ട്രെയിനിൽ നിന്നും പോലീസിനെ വെട്ടിച്ച് ചാടിയ പോക്‌സോ കേസ് പ്രതി മഹാബലേശ്വറിൽ വെച്ച് വീണ്ടും പിടിയിൽ

ട്രെയിനിൽ നിന്നും പോലീസിനെ വെട്ടിച്ച് ചാടിയ പോക്‌സോ കേസ് പ്രതി മഹാബലേശ്വറിൽ വെച്ച് വീണ്ടും പിടിയിൽ

മുംബൈ /കണ്ണൂർ: ട്രെയിനിൽ കണ്ണൂരിലേക്ക് കൊണ്ടുവരുന്നതിനിടെ പോലീസ് കസ്റ്റഡിയിൽ നിന്ന് അതിസാഹസികമായി ചാടി രക്ഷപ്പെട്ട പോക്‌സോ  കേസ് പ്രതിയെ കണ്ണൂർ ടൗൺ പോലീസ് വീണ്ടും പിടികൂടി. പുണെ സ്വദേശിയായ സഞ്ജുരാജ് മൽഹോത്ര (45)യെയാണ് മഹാരാഷ്ട്രയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മഹാബലേശ്വറിൽ വെച്ച് പോലീസ് സംഘം തന്ത്രപൂർവ്വം വലയിലാക്കിയത്. ഇയാളെ ഉടൻ തന്നെ കണ്ണൂർ ടൗൺ സ്റ്റേഷനിലെത്തിച്ച ശേഷം കോടതിയിൽ ഹാജരാക്കും.കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ സ്വകാര്യ ലോഡ്‌ജിൽ വെച്ച് പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രധാന പ്രതിയാണ് സഞ്ജുരാജ് മൽഹോത്ര. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി പുണെയിലുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പോലീസ് കഴിഞ്ഞദിവസം അവിടെ ചെന്ന് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, ഇയാളെ തെളിവെടുപ്പിനായി കണ്ണൂരിലേക്ക് ട്രെയിൻ മാർഗ്ഗം കൊണ്ടുവരുന്നതിനിടെയാണ് പോലീസിനെ വെട്ടിച്ച് ചാടി രക്ഷപ്പെട്ടത്.കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പുണെ-എറണാകുളം എക്സ്പ്രസിൽ കണ്ണൂരിലേക്കുള്ള യാത്രാമധ്യേ മഹാരാഷ്ട്രയിലെ രത്നഗിരി സ്റ്റേഷനിൽ തീവണ്ടി നിർത്തിയപ്പോഴായിരുന്നു പ്രതി വിലങ്ങുകളോടെ പോലീസിനെ തള്ളിമാറ്റി പുറത്തേക്ക് ചാടിയത്.പ്രതി ട്രെയിനിൽ നിന്നും ചാടിയതോടെ ഒപ്പമുണ്ടായിരുന്ന പോലീസ് സംഘവും രത്നഗിരിയിൽ തീവണ്ടിയിറങ്ങി പ്രദേശിക പോലീസിന്റെ സഹായത്തോടെ വ്യാപക തിരച്ചിൽ ആരംഭിച്ചു. തുടർന്ന് പ്രതിയുടെ നീക്കങ്ങൾ നിരീക്ഷിച്ച പോലീസ് സംഘം ഇയാൾ മഹാബലേശ്വറിലേക്ക് കടന്നതായി കണ്ടെത്തുകയും അവിടെയെത്തി വളഞ്ഞ് പിടികൂടുകയുമായിരുന്നു. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് ഉൾപ്പെടെ സബ് ഇൻസ്‌പെക്ടറുടെ (SI) നേതൃത്വത്തിലുള്ള നാലംഗ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ രണ്ട് ദിവസത്തിനുള്ളിൽ വീണ്ടും കൂട്ടിലടച്ചത്. പ്രതിക്കെതിരെ കസ്റ്റഡിയിൽ നിന്നും ചാടിപ്പോയതിന് ഐപിസി പ്രകാരം പുതിയ കേസ് കൂടി രജിസ്റ്റർ ചെയ്യും.