ആവശ്യങ്ങൾ അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന് സിജെപി : സമരം ശക്തമാക്കുന്നു

ന്യുഡൽഹി : കോക്ക്റോച്ച് ജനത പാർട്ടി (സിജെപി) ഉന്നയിച്ച ആവശ്യങ്ങളിൽ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കുള്ള നിർദ്ദേശം ഉടൻ അംഗീകരിക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. എന്നാൽ സിജെപി മുന്നോട്ടുവെച്ച മറ്റ് പ്രധാന ആവശ്യങ്ങളായ ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന്റെ മോചനവും നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ മൂലം ജീവനൊടുക്കിയ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരവും നൽകുന്ന വിഷയങ്ങളിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.കേന്ദ്രമന്ത്രി ജെ.പി. നദ്ദയുമായി സിജെപി പ്രതിനിധികളായ അശുതോഷ് രാൻകയും സൗരവ് ദാസും കൂടിക്കാഴ്ച നടത്തുകയും ഔദ്യോഗികമായി നിവേദനം സമർപ്പിക്കുകയും ചെയ്തിരുന്നു. ആവശ്യങ്ങൾ ബിജെപി നേതൃത്വവുമായും ഭരണതലത്തിലും ചർച്ച ചെയ്യാമെന്ന് മന്ത്രി ഉറപ്പുനൽകിയെങ്കിലും വ്യക്തമായ തീരുമാനം അറിയിച്ചിട്ടില്ല.

ഇന്നലെ ഡൽഹി ജന്ദർ മന്ദിറിൽ നടന്ന ‘സൻസദ് ചലോ’ മാർച്ചിൽ സുരക്ഷാ ജീവനക്കാരുടെയും പോലീസിന്റെയും കണക്കുകൂട്ടലുകൾ തെറ്റിച്ച് അയ്യായിരക്കണക്കിന് യുവാക്കളാണ് തടിച്ചുകൂടിയത്. ഇത് വരും തലമുറയുടെയും യുവാക്കളുടെയും കടുത്ത അമർഷത്തിന്റെ തെളിവാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിലും കണ്ണീർവാതക പ്രയോഗത്തിലും പ്രതിപക്ഷ പാർട്ടികൾ ശക്തമായി പ്രതിഷേധിച്ചു.

സിജെപിയുടെ പ്രതിഷേധ സമരം തുടരുന്നു
ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം തുടരുന്നു. പോലീസിൻ്റെ കനത്ത സന്നാഹത്തെയും ബാരിക്കേഡുകളും മറികടന്ന് ചൊവ്വാഴ്ച രാവിലെ മുതൽ പ്രതിഷേധക്കാർ ജന്തർമന്തറിൽ വീണ്ടും നിലയുറപ്പിച്ചു. ഇന്നലെ നടന്ന പാർലമെന്റ് മാർച്ചിന് പിന്നാലെ സമരപ്പന്തലുകളും സ്റ്റേജുകളും പോലീസ് എടുത്തുമാറ്റിയിരുന്നുവെങ്കിലും, സമരം തുടരുമെന്ന CJP-യുടെ പ്രഖ്യാപനത്തെത്തുടർന്ന് പ്രവർത്തകർ വീണ്ടും സ്ഥലത്തെത്തുകയായിരുന്നു. പ്രദേശത്ത് പോലീസിന്റെയും റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെയും (RAF) വൻ സുരക്ഷാ സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്നലെ നടന്ന പ്രതിഷേധ പ്രകടനം വലിയ സംഘർഷത്തിനാണ് വഴിവെച്ചത്. പാർലമെന്റിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിച്ച പ്രതിഷേധക്കാരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നൂറിലധികം പോലീസുകാരും അറുപതിലധികം സമരക്കാരും പരിക്കേറ്റ് ചികിത്സയിലാണ്. സംഘർഷത്തിൽ എഴുപതോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, സനം വാങ്‌ചുക്കിന്റെ മോചനം, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രദാന്റെ രാജി, നീറ്റ് പരീക്ഷാ വിവാദത്തിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം എന്നീ മൂന്ന് ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം തുടരുന്നത്. സനം വാങ്‌ചുക്ക് ആശുപത്രിയിൽ നിരാഹാര സമരം തുടരുകയാണ്.