യുഎഇ വ്യോമപാത തുറന്നു; ഫുജൈറയിലും അബുദാബിയിലും വീണ്ടും ഡ്രോൺ ആക്രമണം

യുഎഇ വ്യോമപാത തുറന്നു; ഫുജൈറയിലും അബുദാബിയിലും വീണ്ടും ഡ്രോൺ ആക്രമണം

അബുദാബി: പശ്ചിമേഷ്യൻ  സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മുൻകരുതലിൻ്റെ ഭാഗമായി അടച്ചിട്ടിരുന്ന യുഎഇയിലെ വ്യോമപാത ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി പുനഃസ്ഥാപിച്ചു. രാജ്യത്ത് വീണ്ടും ഡ്രോൺ ആക്രമണം ഉണ്ടായതിനെത്തുടർന്നാണ് വ്യോമാതിർത്തി ഭാഗികമായി അടച്ചിരുന്നത്. പുലർച്ചെ 3.40ഓടെ ദുബായിൽനിന്നു വിമാനങ്ങൾ പുറപ്പെട്ടതിന് പിന്നാലെയായിരുന്നു വ്യോമപാത പൂർണമായും അടയ്ക്കുന്നതായി ഔദ്യോഗിക അറിയിപ്പ് വന്നത്.യുഎഇയെ ലക്ഷ്യമിട്ടുണ്ടായ ആക്രമണങ്ങളെ പ്രതിരോധ സേന നേരിടുന്ന സമയത്തായിരുന്നു നടപടി. ആക്രമണങ്ങൾ മൂലം അപകടങ്ങളോ തീപിടിത്തമോ ഉണ്ടായാൽ അത് വലിയ ദുരന്തങ്ങൾക്ക് കാരണമാകാതിരിക്കാനാണ് അതോറിറ്റി ജാഗ്രത പാലിച്ചത്. ഒരു മണിക്കൂറോളം നീണ്ട നിയന്ത്രണങ്ങൾക്ക് ശേഷം വ്യോമപാത  വീണ്ടും തുറന്നു.

സർവീസ് നടത്തേണ്ടിയിരുന്ന വിമാനങ്ങൾക്ക് ചെറിയ കാലതാമസം ഉണ്ടായേക്കാമെങ്കിലും ഷെഡ്യൂൾ ചെയ്ത മറ്റ് വിമാനങ്ങളെല്ലാം കൃത്യസമയത്ത് തന്നെ സർവീസ് നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പുലർച്ചെ 4 മണിയോടെയാണ് യുഎഇയിൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനെ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി സ്വീകരിച്ച മുൻകരുതൽ മാത്രമായിരുന്നു ഗതാഗത നിയന്ത്രണം.

ഫുജൈറയിലും അബുദാബിയിലും ഡ്രോൺ ആക്രമണം

അതേസമയം ഫുജൈറയിൽ വീണ്ടും ഡ്രോൺ ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. യുഎഇയെ സംബന്ധിച്ചും അന്താരാഷ്ട്ര എണ്ണ വിപണിയെ സംബന്ധിച്ചും അതീവ പ്രാധാന്യമുള്ള ഫുജൈറയിലെ ഓയിൽ ഇൻഡസ്ട്രിയൽ സോൺ കേന്ദ്രീകരിച്ചാണ് ആക്രമണം നടന്നത്. ഈ മേഖലയിൽ ഇത് അഞ്ചാമത്തെ തവണയാണ് ആക്രമണം ഉണ്ടാകുന്നത്.കഴിഞ്ഞ ചൊവ്വാഴ്ച ഉണ്ടായ സമാനമായ ആക്രമണത്തെത്തുടർന്നുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി പ്രദേശം സാധാരണ നിലയിലാക്കാൻ 5 ദിവസത്തോളം സമയമെടുത്തിരുന്നു. ഞായറാഴ്ചയോടെ പൂർണമായും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയെങ്കിലും തിങ്കളാഴ്ച രാത്രിയോടെ വീണ്ടും ആക്രമണം ഉണ്ടായ സാഹചര്യത്തിൽ ഓയിൽ സോൺ കേന്ദ്രീകരിച്ച് സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

