിച്ച് നിരന്തരമായി പരാതികൾ ലഭിച്ചതായി അധികൃതർ വ്യക്തമാക്കി.തുടർ വിദ്യാഭ്യാസത്തിനായി സർവകലാശാലകളിൽ പ്രവേശനം നേടാൻ മാർക്ക് നിർണായകമായതിനാൽ വിദ്യാർഥികളും രക്ഷിതാക്കളും വലിയ ആശങ്കയിലാണ്. പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ച സാഹചര്യത്തിൽ എത്രയും വേഗം തകരാറുകൾ പരിഹരിക്കണമെന്നാണ് രക്ഷിതാക്കളുടെയും പ്രധാന ആവശ്യം. സമയപരിധി നീട്ടിയെങ്കിലും ഫീസ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കണ്ടെത്താൻ ബോർഡിന് കഴിയുമോ എന്നതിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.സ്കാൻ ചെയ്ത ഉത്തരക്കടലാസുകളിലെ തകരാറുകൾ പരിശോധിക്കുന്നതിനും, മൂല്യനിർണയത്തിൽ തൃപ്തരല്ലാത്തവർക്ക് പുതിയതായി മൂല്യനിർണയം നടത്തുന്നതിനുമുള്ള ഓൺലൈൻ സൗകര്യം കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബോർഡ് ലഭ്യമാക്കിയത്. സ്കാൻ ചെയ്ത ഉത്തരക്കടലാസുകളിലെ പേജുകൾ, സപ്ലിമെൻ്ററി ഷീറ്റുകൾ, മാപ്പുകൾ, ഗ്രാഫുകൾ എന്നിവ നഷ്ടപ്പെടുകയോ പേജുകൾ വ്യക്തമല്ലാതിരിക്കുകയോ ചെയ്താൽ വിദ്യാർഥികൾക്ക് ബോർഡിനെ അറിയിക്കാം.

ഇതിനുപുറമെ തെറ്റായ ഉത്തരക്കടലാസുകൾ നൽകുക, മറ്റൊരു ചോദ്യപേപ്പർ സെറ്റ് ഉപയോഗിച്ച് മൂല്യനിർണയം നടത്തുക തുടങ്ങിയ ഗുരുതരമായ വീഴ്ചകൾ ശ്രദ്ധയിൽപ്പെട്ടാലും വിദ്യാർഥികൾക്ക് പരാതി നൽകാൻ അവസരമുണ്ട്. രാജ്യത്തുടനീളം ഇക്കുറി ലക്ഷക്കണക്കിന് വിദ്യാർഥികളാണ് സിബിഎസ്ഇ പരീക്ഷയെഴുതിയത്. അതിനാൽ തന്നെ പരാതിക്കാരുടെ എണ്ണത്തിലും മുൻവർഷങ്ങളെ അപേക്ഷിച്ച് വലിയ വർധനയുണ്ടായിട്ടുണ്ട്.അതേസമയം ബോർഡിൻ്റെ ഓൺലൈൻ മൂല്യനിർണയ സംവിധാനമായ ഓൺ സ്ക്രീൻ മാർക്കിങ് സംവിധാനത്തിൽ വലിയ കൃത്രിമം നടന്നതായുള്ള ആരോപണങ്ങളും പരാതികളും വിദ്യാർഥികൾ തുടർച്ചയായി ഉന്നയിക്കുന്നുണ്ട്. വെബ്സൈറ്റിൽ പരിശോധനയ്ക്കായി അപ്ലോഡ് ചെയ്തിട്ടുള്ള സ്കാൻ ചെയ്ത ഉത്തരക്കടലാസുകളിലെ കൈയക്ഷരം തങ്ങളുടേതല്ലെന്നാണ് മിക്ക വിദ്യാർഥികളുടെയും പ്രധാന പരാതി. വിവരസാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തുന്ന മൂല്യനിർണയ സംവിധാനത്തിലെ കാര്യക്ഷമതയില്ലായ്മയാണ് ഇത്തരമൊരു പ്രതിസന്ധിക്ക് കാരണമായതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഉത്തരക്കടലാസുകൾ മാറിപ്പോയ സംഭവങ്ങൾ നിരവധിയാണെന്നും വിദ്യാർഥികൾ ആരോപിച്ചു.

വിഷയം ദേശീയ തലത്തിൽ തന്നെ വലിയ വിവാദമായതോടെ വിശദമായ അന്വേഷണം നടത്താൻ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടേറിയറ്റ് പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഓൺ സ്ക്രീൻ മാർക്കിങ് സംവിധാനത്തിനായുള്ള സേവനങ്ങൾ പുറത്ത് നിന്നും വാങ്ങിയതുമായി ബന്ധപ്പെട്ട കാര്യങ്ങളാകും ഈ ഒരംഗ സമിതി പ്രധാനമായും അന്വേഷിക്കുക. സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കി വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ അകറ്റണമെന്ന ആവശ്യവും ഇപ്പോൾ അതിശക്തമായി ഉയരുന്നുണ്ട്.