ശബരിമല: കുറ്റക്കാർ ആരായാലും ശിക്ഷിക്കപ്പെടും, എസ്ഐടി അന്വേഷണം നിരീക്ഷിക്കുകയാണെന്ന് ദേവസ്വം മന്ത്രി

ശബരിമല: കുറ്റക്കാർ ആരായാലും ശിക്ഷിക്കപ്പെടും, എസ്ഐടി അന്വേഷണം നിരീക്ഷിക്കുകയാണെന്ന് ദേവസ്വം മന്ത്രി

കോട്ടയം:  ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കുറ്റം ചെയ്‌തവർ ശിക്ഷിക്കപ്പെടണമെന്നതാണ് സർക്കാരിൻ്റെ വ്യക്തവും ഉറച്ചതുമായ നിലപാടെന്ന് ദേവസ്വം, ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ. കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ നൽകിയ റിപ്പോർട്ടുകളും ഉയർന്നുവന്ന ആരോപണങ്ങളും സർക്കാർ സസൂക്ഷ്‌മം നിരീക്ഷിച്ചു വരികയാണെന്നും അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്ന സമയത്ത് സർക്കാർ കൃത്യമായ നിലപാട് അറിയിക്കുമെന്നും കോട്ടയത്ത്‌ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കികൂടുതൽ അറസ്റ്റ് നടക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി എസ്ഐടി ആണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അന്വേഷണം നടത്തിയ ഡിജിപിക്ക് പങ്കുണ്ടെന്നാണ് മാധ്യമ വാർത്തയെന്നും തങ്ങൾ അത് സസൂക്ഷ്‌മം വീക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് നടന്ന അന്വേഷണങ്ങളെക്കുറിച്ചും നിലവിലെ എസ്‌ഐടി റിപ്പോർട്ടുകളിലെ വിവരങ്ങളെക്കുറിച്ചും മാധ്യമങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതിൽ എസ്ഐടി തന്നെയാണ് ആവശ്യമായ തീരുമാനങ്ങൾ എടുക്കേണ്ടതെന്നും അതിൽ നിയമപരമായ ഇടപെടലുകൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൂനെയിൽ സിജെപി നയിച്ച  പ്രതിഷേധ മാർച്ച്‌ 

ആരോഗ്യ മേഖലയിലെ ന്യൂനതകൾ പരിഹരിക്കാൻ അദാലത്തുകൾ

കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്‌ടർമാരില്ലായെന്ന പരാതി പരിഹരിക്കുമെന്നും ഇതിനെക്കുറിച്ച് കേരളത്തിലാകമാനം ആക്ഷേപമുണ്ടെന്നും അത് ഞങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.വിവിധ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ കുറവും കോട്ടയം മെഡിക്കൽ കോളജിലെ റേഡിയേഷൻ ഉപകരണങ്ങളുടെ കാലാവധി അവസാനിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും മന്ത്രി മറുപടി നൽകി. മെഡിക്കൽ കോളജുകൾ മുതൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വരെയുള്ള എല്ലാ തലങ്ങളിലുമുള്ള പ്രശ്‌നങ്ങളും ന്യൂനതകളും കണ്ടെത്തി ഉടനടി പരിഹരിക്കാനാണ് സർക്കാർ അദാലത്തുകൾ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.കോട്ടയം മെഡിക്കൽ കോളജിലെ ഉപകരണങ്ങളുടെ കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ പുതിയ സംവിധാനങ്ങൾ സജ്ജമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മെഡിക്കൽ കോളജിൻ്റെ വികസനവും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ തത്സമയം തന്നെ സുതാര്യമായി മാധ്യമങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ മാസം തന്നെ ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ(SIT) പ്രവർത്തനങ്ങളെക്കുറിച്ചും മന്ത്രി കെ മുരളീധരൻ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലും നിയന്ത്രണത്തിലും എസ്‌ഐടി അന്വേഷണം നടക്കുന്നതതിനാൽ കേസിൻ്റെ പുരോഗതിയെക്കുറിച്ചോ എസ്‌ഐടി റിപ്പോർട്ടുകളെക്കുറിച്ചോ സർക്കാരിന് കൃത്യമായ വിവരങ്ങൾ ലഭിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.