വടക്കൻ ഇസ്രയേലിലും ഗൾഫ് രാജ്യങ്ങളിലുമായി ഇറാനും ഹിസ്ബുല്ലയും സംയുക്തമായി നടത്തുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ 18ാം ദിവസവും അതിരൂക്ഷമായി തുടരുകയാണ്. ഇസ്രയേലിൻ്റെയും ഗൾഫ് രാഷ്ട്രങ്ങളുടെയും പ്രതിരോധ സംവിധാനങ്ങളെ മറികടന്നുള്ള ആക്രമണങ്ങളിൽ നിരവധി നാശനഷ്ടങ്ങളും ആളപായവും ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.പുലർച്ചെ 3ന് ദുബായ് വിമാനത്താവളത്തിന് സമീപമുണ്ടായ ഡ്രോൺ ആക്രമണത്തിൽ എണ്ണ ടാങ്കറിന് തീപിടിച്ചു. സിവിൽ ഡിഫൻസ് സംഘം തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. സുരക്ഷാ മുൻകരുതലായി ദുബായ് എയർപോർട്ട് റോഡും ദുബായ് ടണലും അടച്ചിരുന്നു. അബുദാബിയിലെ ഷാ ഓയിൽ ഫീൽഡിലുണ്ടായ ഡ്രോൺ ആക്രമണത്തിലും തീപിടിത്തമുണ്ടായിട്ടുണ്ട്. അബുദാബിയിലെ മിസൈൽ ആക്രമണത്തിൽ ഒരു പലസ്തീൻ പൗരൻ കൊല്ലപ്പെട്ടു.

യുഎഇ ശക്തമായി ആക്രമണങ്ങളെ ചെറുക്കുന്നുണ്ടെന്ന് ദുബായ് മീഡിയ ഓഫിസ് സ്ഥിരീകരിച്ചു. വിമാന സർവീസുകൾ റദ്ദാക്കിയിട്ടില്ലെങ്കിലും ടേക്ക് ഓഫിലും ലാൻഡിങ്ങിലും കാലതാമസമുണ്ട്. പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മാർച്ച് 22ന് സ്പ്രിങ് അവധി അവസാനിച്ച ശേഷം നഴ്സറി മുതൽ യൂണിവേഴ്സിറ്റി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 2 ആഴ്ച കൂടി ഓൺലൈൻ ക്ലാസുകൾ തുടരാനാണ് ഭരണകൂടത്തിൻ്റെ തീരുമാനം.

സൗദിക്ക് നേരെയും ആക്രമണം

സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയും മധ്യമേഖലയിലെ അൽഖർജും ലക്ഷ്യമാക്കി എത്തിയ 37 ഡ്രോണുകളും മറ്റൊരു ശ്രമത്തിലുണ്ടായ 33 ഡ്രോണുകളും സൗദി പ്രതിരോധസേന തകർത്തു. അമേരിക്കൻ സൈനിക താവളങ്ങൾക്ക് പുറമേ രാജ്യത്തിൻ്റെ സാമ്പത്തിക സ്രോതസ്സ് പൂർണമായും തകർക്കുക എന്ന ലക്ഷ്യത്തോടെ പ്രധാന ഓയിൽ പ്ലാൻ്റുകളും നിരന്തരം ആക്രമിക്കപ്പെടുകയാണ്. റൂബൽ ഖാലി മരുഭൂമിയിലെ ഷൈബ എണ്ണപ്പാടത്തിന് നേരെ 75ൽ അധികം തവണയാണ് ആക്രമണ ശ്രമങ്ങളുണ്ടായത്. അയൽ രാജ്യങ്ങളിലെ വിമാനയാത്രകൾ മുടങ്ങാതിരിക്കാൻ സൗദി തങ്ങളുടെ വിമാനത്താവളങ്ങൾ തുറന്നു നൽകിയിട്ടുണ്ട്. ഗൾഫ് എയർ ദമാം വഴിയും ഇറാഖി എയർവേയ്സ് അറാർ വഴിയും കുവൈറ്റ് എയർവേയ്സ് കൈസുമ വഴിയുമാണ് നിലവിൽ സർവീസ് നടത്തുന്നത്. ചരക്ക് നീക്കത്തിനായി ജിദ്ദ ഉൾപ്പെടെയുള്ള തുറമുഖങ്ങളും സൗദി വിട്ടുനൽകി.

