നീറ്റ് യുജി പുനഃപരീക്ഷ ഫലം; പ്രചരിക്കുന്നത് വ്യാജ എഐ നിർമ്മിത ഉത്തരക്കടലാസുകൾ

ന്യൂഡൽഹി: നീറ്റ് യുജി 2026 പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഒഎംആർ ഉത്തരക്കടലാസ് പൊരുത്തക്കേടുകളെക്കുറിച്ചുള്ള പരാതികൾ എൻടിഎ (നാഷണൽ ടെസ്റ്റിങ് ഏജൻസി) പൂർണമായി തള്ളിക്കളഞ്ഞു. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒഎംആർ ഷീറ്റുകൾ വ്യാജവും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് കൃത്രിമമായി നിർമ്മിച്ചതുമാണെന്ന് എൻടിഎ വ്യക്തമാക്കി. മുമ്പ് പ്രഖ്യാപിച്ച പരീക്ഷ ഫലങ്ങൾ കൃത്യമാണെന്നും വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ ഡിജിറ്റലായി കൃത്രിമം കാണിച്ചവയാണെന്നും എൻടിഎ ഒരു പ്രസ്താവനയിൽ പറഞ്ഞു.അത്തരത്തിൽ ഉയർന്ന എല്ലാ ആരോപണങ്ങളും പരിശോധിച്ചതായും എൻടിഎ അറിയിച്ചു. പ്രസ്താവന പ്രകാരം, ഓരോ ഉദ്യോഗാർഥിയുടെയും യഥാർഥ ഒഎംആർ ഉത്തരക്കടലാസിൽ റോൾ നമ്പർ, ടെസ്റ്റ് ബുക്ക്ലെറ്റ് നമ്പർ, ഉത്തരക്കടലാസ് ബാർകോഡ്, പരീക്ഷ സീരിയൽ നമ്പർ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസങ്ങൾ വഴിയും സ്ഥാനാർഥി പോർട്ടൽ വഴിയും ഉദ്യോഗാർഥികൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒഎംആർ ഷീറ്റുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ, അവ ഡിജിറ്റലായി മാറ്റം വരുത്തിയതാണെന്ന് കണ്ടെത്തി.
മാർക്കിങ് പാറ്റേണുകൾ, വ്യാജ ബാർകോഡുകൾ എന്നിവ ഇതിന് തെളിവാണെന്നും ഏജൻസി കൂട്ടിച്ചേർത്തു. ഓരോ ഉദ്യോഗാർഥികളുടെയും പരീക്ഷാ സ്കോർ അതത് ഒഎംആർ ഉത്തരക്കടലാസ്, നീറ്റ് (യുജി) 2026-ൻ്റെ ഔദ്യോഗിക ഉത്തരസൂചിക, ആകെ മാർക്ക് കണക്കുകൂട്ടൽ ഷീറ്റ് എന്നിവയുമായി ഒത്തുനോക്കിയും പരിശോധിച്ചു. ഈ യഥാർഥ രേഖകളും പ്രഖ്യാപിച്ച സ്കോറുകളും തമ്മിൽ യാതൊരുവിധ പൊരുത്തക്കേടുകളോ മൂല്യനിർണയ പിശകുകളോ ഇല്ല.
അതിനാൽ ഫലത്തിൽ മൂല്യനിർണയ പിശകൊന്നും സംഭവിച്ചിട്ടില്ലെന്ന് എൻടിഎ ഊന്നിപ്പറഞ്ഞു. വ്യാജ ഒഎംആർ ഉത്തരക്കടലാസുകൾ സൃഷ്ടിക്കൽ, സമർപ്പിക്കൽ അല്ലെങ്കിൽ പ്രചരിപ്പിക്കൽ എന്നിവ 2024ലെ പൊതു പരീക്ഷാ (അന്യായമായ മാർഗങ്ങൾ തടയൽ) നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്. വ്യാജമോ എഐ നിർമിതമോ ആയ ഒഎംആർ ഷീറ്റുകൾ ഫല പുനഃപരിശോധനയ്ക്കായി സമർപ്പിക്കുന്നവർക്കെതിരെയും ഇത്തരം വ്യാജരേഖകൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും കർശന നിയമനടപടി ഉണ്ടാകും.ഇത്തരത്തിൽ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ ബിഎൻഎസ് (ഭാരതീയ ന്യായ സംഹിത) പ്രകാരം ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും എൻടിഎ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യഥാർഥ പരാതിക്കാർ പുനർമൂല്യ നിർണയം നടത്തുന്നതിന് 2026 ജൂലൈ 20ലെ എൻടിഎ വെബ്സൈറ്റിൽ ലഭ്യമായ പൊതു അറിയിപ്പിൽ വിവരിച്ചിരിക്കുന്ന നടപടിക്രമങ്ങൾ പാലിക്കണമെന്നും ഏജൻസി നിർദേശിച്ചു.