സർക്കാർ അവതരിപ്പിക്കുന്നത് കള്ളക്കണക്കുകള്‍, കേരളം അതിദാരിദ്ര്യ മുക്തമല്ല : വി.ഡി.സതീശൻ

സർക്കാർ അവതരിപ്പിക്കുന്നത് കള്ളക്കണക്കുകള്‍, കേരളം  അതിദാരിദ്ര്യ മുക്തമല്ല : വി.ഡി.സതീശൻ

തിരുവനന്തപുരം :കേരളം അതിദാരിദ്ര്യ മുക്തമെന്ന് പ്രഖ്യാപിക്കുന്ന സര്‍ക്കാരിന്റെ തീരുമാനം രാഷ്ട്രീയ പ്രചാരണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സര്‍ക്കാര്‍ ഇരുട്ട് കൊണ്ട് ഓട്ടയടയ്ക്കുകയാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. എല്‍ഡിഎഫിന്റെ പ്രകടന പത്രികയില്‍ പരമ ദരിദ്രര്‍ നാല് ലക്ഷം ഉണ്ടെന്നാണ് പറഞ്ഞത്. പദ്ധതിയില്‍ അത് 64000 ആയിമാറി, പരമ ദരിദ്രരും അതീവ ദരിദ്രരും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. അതി ദരിദ്രര്‍ ഇല്ലെന്നത് രാഷ്ട്രീയ പ്രചാരണമാണ്. അവര്‍ക്ക് സര്‍ക്കാര്‍ നീതി നല്‍കുന്നില്ല. രേഖകള്‍ പോലുമില്ലാത്ത അഗതികളായവര്‍ കേരളത്തില്‍ ഒന്നര ലക്ഷം പേരുണ്ടായിരുന്നു. അവരെ കുറിച്ച് പട്ടികയില്‍ പരാമര്‍ശമില്ല. ഇത്തരം പട്ടികകള്‍ തയ്യാറേണ്ടത് കണക്കുകളുടെ അടിസ്ഥാനത്തിലാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.കേരളത്തിലെ പട്ടിക ജാതി - പട്ടിക വര്‍ഗ കുടുംബങ്ങളുടെ കണക്കില്‍ ഉള്‍പ്പെടെ അവ്യക്തതയുണ്ട്. 2011 ലെ സെന്‍സസ് പ്രകാരം 1.16 ലക്ഷം കുടുംബങ്ങളിലായി 4.85 ലക്ഷം ആദിവാസികളുണ്ട് കേരളത്തില്‍. സര്‍ക്കാരിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത് വെറും 6400 പേരാണുള്ളത്. ബാക്കിയുള്ളവര്‍ എവിടെ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഒരു ലക്ഷത്തിപതിനായിരം വരുന്ന ആദിവാസികള്‍ സുരക്ഷിതമാണോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഒരു മാനദണ്ഡവും ഇല്ലാതെ സര്‍ക്കാര്‍ ഒരു പട്ടിക ഉണ്ടാക്കുന്നു. ആ പട്ടിക ശരിയെന്ന് പറയുന്നു.കള്ളക്കണക്കുകള്‍ അവതരിപ്പിച്ച് കേരളം അതീവ ദരിദ്രരില്ലാത്ത സംസ്ഥാനം എന്ന് പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. സര്‍ക്കാര്‍ ഇതില്‍ നിന്നും പിന്‍മാറണം. കേരളത്തില്‍ അതീവ ദരിദ്രരും പരമ ദരിദ്രരും ഉണ്ട്.കേന്ദ്ര സര്‍ക്കാരിന്റെ എഎവൈ എന്നത് ദരിദ്രരില്‍ ദരിദ്രര്‍ എന്ന വിഭാഗത്തിനാണ്. 595000 പേരുണ്ടെന്ന കണക്കിലാണ് അവര്‍ക്ക് അരിയും ഗോതമ്പും സൗജന്യമായി നല്‍കുന്നത്. ഇവര്‍ക്ക് വേണ്ട വൈദ്യസഹായം ഉള്‍പ്പെടെ സര്‍ക്കാര്‍ ചെയ്യുന്നുണ്ടോ. ഒറ്റപ്പെട്ട് ജീവിക്കുന്നവര്‍ പോലും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സര്‍ക്കാര്‍ വൃത്തങ്ങള്‍ ആദിവാസി ഊരുകള്‍ കണ്ടിട്ടുണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു .