ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കക്ഷി ചേരും

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ  എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കക്ഷി ചേരും

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരെയും നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഇഡി. സെഷന്‍സ് കോടതിയിലെ ജാമ്യാപേക്ഷയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കക്ഷി ചേരും. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയപ്പോഴുണ്ടായ സംഘര്‍ഷത്തില്‍ സിപിഎം നേതാക്കള്‍ കുറ്റക്കാരാണെന്നും ഇവരേയും പ്രതി ചേര്‍ക്കണമെന്നാണ് ഇഡിയുടെ ആവശ്യം.ആസൂത്രിതമായ ആക്രമണമാണ് നടത്തിയത്. ആക്രമണത്തിന് ചുക്കാന്‍ പിടിച്ചതെല്ലാം നേതാക്കളുടെ അറിവോടെയാണെന്നും പ്രകോപനം ഉണ്ടാക്കിയെന്നും ഇഡി ആരോപിക്കുന്നു. കേസില്‍ കക്ഷി ചേരാനുള്ള തെളിവ് ശേഖരിച്ചു തുടങ്ങി.പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡിനെത്തിയപ്പോഴാണ് സിപിഎം പ്രവര്‍ത്തകര്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ഉദ്യോഗസ്ഥരെത്തിയ വാഹനം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തിരുന്നു.

അന്വേഷിക്കാൻ പ്രത്യേക സംഘം

 മാസപ്പടി കേസിൽ റെയ്ഡിനെത്തി മടങ്ങിയ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിച്ച് സർക്കാർ. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. മ്യൂസിയം എച്എസ്ഒ ആർ പ്രശാന്ത് തന്നെയാണ് അന്വേഷണ ഉദ്യോ​ഗസ്ഥൻ.സംഘത്തിൽ 5 ഇൻസ്പെടർമാരും ഏഴ് എസ്ഐമാരുമടക്കം 30 ഉദ്യോ​ഗസ്ഥരും ഉൾപ്പെട്ടതാണ് എസ്ഐടി. കേന്ദ്ര ഏജൻസിയെ ആക്രമിച്ച കേസ് ആയതിനാൽ ലോക്കൽ പൊലീസിൽ നിന്നും പ്രത്യേക സംഘത്തിലേക്ക് അന്വേഷണം മാറ്റുകയായിരുന്നു. നിലവിൽ മ്യൂസിയം പോലീസ് ആയിരുന്നു കേസ് അന്വേഷിച്ചിരുന്നത്. കേസ് അന്വേഷണത്തിന് എസ്‌ഐടിയെ നിയോഗിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. മാത്രമല്ല, സമാന ആവശ്യം ഉന്നയിച്ച് ഇഡിയും ഡയറക്ടറേറ്റിലേക്ക് ഒരു റിപ്പോർട്ട് അയച്ചിട്ടുണ്ടെന്നാണ് വിവരം. പിന്നാലെയാണ് കേസ് അന്വേഷണം എസ്‌ഐടിക്ക് കൈമാറിയത്.

സിഎംആർഎൽ- എക്‌സാലോജിക് സൊല്യൂഷൻസ് മാസപ്പടി കേസിൽ വീണാ ടിയുടെ വീട്ടിൽ പരിശോധന നടത്തുന്നതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ ബേക്കറി ജങ്ഷനിലെ വസതിയിൽ ഇഡി സംഘം പരിശോധന നടത്തിയിരുന്നു. പരിശോധന നടത്തി പുറത്തിറങ്ങിയ ഉദ്യോഗസ്ഥ സംഘത്തിന്റെ വാഹനങ്ങളെ കണ്ടാൽ അറിയാവുന്ന മുന്നൂറോളം സിപിഎം പ്രവർത്തകർ തടയുകയും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കാറുകൾക്ക് കേടുപാടുകളുണ്ടാവുകയും ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.