വിഴിഞ്ഞത്തിൽ വ്യത്യസ്ത നിലപാടുകളുമായി സിപിഎം: പാർട്ടി നിലപാട് തള്ളി ഇപിയും ശൈലജയും

തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റ വിവാദത്തിൽ സി.പി.എമ്മിൽ കടുത്ത ഭിന്നത. ഓഹരി കൈമാറ്റത്തിൽ അഴിമതി ഉന്നയിച്ച സി.പി.എം സംസ്ഥാന സെക്രട്ടറിയുടെയും പ്രതിപക്ഷ നേതാവിന്‍റെയും നിലപാട് ഏറ്റെടുക്കാതെ കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ.പി. ജയരാജനും കെ.കെ. ശൈലജയും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങേണ്ടിവന്ന കണ്ണൂരിലെ രണ്ടു മുതിർന്ന നേതാക്കളാണ് പാർട്ടി നിലപാട് തള്ളുന്നത്.പിണറായി വിജയനും എം.വി. ഗോവിന്ദനുമെതിരെ പാർട്ടിക്കുള്ളിൽ നടക്കുന്ന പടപ്പുറപ്പാടിന്‍റെ ഭാഗമാണിതെന്ന വിലയിരുത്തലിലാണ് സി.പി.എം. വിഴിഞ്ഞം വിഷയത്തിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെതിരെ ഒളിയമ്പെയ്ത മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷമായാണ് എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും പ്രതികരിച്ചത്. കെ.കെ. രാഗേഷിന്‍റെ പ്രതികരണം ഒരു പൗരന്റേതെന്ന നിലയിൽ കണ്ടാൽ മതിയെന്ന അഭിപ്രായത്തോടെ ഇ.പി. ജയരാജൻ നൽകുന്നത് കണ്ണൂർ ജില്ലാ സെക്രട്ടറിയെ സംരക്ഷിക്കാനില്ലെന്ന സൂചനയാണ്.
വിഴിഞ്ഞം വിഷയത്തിൽ സർക്കാരിനെതിരേ സി.പി.എം ശക്തമായ പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് അനുകൂല അഭിപ്രായവുമായി ഇ.പി. ജയരാജൻ രംഗത്തെത്തിയത്. വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട വിഷയത്തിൽ വിവാദത്തിലേക്ക് പോകരുതെന്ന് ഇ.പി. ജയരാജൻ അഭിപ്രായപ്പെട്ടു. വിവാദം കേരളത്തിന് ഗുണകരമല്ല. കരാർ വ്യവസ്ഥകൾ ലംഘിക്കാൻ സാധിക്കുന്നതല്ല. കരാർ വ്യവസ്ഥയിൽ നിന്ന് വ്യതിചലിക്കാതെയും സംസ്ഥാനത്തിന്‍റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ കഴിയത്തക്ക നിലയിൽ ഫലപ്രദമായ ഇടപെടലാണ് സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകേണ്ടത്.കേരളത്തിന്‍റെ പൊതുതാത്പര്യമാണ് സംരക്ഷിക്കപ്പെടേണ്ടത്.വിഴിഞ്ഞം വിഷയത്തിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ഉന്നയിച്ച അഴിമതിയാരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, "ഏതെങ്കിലും ആളുകൾക്ക് അഴിമതി നടന്നെന്ന പ്രശ്നങ്ങളുണ്ടെങ്കിൽ അവരത് ഉന്നയിക്കട്ടെ. ആരോപണങ്ങൾ ബന്ധപ്പെട്ട മന്ത്രിമാർ, വിജിലൻസ് തുടങ്ങിയ സംവിധാനങ്ങൾ അന്വേഷിക്കട്ടെ. ഞാൻ ആരോപണങ്ങൾ ഉന്നയിച്ചിട്ടില്ല. ആരാണോ ആക്ഷേപം ഉന്നയിച്ചത് അവരോട് ചോദിച്ച് കാര്യം വ്യക്തമാക്കുന്നതായിരിക്കും നല്ലത്" എന്നും ഇ.പി. ജയരാജൻ മറുപടി നൽകി. വിഴിഞ്ഞം തുറമുഖ എം.ഡി. ആയിരുന്ന ദിവ്യ എസ്. അയ്യരെ മാറ്റിയ സംഭവം വിവാദ വിഷയമാക്കേണ്ട കാര്യമില്ലെന്നാണ് കെ.കെ. ശൈലജ അഭിപ്രായപ്പെട്ടത്.
കെ.കെ. രാഗേഷിന്‍റെ അഭിപ്രായത്തെ പൂർണമായും നിരാകരിക്കുന്ന സമീപനമാണ് ശൈലജയും കൈക്കൊണ്ടത്. സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥർ മാറുന്നത് സ്വാഭാവികമാണെന്നും ശൈലജ കൂട്ടിച്ചേർത്തു. 2021-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മട്ടന്നൂരിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ചതിനു ശേഷം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പേരാവൂരിലേക്ക് മാറ്റിയതിൽ അതൃപ്തിയിലായിരുന്ന ശൈലജയുടെ പ്രതികരണം നേതൃത്വത്തിനെതിരെയുള്ള വിയോജിപ്പായാണ് വിലയിരുത്തപ്പെടുന്നത്.സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയാണ് ഇ.പി. ജയരാജനും.നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് ശേഷം പാർട്ടിക്കുള്ളിൽ ഏറ്റവുമധികം വിമർശനം ഉയർന്നത് പിണറായി വിജയനും എം.വി. ഗോവിന്ദനുമെതിരെയാണ്. കീഴ്ഘടകങ്ങളിൽ നടന്ന അവലോകന യോഗങ്ങളിൽ വരെ പിണറായി വിജയനെതിരെ ആരോപണമുയർന്നിരുന്നു.പിണറായി വിജയനുമായി ഏറെ അടുപ്പമുള്ള കെ.കെ. രാഗേഷിന്‍റെ നിലപാട് തള്ളുന്നതിലൂടെ ഇരുവരും തങ്ങളുടെ അതൃപ്തി രേഖപ്പെടുത്തുകയാണെന്ന അഭിപ്രായമാണ് മറ്റു നേതാക്കൾക്കുള്ളത്. ദിവ്യയെ വിഴിഞ്ഞം എം.ഡി. സ്ഥാനത്തുനിന്ന് മാറ്റിയതിൽ ഡീലിന്‍റെ ഭാഗമായിട്ടാണെന്നാണ് കെ.കെ. രാഗേഷ് അഭിപ്രായപ്പെട്ടിരുന്നത്. ദിവ്യയെ മാറ്റിയത് സ്വാഭാവിക നടപടിയാണെന്നും വിഴിഞ്ഞത്തിന്റെ കാര്യത്തിൽ രാഗേഷിന് എന്താണ് പ്രത്യേക താൽപര്യമെന്നും തന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുതെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതികരിച്ചിരുന്നു. ഓഹരി കൈമാറ്റത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് മാത്രമല്ല ഓരോ മലയാളിക്കും താൽപര്യമുണ്ടെന്നായിരുന്നു ഇതിനുള്ള കെ.കെ. രാഗേഷിന്‍റെ മറുപടി.