അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക എണ്ണൽ; പകുതിയിലധികം ജീവനക്കാരും രാജിവച്ചു

ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക എണ്ണലുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ, കാണിക്കൽ എണ്ണൽ ജോലിയിൽ നിന്ന് പകുതിയിലധികം ജീവനക്കാരും രാജിവച്ചു. 20 പേരാണ് ഇതിനകം രാജിവച്ചത്. ഇതോടെ ജീവനക്കാരുടെ എണ്ണം പന്ത്രണ്ടായി ചുരുങ്ങി. മോഷണം പുറത്തുവന്നതിനുശേഷം എണ്ണൽ പ്രക്രിയ കൂടുതൽ സമയമെടുക്കുന്നതായി രാജിവച്ച ജീവനക്കാർ പറഞ്ഞു.കേസിനെ തുടർന്ന് കാണിക്ക എണ്ണൽ കേന്ദ്രത്തിൽ ഹാജർ കുറഞ്ഞുവെന്നും ഭയം കാരണം ഏകദേശം 40 ഉദ്യോഗസ്ഥരിൽ 15-20 പേർ മാത്രമേ പതിവായി ഡ്യൂട്ടിക്ക് ഹാജരാകുന്നുള്ളൂവെന്നും ക്ഷേത്ര ട്രസ്റ്റ് പറഞ്ഞു.
നേരത്തെ രണ്ട് ഷിഫ്റ്റുകളിലായി നടത്തിയിരുന്ന കാണിക്ക എണ്ണൽ ഇപ്പോൾ വേതന വർധനവില്ലാതെ ഒമ്പത് മുതൽ 10 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന ഒറ്റ ഷിഫ്റ്റായി ചുരുക്കിയെന്നും ജീവനക്കാർ പറഞ്ഞു. നേരത്തെ മേശകളിലും കസേരകളിലും ഇരുന്നാണ് കാണിക്ക എണ്ണിയിരുന്നതെങ്കിൽ ഇപ്പോൾ നിലത്ത് ഇരുന്നുകൊണ്ട് എണ്ണണം എന്നാണ് നിയമം.എണ്ണൽ കേന്ദ്രത്തിലെ സുരക്ഷയും ജാഗ്രതയും കർശനമാക്കിയിട്ടുണ്ട്. ജീവനക്കാർ ഇപ്പോൾ ഒന്നിലധികം തവണ പരിശോധനയ്ക്ക് വിധേയരാവാണം. കൂടാതെ മൊബൈൽ ഫോണുകളോ മറ്റ് സ്വകാര്യ വസ്തുക്കളോ ഇല്ലാതെ നഗ്നപാദനായി മാത്രമേ കാണിക്ക എണ്ണുന്ന സ്ഥലത്തേക്ക് പ്രവേശിക്കാൻ പാടുള്ളൂ. ക്ഷേത്ര സമുച്ചയത്തിനുള്ളിലെ വിവിധ സുരക്ഷാ ചെക്ക്പോസ്റ്റുകളിലും ജീവനക്കാരെ പരിശോധിക്കുന്നുണ്ട്, അതേസമയം നേരത്തെ ട്രസ്റ്റ് നൽകിയ തിരിച്ചറിയൽ കാർഡുകൾ മാത്രം മതിയായിരുന്നു സുരക്ഷാ പരിശോധനയ്ക്ക്.കാണിക്ക എണ്ണുന്നത് നിരീക്ഷിക്കാൻ മാത്രം നാല് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ഔട്ട്സോഴ്സ് ചെയ്ത എല്ലാ ജീവനക്കാർക്കും പൊതുവായ യൂണിഫോം, ഡിജിറ്റൽ സുരക്ഷാ ഫീച്ചറുകളുള്ള ക്യൂആർ കോഡ് അടിസ്ഥാനമാക്കിയുള്ള തിരിച്ചറിയൽ കാർഡുകൾ, ഓരോ ജീവനക്കാരൻ്റേയും ചലനങ്ങൾ രേഖപ്പെടുത്തുന്നതിനായി ഡിജിറ്റൽ എൻട്രി-എക്സിറ്റ് ട്രാക്കിംഗ് സിസ്റ്റം എന്നിവ അവതരിപ്പിക്കാനും ട്രസ്റ്റ് തയ്യാറെടുക്കുന്നുണ്ട്.ക്ഷേത്ര സംഭാവനകളുടെ തട്ടിപ്പ് ഈ മാസം ആദ്യമാണ് പുറത്തുവന്നത്, തുടർന്ന് കാണിക്ക എണ്ണൽ പ്രക്രിയയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഭക്തരുടെ സംഭാവനകൾ ബാങ്കുകളിൽ നിക്ഷേപിക്കുന്നതിന് മുമ്പ് തട്ടിയെടുത്തുവെന്നുവാണ് കേസ്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ക്ഷേത്രത്തിലെ സംഭാവനകൾ എണ്ണുന്നതിലും കൈകാര്യം ചെയ്യുന്നതിലും നേരിട്ട് പങ്കാളികളായവരും ബാങ്ക് ജീവനക്കാരുമാണ് അറസ്റ്റിലായവർ. ക്ഷേത്ര സംഭാവനകൾ കൈകാര്യം ചെയ്യുന്നതിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പു വരുത്തുന്നതിനായി ക്ഷേത്ര ട്രസ്റ്റ് കർശന സുരക്ഷാ നടപടികൾ സ്വീകരിക്കുന്നുണ്ട്.