രൂക്ഷമായി ഇസ്രയേൽ - ലെബനൻ യുദ്ധം

വടക്കൻ ഇസ്രയേലിലെ നഹരിയ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഹിസ്ബുല്ലയുടെയും ഇറാൻ്റെയും മിസൈലുകൾ നേരിട്ട് പതിച്ച് വൻ തീപിടിത്തമുണ്ടായി. ആക്രമണത്തിൽ പരിക്കേറ്റ 6 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഇസ്രയേൽ സ്ഥിരീകരിച്ചു. 3 രാജ്യങ്ങൾ പിന്നിട്ടെത്തുന്ന മിസൈലുകൾ ഇസ്രയേലിൻ്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ നിഷ്പ്രഭമാക്കിയാണ് ലക്ഷ്യസ്ഥാനത്ത് പതിച്ചത്. ലെബനനിൽ ഇസ്രയേൽ സൈന്യവും ഹിസ്ബുല്ലയും തമ്മിലുള്ള കരയുദ്ധത്തിലും വ്യോമാക്രമണങ്ങളിലുമായി ഇതുവരെ 900ൽ അധികം സിവിലിയന്മാർ കൊല്ലപ്പെട്ടു. ഇറാനകത്തും വലിയ തോതിലുള്ള ആക്രമണങ്ങൾ നടക്കുന്നുണ്ട്. 4 ദിവസം കൊണ്ട് യുദ്ധം അവസാനിപ്പിക്കുമെന്ന ഇസ്രയേലിൻ്റെ അവകാശവാദങ്ങൾക്കിടെയാണ് 18ാം ദിവസവും ഇറാനും ഹിസ്ബുല്ലയും പ്രത്യാക്രമണം കടുപ്പിക്കുന്നത്.

നയതന്ത്ര നീക്കങ്ങളും പ്രവാസികളുടെ ആശങ്കയും

ഗൾഫ് മേഖലയിലെ സംഘർഷം പ്രവാസികളെയും വ്യാപാര മേഖലയെയും വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. വിമാന സർവീസുകൾ വെട്ടിച്ചുരുക്കിയതും ടിക്കറ്റ് നിരക്കുകളിലെ വൻ വർധനയും കാരണം പെരുന്നാൾ അവധിക്ക് നാട്ടിൽ പോകാനിരുന്ന ഭൂരിഭാഗം പ്രവാസികളും യാത്ര ഒഴിവാക്കി. സ്ഥിതിഗതികൾ വിലയിരുത്താൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഈജിപ്ഷ്യൻ പ്രധാനമന്ത്രിയുമായി ടെലിഫോൺ ചർച്ച നടത്തി. സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ, ഇന്ത്യ, പാകിസ്ഥാൻ, അസർബൈജാൻ, പോർച്ചുഗൽ, ജോർദാൻ, ബഹ്റൈൻ, കുവൈറ്റ്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായും ആശയവിനിമയം നടത്തിയിട്ടുണ്ട്. ഈജിപ്ത് വിദേശകാര്യമന്ത്രി നേരിട്ട് റിയാദിലെത്തി സൗദി വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും സൗദി ആഭ്യന്തര മന്ത്രി ബഹ്റൈൻ, കുവൈറ്റ് ആഭ്യന്തര മന്ത്രിമാരുമായി ചർച്ച നടത്തുകയും ചെയ്തു.ഇതിനിടെ കുവൈറ്റിൽ 16 ഹിസ്ബുല്ല പ്രവർത്തകരെ അധികൃതർ പിടികൂടി. ബഹ്റൈനിലും കഴിഞ്ഞ ദിവസം രാവിലെ അപായ സൈറൻ മുഴങ്ങിയിരുന്നു. ജനജീവിതത്തെ ബാധിക്കുന്ന രീതിയിൽ ആക്രമണം തുടരുന്നത് അമേരിക്കയുമായുള്ള ചർച്ചയ്‌ക്കോ അല്ലെങ്കിൽ ഒരു വെടിനിർത്തലിനോ വഴിയൊരുക്കാനുള്ള ഇറാൻ്റെ കടുത്ത സമ്മർദതന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്. മേഖലയിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും അടിയന്തര നയതന്ത്ര ഇടപെടൽ ഉണ്ടാകണമെന്നും യുഎഇയും സൗദി അറേബ്യയും ആവശ്യപ്പെട്ടിട്ടുണ്ട്.