ടെലഗ്രാം നിരോധനം: കേന്ദ്ര സർക്കാരിന് ഡൽഹി ഹൈക്കോടതിയുടെ അടിയന്തര നോട്ടീസ്; സ്റ്റേ ആവശ്യപ്പെട്ടുള്ള ഹർജി നാളെ വീണ്ടും പരിഗണിക്കും

ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി രാജ്യത്ത് ടെലഗ്രാം ആപ്പ് താൽക്കാലികമായി നിരോധിച്ച കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ കമ്പനി സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതി കേന്ദ്രത്തിന് അടിയന്തര നോട്ടീസ് അയച്ചു പ്ലാറ്റ്‌ഫോം പെട്ടെന്ന് നിരോധിച്ച കേന്ദ്ര നീക്കം ഇന്ത്യയിലെ 150 ദശലക്ഷത്തിലധികം (15 കോടി) ഉപയോക്താക്കളെ കടുത്ത പ്രതിസന്ധിയിലാക്കുമെന്നും, അതിനാൽ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ടെലഗ്രാം കോടതിയെ സമീപിച്ചത്.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന കമ്പനിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. എന്നാൽ, ഹർജിയിൽ കൃത്യമായ വിശദീകരണം നൽകാനും മറുപടി ഫയൽ ചെയ്യാനും കേന്ദ്ര സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് കോടതി കേസ് വ്യാഴാഴ്ചവീണ്ടും പരിഗണിക്കാനായി മാറ്റി വെക്കുകയായിരുന്നു.
വരുന്ന ജൂൺ 21-നാണ് വിവാദമായ നീറ്റ് യു.ജി (NEET-UG) പുനഃപരീക്ഷ നടക്കാൻ പോകുന്നത്. ഈ പരീക്ഷയ്ക്ക് മുന്നോടിയായി ചോദ്യപേപ്പർ ചോർച്ച മാഫിയകളെ തടയാൻ എന്ന പേരിൽ പ്ലാറ്റ്‌ഫോമിലേക്കുള്ള പ്രവേശനം കേന്ദ്ര ഐ.ടി മന്ത്രാലയം താൽക്കാലികമായി നിയന്ത്രിക്കുകയായിരുന്നു. എന്നാൽ, ചോദ്യപേപ്പർ ചോരുന്നതിന്റെ യഥാർത്ഥ അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കാതെയും, കുറ്റവാളികളെ പിടികൂടാതെയും ലക്ഷക്കണക്കിന് സാധാരണക്കാർ ഉപയോഗിക്കുന്ന ഒരു പ്ലാറ്റ്‌ഫോമിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയ കേന്ദ്ര നയത്തിനെതിരെ രാജ്യവ്യാപകമായി ഇതിനകം തന്നെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. നാളത്തെ ഹൈക്കോടതി വിധി ടെലഗ്രാമിൻ്റെ ഇന്ത്യൻ വിപണിയിലെ മുന്നോട്ട് പോക്കിന് ഏറെ നിർണ്ണായകമാകും.