ഇവിഎം ഹാക്കിങ് വിവാദം : ആഭ്യന്തര മന്ത്രിക്ക് പരാതി നൽകുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
കാസർകോട്: ഇവിഎം ഹാക്കിങ്ങിന്റെ പേരില്‍ വിവാദം മുറുകുന്നതിനിടെ പ്രതികരണവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി. ഇവിഎം ഹാക്കിങ്ങുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൾ ശരിയാണെങ്കിൽ ക്രിമിനൽ കുറ്റകൃത്യമാണെന്നും ഇത് തെരഞ്ഞെടുപ്പ് അട്ടിമറിയാണെന്നും ഉണ്ണിത്താൻ പറഞ്ഞു.സംഭവത്തിൽ അന്വേഷണം നടത്തണമെന്നും താൻ ആഭ്യന്തര മന്ത്രിക്ക് രേഖാമൂലം പരാതി നൽകുമെന്നും വ്യക്തമാക്കി. പാർട്ടിക്കുള്ളിൽ ചർച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമല്ല ഇത്. ഏത് ഉന്നതനായാലും ശിക്ഷിക്കപ്പെടണം. വ്യക്തിഹത്യ ആർക്കും ഭൂഷണമല്ല. മാധ്യമങ്ങൾക്ക് വാർത്ത നൽകിയവർ പരാതി കൂടി നൽകാൻ തയ്യാറാകണം. ഇത് ജനാധിപത്യത്തെ അട്ടിമറിക്കാൻ നടത്തിയ ശ്രമമാണ്. ഇനി ഇത്തരമൊരു സംഭവം കേരളത്തിൽ ആവർത്തിക്കാൻ പാടില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
ഇവിഎം ഹാക്കിങ്ങ് വിവാദം
നിയമസഭ തെരഞ്ഞെടുപ്പിൽ കാസർകോട്, ഉദുമ, മഞ്ചേശ്വരം മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കോൺഗ്രസ് നേതാവ് സമീപിച്ചെന്നാണ് പ്രധാന ആരോപണം. ഇവിഎം ഹാക്കിങ്ങിന് ബിജെപി പദ്ധതിയിടുന്നുണ്ടെന്നും ഇത് തടയാൻ തന്റെ പക്കൽ സാങ്കേതിക വിദ്യയുണ്ടെന്നും ജനവിധി അനുകൂലമാക്കാമെന്നും പറഞ്ഞ് പണം തട്ടിയെന്നാണ് ആരോപണം. കാസർകോട്, ഉദുമ മണ്ഡലങ്ങളിൽ നിന്ന് ഇതിനായി പണം നൽകിയെന്നും മഞ്ചേശ്വരത്തെ സ്ഥാനാർഥി വഴങ്ങിയില്ലെന്നുമാണ് ആരോപണം. വിഷയത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയതായി സൂചനയുണ്ട്. ചൊവ്വാഴ്ച നടന്ന യുഡിഎഫ് ജില്ലാ കമ്മിറ്റി യോഗത്തിൽ വിഷയം ചർച്ചയായതായും പറയപ്പെടുന്നു. ഇവിഎം ഹാക്ക് ചെയ്ത് ഫലം അനുകൂലമാക്കാമെന്ന് വാഗ്ദാനം നൽകി വഖഫ് ബോർഡ് മുൻ സിഇഒ അഡ്വ. ബിഎം ജമാലിന്റെ പേരിൽ തന്നോടും പണം ആവശ്യപ്പെട്ടിരുന്നുവെന്ന് കാസർക്കോട്ടെ ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന ഷാനവാസ് പാദൂർ വെളിപ്പെടുത്തിയിരുന്നു. ആദ്യം അഡ്വാൻസ് തരാനും വിജയിച്ച ശേഷം ബാക്കി തുക നൽകിയാൽ മതിയെന്നുമായിരുന്നു വാഗ്ദാനം. എന്നാൽ തെരഞ്ഞെടുപ്പ് അട്ടിമറിയാണെന്ന് മനസിലായത് കൊണ്ട് അതിന് വഴങ്ങിയില്ലെന്നും കാസർകോട് മണ്ഡലത്തിലെ ഫലം അട്ടിമറിക്കപ്പെട്ടിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ തനിക്കെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി ബിഎം ജമാൽ രംഗത്തെത്തി. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ കല്ലട്ര മാഹിൻ ഹാജിയെയും എകെഎം അഷ്റഫിനെയും താന്‍ ബന്ധപ്പെട്ടിട്ടില്ലെന്നും ഉദുമയിലെ ചീഫ് ഏജന്റ് എന്ന നിലയിൽ കെ. നീലകണ്ഠനുമായി മാത്രമേ സ്ഥിരം ബന്ധപ്പെട്ടിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഈ ആരോപണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇവിഎം ഹാക്ക് തട്ടിപ്പ് പാർട്ടി അന്വേഷിക്കുമെന്ന് കെപിസിസി പ്രസിഡൻ്റും മന്ത്രിയുമായ സണ്ണി ജോസഫും വ്യക്തമാക്കിയിരുന്നു. ഉയർന്ന പരാതിയുടെ വിശദാംശങ്ങൾ പരിശോധിക്കും. പുറത്തുവന്ന വിവരങ്ങൾ ശരിയാണെങ്കിൽ ഗൗരവമുള്ളതാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
ജാതി നോക്കി പുനഃസംഘടന ഉണ്ടാകരുത്
കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചോദ്യത്തിന് ജാതി നോക്കി പുനഃസംഘടന ഉണ്ടാവരുത് എന്നായിരുന്നു എംപിയുടെ മറുപടി. കഴിവുള്ളവരെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണം. പാരമ്പര്യവും പൈതൃകവും യോഗ്യതയും മാനദണ്ഡം ആകണം. ജാതി സമവാക്യങ്ങൾ അവസാനിച്ചാലേ പാർട്ടി നേതൃത്വം കരുത്തുറ്റതാകൂ. നിലപാടുകൾ ഉള്ളയാളായിരിക്കണം കെപിസിസി പ്രസിഡൻ്റ് എന്നും അദ്ദേഹം വ്യക്തമാക്കി.കൂടാതെ, ഓൾ ഇന്ത്യാ കോൺഗ്രസ് കമ്മിറ്റി കർണാടകത്തിലെ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റുമാരെ മാറ്റാനും ഡിസിസി പുനസഃഘടിക്കാനും തീരുമാനം എടുത്തിട്ടുണ്ട്. അതിൽ രണ്ട് ജില്ലയുടെ ചാർജ് ഓൾ ഇന്ത്യാ കോൺഗ്രസ് കമ്മിറ്റി എനിക്കാണ് തന്നിട്ടുള്ളത്. അത് കുടകും മൈസൂരുമാണ്. എന്നാൽ ഡൽഹി പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിൽ താൻ അടക്കമുള്ള എംപിമാർക്ക് കർണാടകയിൽ പോകാൻ സാധിച്ചിട്ടില്ല. ഓഗസ്റ്റ് 13 വരെയാണ് പാർലമെൻ്റ് സമ്മേളനം നടക്കുന്നത്. പാർലമെൻ്റ് കലുഷിതമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ പുനഃസംഘടനെയെപ്പറ്റി നേതാക്കന്മാർക്ക് ചർച്ച നടത്താൻ പറ്റിയ ഒരു സാഹചര്യമല്ല. 13-ാം തീയതിക്ക് ശേഷം തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
https://www.worldm.news/keralam/sunny-joseph-says-complaint--33976