സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിള്‍ ടെസ്റ്റിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കുമെന്ന് മന്ത്രി സി പി ജോണ്‍

സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിള്‍ ടെസ്റ്റിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കുമെന്ന്  മന്ത്രി സി പി ജോണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിള്‍ ടെസ്റ്റിംഗ് സ്റ്റേഷനുകള്‍ (എ ടി എസ്) ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ പറഞ്ഞു.തിരുവന്തപുരത്ത് തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജില്‍ നടന്ന പതിനേഴാമത് ബാച്ച്‌ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിള്‍ ഇൻസ്‌പെക്ടർ ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച്‌ സംസാരിക്കുയായിരുന്നു മന്ത്രി.വാഹനങ്ങളുടെ ഫിറ്റ്‌നസ്സ് പരിശോധനക്കായി ഓരോ ജില്ലയിലും ഓട്ടോമേറ്റഡ്, മെഷീൻ നിയന്ത്രിത, ഔട്ട്‌സോഴ്‌സ് പിൻതുണയുളള രണ്ട് എടിഎസ് വീതമായിരിക്കും സ്ഥാപിക്കുന്നത്. വാഹന ഫിറ്റ്‌നസ് പരിശോധനയില്‍ പരമ്പരാഗത രീതികള്‍ക്ക് പകരം മെഷീൻ അധിഷ്ഠിത സംവിധാനങ്ങളിലേക്കാണ് മാറ്റമെന്നും അദ്ദേഹം പറഞ്ഞു.ആധുനികവല്‍ക്കരണത്തിന്റെയും ഓട്ടോമേഷന്റെയും നിർണായക ഘട്ടത്തിലാണ് പുതിയ തലമുറ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിള്‍ ഇൻസ്‌പെക്ടർമാർ സേവനത്തിലേക്ക് കടക്കുന്നത്. രാജ്യത്ത് കമ്പ്യൂട്ടർവല്‍ക്കരണം ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനങ്ങളില്‍ ഒന്നായ കേരളം വികസിപ്പിച്ച സ്മാർട്ട് മൂവ് ആപ്ലിക്കേഷൻ ദേശീയ തലത്തിലെ പരിവാഹൻ സംവിധാനത്തിന് അടിസ്ഥാനമായി. 

വാഹൻ, സാരഥി പ്ലാറ്റ്‌ഫോമുകളില്‍ നിരവധി മെച്ചപ്പെടുത്തലുകള്‍ കേരള എംവിഡി ഉദ്യോഗസ്ഥരുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തില്‍ നടപ്പിലാക്കി. ആദ്യ കമ്പ്യൂട്ടറൈസ്ഡ് വാഹന പരിശോധനയും ഡ്രൈവർ പരിശോധനയും കേരളത്തിലാണ് നടപ്പിലാക്കിയത്.ഡ്രൈവിംഗ് ലൈസൻസ് പരീക്ഷകള്‍ അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് ആൻഡ് ടെസ്റ്റിംഗ് സെന്ററുകള്‍ വഴി കൂടുതല്‍ സുതാര്യവും ആധുനികവുമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.എംവിഡി നവീകരണത്തിനായി പ്രത്യേക നവീകരണ സ്‌കീം ഫണ്ട് രൂപീകരിക്കുമെന്നും ഐസിടി ഉപകരണങ്ങള്‍, എൻഫോഴ്‌സ്‌മെന്റ് ടാബുകള്‍, എ എൻ പി ആർ (Automatic Number Plate Recognition) ക്യാമറകള്‍ എന്നിവ വ്യാപകമായി ഉപയോഗിക്കുമെന്നും മന്ത്രി അറിയിച്ചു. നികുതി വെട്ടിപ്പ് തടയുകയും നികുതി ശേഖരണം കാര്യക്ഷമമാക്കുകയും ചെയ്യുന്നതില്‍ ഉദ്യോഗസ്ഥർ നിർണായക പങ്ക് വഹിക്കണം.സംസ്ഥാനത്തെ റോഡുകളില്‍ സജീവമായി ഓടുന്ന വാഹനങ്ങളുടെ യഥാർത്ഥ കണക്ക് കണ്ടെത്തുന്നതിനായി വാഹന സെൻസസ് ആരംഭിക്കും. വാഹൻ ഡാറ്റ കൂടുതല്‍ കൃത്യമാക്കുന്നതിലൂടെ സെർവർ ഡൗണ്‍ടൈം കുറയ്ക്കാനും സേവനങ്ങള്‍ വേഗത്തിലാക്കാനും സാധിക്കും.പൊതുഗതാഗത സംവിധാനത്തിന്റെ ഗുണമേന്മ ഉയർത്തുന്നതിനായി എല്ലാ സ്റ്റേജ് കാരിയേജുകള്‍ക്കും വേണ്ടി ഓട്ടോമേറ്റഡ് റൂട്ട് മാനേജ്‌മെന്റ് സംവിധാനം നടപ്പിലാക്കും.