"ഓപ്പറേഷൻ 'തൂഫാൻ'; കേരളം ഒറ്റക്കെട്ടായി ഏറ്റെടുക്കേണ്ട ദൗത്യം " : മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്ക്‌ മരുന്ന് ശൃംഖലയെ വാഴാൻ അനുവദിക്കില്ലെന്നും അവരെ ഇവിടെ നിന്നും ആട്ടിയോടിക്കുമെന്നും ഇത് നാട് ഒറ്റക്കെട്ടായി എടുക്കുന്ന തീരുമാനമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി. മയക്കു മരുന്ന് ലോബിക്കെതിരായി സംസ്ഥാനത്ത് ആഭ്യന്തര വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ തുടങ്ങിയ ഓപ്പറേഷൻ തൂഫാൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.നമ്മുടെ നാടിൻ്റെ പുരോഗതിയുടെ നാഴികക്കല്ലായി പറയുന്ന നാടിൻ്റെ യുവത്വത്തെ മയക്കി കിടത്താനും അവരെ ഇല്ലാതാക്കാനുമുള്ള ഏറ്റവും വലിയ കാരണങ്ങളലൊന്നാണ് മയക്ക് മരുന്ന് എന്ന് മുഖ്യമന്ത്രി പറഞ്ഞു."ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണി മയക്ക് മരുന്ന് വ്യാപനമാണ്. ജനസംഖ്യയുടെ 60 മുതൽ 65 ശതമാനം വരുന്ന യുവാക്കളെ ഇല്ലാതാക്കാനാണ് മയക്ക്‌മരുന്ന് ലോബിയുടെ ശ്രമം. മയക്ക് മരുന്നിൻ്റെ ഉപയോഗം കാരണം കുറ്റകൃത്യങ്ങൾ നിറയുകയാണ്.മക്കൾ മാതാപിതാക്കളെ കൊല്ലുന്ന ഭയാനകമായ സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. ചെറുപ്പക്കാരെയും കുട്ടികളെയും ലക്ഷ്യം വെച്ചാണ് മയക്കുമരുന്ന് മാഫിയ പ്രവർത്തിക്കുന്നത്" വിഡി സതീശൻ പറഞ്ഞു. ഇത് സർക്കാർ മാത്രമല്ല എല്ലാവരും ചേർന്ന് നടപ്പാക്കുന്ന ദൗത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കുറ്റകൃത്യങ്ങൾ നടക്കുന്നതിൻ്റെ സ്വാഭാവം മാറിയിരിക്കുന്നുവെന്നും ജന്മം നൽകിയ മാതാപിതാക്കളെ വരെ കൊല്ലുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലഹരി മാഫിയയ്‌ക്കെതിരെ രമേശ് ചെന്നിത്തല

യുവാക്കളെ വഴിതെറ്റിക്കുന്ന മരണത്തിൻ്റെ വ്യാപാരികളാണ് മയക്ക് മരുന്ന് ലോബിയെന്നും ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടക്കുന്ന മയക്ക് മരുന്ന് വേട്ടയിൽ കാരവാനിൽ കയറി പരിശോധിക്കില്ലെന്ന തോന്നൽ ആർക്കും വേണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.പണമോ പദവിയോ നോക്കിയാവില്ല പൊലീസിൻ്റെ ഇടപെടൽ. സ്റ്റാർ ഹോട്ടലുകളിലും ഡിജെ പാർട്ടികളിലും മയക്ക് മരുന്ന് ഉപയോഗം നിർത്തണം. അതിന് വേണ്ടിയല്ല പാർട്ടികൾ സംഘടിപ്പിക്കേണ്ടത്. കേരളത്തിലെ മയക്ക് മരുന്ന് ശൃംഖലയ്ക്ക് അന്തർ സംസ്ഥാന ബന്ധമുണ്ട്. അതിനെ തകർക്കാൻ കേരള പൊലീസ് പദ്ധതി ആവിഷ്‌ക്കരിച്ച് കഴിഞ്ഞിട്ടുണ്ട്. പദ്ധതി നടപ്പാക്കുമ്പോൾ ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥർ ഇതിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചാൽ അവർക്കെതിരെ കർശന നടപടിയെടുക്കും.

