'കോണ്‍ഗ്രസ് സ്ത്രീ വിരുദ്ധ പാര്‍ട്ടിയെന്ന് ശശി തരൂര്‍ പറഞ്ഞു'; ആരോപണവുമായി കിരണ്‍ റിജിജു

'കോണ്‍ഗ്രസ് സ്ത്രീ വിരുദ്ധ പാര്‍ട്ടിയെന്ന് ശശി തരൂര്‍ പറഞ്ഞു'; ആരോപണവുമായി കിരണ്‍ റിജിജു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ത്രീ വിരുദ്ധ പാര്‍ട്ടിയാണെന്ന് ശശി തരൂര്‍ എംപി പരോക്ഷമായി തന്നോട് സമ്മതിച്ചതായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു. അടുത്തിടെ നടന്ന പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം നടന്ന സ്വകാര്യ സംഭാഷണത്തിലാണ് തരൂര്‍ ഇക്കാര്യം പറഞ്ഞതെന്നാണ് റിജിജുവിന്റെ വെളിപ്പെടുത്തല്‍. പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്‍ പരാജയപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷത്തിനെതിരെ ബിജെപി ആക്രമണം ശക്തമാക്കുന്നതിനിടെയാണ് വെളിപ്പെടുത്തല്‍.കോണ്‍ഗ്രസ് പാര്‍ട്ടി സ്ത്രീവിരുദ്ധമായിരിക്കാം, പക്ഷേ തന്നെയാരും സ്ത്രീവിരുദ്ധനായി കണക്കാക്കില്ലെന്നാണ് തരൂര്‍ പാര്‍ലമെന്റ് ഹാളില്‍ വെച്ച് തന്നോട് പറഞ്ഞത്. ആരും നിങ്ങളെ സ്ത്രീവിരുദ്ധന്‍ എന്ന് വിളിക്കില്ലെന്ന് സമ്മതിക്കുന്നു, പക്ഷേ നിങ്ങളുടെ പാര്‍ട്ടി സ്ത്രീവിരുദ്ധമാണെന്ന് താന്‍ തരൂരിനോട് പറഞ്ഞതായും റിജിജു കൂട്ടിച്ചേര്‍ത്തു. തരൂരിന്റെ പരാമര്‍ശം ബിജെപിയുടെ നിലപാടിനെ പരോക്ഷമായി അംഗീകരിക്കുന്നതിന് തുല്യമാണെന്നും കേന്ദ്രമന്ത്രി വാദിച്ചു.വനിതാ സംവരണ ബില്ലിനും അനുബന്ധ ഭരണഘടനാ ഭേദഗതികള്‍ക്കും എതിരായി പ്രതിപക്ഷം വോട്ട് ചെയ്തതിന് പിന്നാലെ കോണ്‍ഗ്രസ് സ്ത്രീവിരുദ്ധമാണെന്നാണ് ബിജെപി ആരോപിച്ചിരുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ തടഞ്ഞുവെന്ന് ആരോപിച്ച് കോണ്‍ഗ്രസിനെതിരെ ബിജെപി കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്. ഭരണഘടനാ ഭേദഗതിയിലൂടെ (131ാം ഭേദഗതി) വനിതാ സംവരണം നടപ്പിലാക്കാന്‍ ലോക്‌സഭാ സീറ്റുകള്‍ 543-ല്‍ നിന്ന് 816-ലേക്ക് വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍ത്തിരുന്നു. സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുന്നത് ബിജെപിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്നും ജനസംഖ്യാ നിയന്ത്രണം മികച്ച രീതിയില്‍ നടപ്പിലാക്കിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ഇത് ദോഷകരമായി ബാധിക്കുമെന്നുമാണ് പ്രതിപക്ഷത്തിന്റെ വാദം. എന്നാല്‍ സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിച്ച പ്രതിപക്ഷത്തിന് രാജ്യത്തെ സ്ത്രീകള്‍ അര്‍ഹമായ മറുപടി നല്‍കുമെന്ന് കിരണ്‍ റിജിജു വ്യക്തമാക്കി.