കേരളം കടക്കെണിയിൽ; ഞെട്ടിക്കുന്ന വിവരങ്ങളുമായി യുഡിഎഫ് സർക്കാരിൻ്റെ ധവളപത്രം

തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ യഥാർഥ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം യുഡിഎഫ് സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചു. ധനവകുപ്പിൻ്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി വി ഡി സതീശനാണ് റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വച്ചത്. രാവിലെ ചേർന്ന മന്ത്രിസഭായോഗം ഇതിന് ഔദ്യോഗികമായി അംഗീകാരം നൽകി. സംസ്ഥാനത്തെ സാമ്പത്തിക യാഥാർഥ്യങ്ങൾ ജനങ്ങളെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.എൽഡിഎഫ് സർക്കാർ ഭരണം ഒഴിയുമ്പോൾ സംസ്ഥാന ഖജനാവിൽ ബാക്കിയുണ്ടായിരുന്നത് 5000 കോടി രൂപ മാത്രമായിരുന്നുവെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഇത് വരും മാസങ്ങളിലെ ശമ്പളം, പെൻഷൻ വിതരണത്തെ ബാധിക്കുന്ന തുകയാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തിൻ്റെ നിലവിലെ ഭീമമായ കടബാധ്യതയും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും മുഖ്യമന്ത്രി സഭയെ അറിയിച്ചു. നികുതി പിരിവിലെ വീഴ്ചയുമാണ് സംസ്ഥാനത്തെ കടുത്ത കടക്കെണിയിലേക്ക് തള്ളിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
195 പേജുള്ള സമഗ്ര റിപ്പോർട്ട്
സംസ്ഥാനത്തിൻ്റെ സാമ്പത്തിക ആരോഗ്യം വ്യക്തമാക്കുന്ന സമഗ്രമായ രേഖയാണ് സഭയിൽ പുറത്തിറക്കിയത്. 195 പേജ് വരുന്ന ധവളപത്രം കേരളം നേരിടുന്ന യഥാർഥ അവസ്ഥകൾ വരച്ചുകാട്ടുന്നു. പുതിയ സർക്കാർ ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ മുന്നൊരുക്കം നടത്തിയത്. വായ്പ എടുത്ത് നിത്യനിദാന ചെലവുകൾ നടത്തുന്ന രീതിയിലേക്ക് സംസ്ഥാനത്തിൻ്റെ സാമ്പത്തിക ഘടന മാറിയെന്ന് റിപ്പോർട്ട് തുറന്നടിക്കുന്നു.സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഫണ്ട്, പെൻഷൻ കുടിശിക എന്നിവ ഉൾപ്പെടെ ഭീമമായ ബാധ്യതയാണ് സർക്കാരിന് ലഭിച്ചതെന്ന് ധവളപത്രം ആരോപിക്കുന്നു. കരാറുകാർക്കുള്ള കുടിശിക വരുത്തിയതും കിഫ്ബി വഴിയുള്ള വായ്പകളും വിനയായി. നികുതി പിരിവ് ഊർജിതമാക്കുന്നതിൽ മുൻ സർക്കാർ പൂർണമായി പരാജയപ്പെട്ടു. പ്രതിവർഷം പിരിച്ചെടുക്കേണ്ട കോടികളുടെ നികുതി കുടിശികയാണ് അവശേഷിക്കുന്നത്. സ്വർണം, മദ്യം തുടങ്ങിയ മേഖലകളിൽ നിന്നുള്ള വരുമാന ചോർച്ച തടയാനായില്ല. പ്രതിസന്ധി മറികടക്കാൻ അടിയന്തരമായി ചെലവ് ചുരുക്കൽ നടപടികൾ നടപ്പാക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
പ്രധാന കണ്ടെത്തലുകൾ
കേരളത്തിൻ്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായെന്ന് റിപ്പോർട്ടിൽ എടുത്തുപറയുന്നു. സംസ്ഥാന വരുമാനത്തിൻ്റെ 77 ശതമാനവും ശമ്പളം, പെൻഷൻ, വായ്പാ പലിശ തുടങ്ങിയവയുടെ തിരിച്ചടവ് ഉൾപ്പെടെയുള്ള നിർബന്ധിത ചെലവുകൾക്കായി മാത്രം മാറുകയാണ്.വികസന പ്രവർത്തനങ്ങൾക്കുള്ള മൂലധന ചെലവ് രാജ്യത്തെ തന്നെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. വലിയ തോതിലുള്ള സാമ്പത്തിക അച്ചടക്കമില്ലായ്മയാണ് ഈ പ്രതിസന്ധികൾക്ക് പ്രധാന കാരണമെന്ന് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് വിശദീകരിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിന് പണം കണ്ടെത്താൻ കഴിയാത്തവിധം ഖജനാവ് കാലിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വരും മാസങ്ങളിൽ കർശനമായ സാമ്പത്തിക അച്ചടക്കം പാലിച്ച് മുന്നോട്ട് പോകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അനാവശ്യ ചെലവുകൾ ഒഴിവാക്കി വരുമാനം വർധിപ്പിക്കാനുള്ള പ്രത്യേക പദ്ധതികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് ധനമന്ത്രിയുടെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി ഉറപ്പുനൽകി.
വിമർശനവുമായി പ്രതിപക്ഷം
ധവളപത്രം പുറത്തിറക്കിയ നടപടിക്കെതിരെ കടുത്ത വിമർശനവുമായി മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്തെത്തി. ധനവകുപ്പുമായി ബന്ധമില്ലാത്ത വിദഗ്ധർ ധവളപത്രം ഇറക്കുന്നത് തെറ്റായ നടപടിയാണെന്ന് അദ്ദേഹം പ്രതികരിച്ചു. അതൊരു തെറ്റായ കീഴ്വഴക്കമാണ്. രേഖകൾ വകുപ്പിലെ വിദഗ്ധരാണ് വിലയിരുത്തേണ്ടത്. നിലവിലെ ഇടപെടലുകൾ ശരിയാണോ എന്ന് പരിശോധിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഖജനാവ് കാലിയാക്കിയാണ് ഭരണം കൈമാറിയതെന്ന വാദം അദ്ദേഹം തള്ളി. സർക്കാരിൻ്റെ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്ന സാഹചര്യത്തിലാണ് അധികാര കൈമാറ്റം നടത്തിയതെന്നും കെ എൻ ബാലഗോപാൽ കൂട്ടിച്ചേർത്തു.