പൊതുജനങ്ങളിൽ നിന്നും മയക്ക് മരുന്ന് ശ്രംഖലയെപ്പറ്റി വിവരം തരുന്നവരുടെ പേരുകൾ രഹസ്യമായി സൂക്ഷിക്കും. അവർക്ക് പൂർണ്ണ സംരക്ഷണം പൊലീസ് ഉറപ്പാക്കും. പൊലീസ് സ്‌റ്റേഷനുകൾ ജനസേവന കേന്ദ്രങ്ങളാക്കി മാറ്റും. അവിടെ കയറി പ്രതികളെ മോചിപ്പിച്ച് കൊണ്ട് പോകുന്ന കാലം കഴിഞ്ഞു. ലഹരി വിൽപ്പനക്കാർ ഇതിൻ്റെ വ്യാപാരം അവസാനിപ്പിച്ചില്ലെങ്കിൽ നിയമത്തിൻ്റെ കരങ്ങൾ അവരെ തേടിയെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.പതിനാല് ജില്ലകളിൽ തൻ്റെ നേതൃത്വത്തിൽ ലഹരിക്കെതിരായി വാക്കത്തോണ്‍ സംഘടിപ്പിച്ചിരുന്നുവെന്നും എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകളും അതിനോട് സഹകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. "ആയിര കണക്കിന് അമ്മമാരും സഹോദരികളും ഇതിൽ പങ്കെടുത്തു. നമ്മുടെ നാടിനെ വിഴുങ്ങുന്ന മയക്ക് മരുന്ന് ശൃംഖലയെ നശിപ്പിക്കണം" അദ്ദേഹം പറഞ്ഞു.

പുട്ട വിമലാദിത്യ നോഡൽ ഓഫീസർ

ഓപ്പറേഷൻ തൂഫാൻ്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യയെ നിയമിച്ചതായും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. നിലവിൽ ഇൻ്റലിജൻസ് ഐജി കൂടിയായ അദ്ദേഹം തൂഫാൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. നർക്കോട്ടിക്ക് സെല്ലും ക്രൈംബ്രാഞ്ചും ഉൾപ്പെടെയുള്ള പൊലീസ് സംവിധാനം ഇതിൻ്റെ ഭാഗമാകും. ഓപ്പറേഷൻ തൂഫാനെപ്പറ്റിയുള്ള ലഘു വീഡിയോ പ്രദർശനവും ചടങ്ങിൽ നടന്നു. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും തൂഫാൻ വാളൻ്റിയർമാർക്ക് ബാഡ്‌ജ് നൽകുന്നതിൻ്റെ ഭാഗമായി കോട്ടൺഹിൽ സ്‌കൂളിലെ തൂഫാൻ വാളൻ്റിയർമാർക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ബാഡ്‌ജ് നൽകി.സംസ്ഥാനത്തെ എല്ലാ ക്യാമ്പസിലും തൂഫാൻ കൊടിയും സ്ഥാപിക്കും. മന്ത്രിമാരായ എം ലിജു, എൻ ഷംസുദ്ദീൻ, കെ മുരളീധരൻ, സിപി ജോൺ, ശശി തരൂർ എംപി, ഡജിപി രവത ചന്ദ്രശേഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പുട്ട വിമലാദിത്യ ഐപിഎസിൻ്റെ നേതൃത്വത്തിൽ മയക്ക് മരുന്ന് ഉപയോഗിക്കുന്നവരേയും കച്ചവടക്കാരേയും അരിച്ചുപെറുക്കി ലഹരി വ്യാപനം നിർത്തിപ്പിക്കുമെന്ന് കേരള പൊലീസ് ദൃഢനിശ്ചയം ചെയ്‌തുവെന്ന് അദ്ദേഹം പറഞ്ഞു