വഖഫ് നിയമനം : പിണറായി വിജയൻ വർഗീയ പ്രചാരണം നടത്തുന്നുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വഖഫ് ബോർഡിൽ മുസ്‌ലിം ഇതര പ്രതിനിധികളെ ഉൾപ്പെടുത്താമെന്ന മുൻ സർക്കാരിൻ്റെ തീരുമാനത്തെച്ചൊല്ലി പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎമ്മും വർഗീയ പ്രചാരണം നടത്തുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കേന്ദ്ര സർക്കാർ പാസാക്കിയ പുതിയ വഖഫ് നിയമത്തിന് ശേഷം രാജ്യത്ത് ആദ്യമായി ബോർഡ് രൂപീകരിച്ചത് കേരളത്തിലാണ്.കഴിഞ്ഞ സർക്കാർ ബോർഡ് പുനഃസംഘടിപ്പിച്ചുകൊണ്ട് ഇറക്കിയ ഉത്തരവിൽ രണ്ട് മുസ്‌ലിം ഇതര പ്രതിനിധികളെ പിന്നീട് ഉൾപ്പെടുത്തുമെന്ന് വ്യക്തമാക്കിയിരുന്നു. ബാർ കൗൺസിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് പൊതുകാര്യ പ്രസക്തരിൽ നിന്നും ബാർ കൗൺസിലിൽ നിന്നുമുള്ള പ്രതിനിധികളെ പിന്നീട് നിയമിക്കാമെന്ന് അന്ന് വ്യക്തമാക്കിയത്.പുതിയ ബോർഡ് രൂപീകരണവുമായി ബന്ധപ്പെട്ട് നാല് ഹർജികളാണ് ഹൈക്കോടതിയിൽ വന്നത്. മുസ്‌ലിം ഇതര പ്രതിനിധികളെ ഉൾപ്പെടുത്തിയില്ല, ഷിയാ, ബോറ, ആഖാഖാനി, പിന്നാക്ക വിഭാഗങ്ങൾക്ക് പ്രാതിനിധ്യം നൽകിയില്ല, സെക്ഷൻ 14 പാലിച്ചില്ല, യോഗ്യരല്ലാത്തവരെ ഉൾപ്പെടുത്തി എന്നീ വിഷയങ്ങളാണ് ഹർജിക്കാർ ഉന്നയിച്ചത്. പരാതികൾ പരിശോധിച്ച് ബോർഡ് പുനഃസംഘടിപ്പിക്കാമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചെങ്കിലും ഹർജികൾ തള്ളിയില്ല. തുടർന്ന് സുപ്രീം കോടതിയെ സമീപിച്ച വഖഫ് ബോർഡ്, സെക്ഷൻ 14 പ്രകാരം മുസ്‌ലിം ഇതര അംഗങ്ങളെ ഉൾപ്പെടുത്താമെന്ന് അറിയിച്ചു.
മുൻ സർക്കാരിൻ്റെ കാലത്തെ ഉത്തരവുകളും സത്യവാങ്മൂലങ്ങളും മറച്ചുവച്ചാണ് പ്രതിപക്ഷം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തമിഴ്‌നാട്ടിൽ രണ്ട് മുസ്‌ലിം ഇതര പ്രതിനിധികളെ നിയമിക്കുന്ന വിഷയം മാത്രമാണ് സുപ്രീം കോടതിയിലുള്ളതെന്നും കേരളത്തിലെ സാഹചര്യം വ്യത്യസ്തമാണെന്നും അദ്ദേഹം വിശദീകരിച്ചു.
കൂടിക്കാഴ്ചവിവാദം
മുഖ്യമന്ത്രിയെ കാണാൻ അനുമതി നൽകുന്നില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. പ്രതിദിനം ആയിരക്കണക്കിന് ആളുകളാണ് കാണാൻ വരുന്നത്. തൻ്റെ ഓഫിസ് ഇതുവരെ ഒരാൾക്കും കൂടിക്കാഴ്ച നിഷേധിച്ചിട്ടില്ല. കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസിനെ കണ്ടില്ലെന്ന വാർത്തകളും അദ്ദേഹം നിഷേധിച്ചു. എറണാകുളം ഗസ്റ്റ് ഹൗസിൽ ഉണ്ടായിരുന്ന വിവരം അദ്ദേഹത്തെ അറിയിച്ചിരുന്നു. പ്രധാനമന്ത്രി പങ്കെടുക്കുന്ന റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടന ചടങ്ങിനായി തേവര കോളജിൽ നിന്ന് വേഗത്തിൽ പോവുകയായിരുന്നു. പിന്നീട് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി പരാതികൾ കേട്ടു. രാഷ്ട്രീയ വ്യത്യാസമില്ലാതെ എസ്എഫ്ഐ, എൻജിഒ യൂണിയൻ, കെഎസ്ടിഎ, ഹിന്ദു ഐക്യവേദി പ്രതിനിധികