കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതി ഇന്നറിയാം : ധവളപത്രം ഇന്ന് നിയമസഭയിൽ

കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതി ഇന്നറിയാം :  ധവളപത്രം ഇന്ന് നിയമസഭയിൽ

തിരുവനന്തപുരം: കേരള സംസ്ഥാനത്തിൻ്റെ യഥാർഥ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. രാവിലെ ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗം ഇതിന് ഔദ്യോഗികമായി അംഗീകാരം നൽകും. ധനവകുപ്പിൻ്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി വിഡി സതീശനാകും റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കുക. സംസ്ഥാനത്തിൻ്റെ നിലവിലെ കടബാധ്യതയും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും അദ്ദേഹം സഭയെ അറിയിക്കും.മുൻ കാബിനറ്റ് സെക്രട്ടറി കെഎം ചന്ദ്രശേഖരൻ അധ്യക്ഷനായ വിദഗ്ധ സമിതിയാണ് പുതിയ ധവളപത്രം തയ്യാറാക്കിയത്. മുൻ സർക്കാർ ഭരണം ഒഴിയുമ്പോൾ സംസ്ഥാന ഖജനാവിൽ അയ്യായിരം കോടി രൂപ ബാക്കിയുണ്ടായിരുന്നുവെന്നാണ് പ്രതിപക്ഷത്തിൻ്റെ പ്രധാന വാദം.

എന്നാൽ സംസ്ഥാന ഖജനാവ് പൂർണമായും കാലിയാണെന്ന നിലപാടിലാണ് ഭരണപക്ഷം. ഈ സാമ്പത്തിക സ്ഥിതിയെച്ചൊല്ലിയുള്ള കടുത്ത രാഷ്ട്രീയ തർക്കങ്ങൾക്കിടയിലാണ് പുതിയ ധവളപത്രം പുറത്തുവരുന്നത്. ട്രഷറിയിലെ കടുത്ത നിയന്ത്രണങ്ങളും അടിസ്ഥാന വികസന മേഖലയിലെ മുരടിപ്പും സഭയിൽ വലിയ ചർച്ചയാകും. പദ്ധതിയേതര ചെലവുകൾ വെട്ടിച്ചുരുക്കുന്നതടക്കമുള്ള കർശന നടപടികൾക്കും സർക്കാർ രൂപം നൽകിയേക്കും.

എന്താണ് ധവളപത്രം?

ഒരു സർക്കാരിൻ്റെ കൃത്യമായ സാമ്പത്തിക നിലവാരം വ്യക്തമാക്കുന്ന സുപ്രധാന ഔദ്യോഗിക രേഖയാണിത്. വരുമാന സ്രോതസുകൾ, കടബാധ്യതകൾ, ഭാവിയിലെ സാമ്പത്തിക വെല്ലുവിളികൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങളെയും നിയമസഭയെയും ബോധ്യപ്പെടുത്താനാണ് ഇത് അവതരിപ്പിക്കുന്നത്. ട്രഷറിയിലെ പണലഭ്യത, റവന്യൂ കമ്മി, സംസ്ഥാനത്തിൻ്റെ ആകെ കടം എന്നിവ ഇതിൽ കൃത്യമായി രേഖപ്പെടുത്തും.നികുതി പിരിവിലെ പോരായ്മകളും സാമ്പത്തിക പ്രതിസന്ധികൊണ്ട് തടസപ്പെട്ടു കിടക്കുന്ന പദ്ധതികളും റിപ്പോർട്ടിലുണ്ടാകും. മുൻ സർക്കാരിൻ്റെ കാലത്തെ സാമ്പത്തിക മാനേജ്മെൻ്റ് വിശദമായി വിലയിരുത്താനാണ് പുതിയ സർക്കാരുകൾ സാധാരണയായി ധവളപത്രം പുറത്തിറക്കുന്നത്. വരവും ചെലവും തമ്മിലുള്ള അന്തരവും രേഖ വ്യക്തമാക്കും.

കേരളത്തിലെ ചരിത്രം

ഇതുവരെ നാല് തവണയാണ് കേരളത്തിൽ സാമ്പത്തിക ധവളപത്രങ്ങൾ അവതരിപ്പിച്ചത്. 1987ൽ ഇകെ നായനാർ സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ് കേരളത്തിൽ ആദ്യമായി ഈ രേഖ ഇറക്കിയത്. അന്ന് ധനമന്ത്രിയായിരുന്ന വിശ്വനാഥ മേനോനാണ് ധവളപത്രം സഭയിൽ അവതരിപ്പിച്ചത്. മുൻ കെ കരുണാകരൻ സർക്കാർ സംസ്ഥാനത്തിൻ്റെ ധനസ്ഥിതി പാടെ തകർത്തെന്ന് ആരോപിച്ചായിരുന്നു അന്നത്തെ നടപടി.പിന്നീട് 2001ൽ എകെ ആൻ്റണി മുഖ്യമന്ത്രിയായപ്പോൾ അന്നത്തെ ധനമന്ത്രി കെ ശങ്കരനാരായണൻ ധവളപത്രം പുറത്തിറക്കി. സർക്കാരിൻ്റെ കടുത്ത സാമ്പത്തിക പ്രതിസന്ധി ജനങ്ങളെ ബോധ്യപ്പെടുത്താനും ചെലവുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമാണ് ഈ രേഖ പ്രധാനമായും ഉപയോഗിച്ചത്. തുടർന്ന് 2011ൽ ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്ത് ഭരണം ഏറ്റെടുത്തയുടനെ ധനമന്ത്രി കെഎം മാണിയും ധവളപത്രം സഭയിൽ അവതരിപ്പിച്ചു. ഏറ്റവും ഒടുവിലായി 2016ൽ പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തിയപ്പോൾ അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക്കുമാണ് ധവളപത്രം ഇറക്കിയത്. സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി അപകടകരമായ അവസ്ഥയിലാണെന്ന് അദ്ദേഹം അന്ന് ചൂണ്ടിക്കാട്ടി.

ഇപ്പോൾ വീണ്ടും ഭരണമാറ്റമുണ്ടായ സാഹചര്യത്തിൽ വലിയ സാമ്പത്തിക വെല്ലുവിളികളാണ് സംസ്ഥാനം നേരിടുന്നത്. നിലവിലെ കടുത്ത കടബാധ്യതകളും കേന്ദ്രസർക്കാരിൻ്റെ വായ്പാ നിയന്ത്രണങ്ങളും ഇന്നത്തെ ധവളപത്രത്തിൽ സവിസ്തരം പ്രതിപാദിക്കും. ഉദ്യോഗസ്ഥരുടെ ക്ഷാമബത്ത, കോൺട്രാക്ടർമാരുടെ കുടിശിക, ക്ഷേമപെൻഷൻ വിതരണം എന്നിവയിലെ പ്രതിസന്ധികളും ധവളപത്രത്തിൽ ഉൾപ്പെടുത്തും.

വരും മാസങ്ങളിൽ സർക്കാർ സ്വീകരിക്കേണ്ട കർശന സാമ്പത്തിക അച്ചടക്ക നടപടികളും ഭരണാധികാരം ഉപയോഗിച്ചുള്ള വിഭവ സമാഹരണ മാർഗങ്ങളും ഉൾക്കൊള്ളിച്ചാകും അന്തിമ റിപ്പോർട്ട് പുറത്തുവരിക. മുൻ സർക്കാരിൻ്റെ കാലത്തുണ്ടായ സാമ്പത്തിക കെടുകാര്യസ്ഥതയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് ഭരണപക്ഷം ആരോപിക്കുന്നത്. ഇത് നിയമസഭയിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള വലിയ വാക്പോരിനും രാഷ്ട്രീയ പോരാട്ടങ്ങൾക്കും കാരണമാകും. പ്രതിപക്ഷ ആരോപണങ്ങളെ സർക്കാർ എങ്ങനെ സഭയിൽ നേരിടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പൂർണമായും ഉറ്റുനോക്കുന്നത്.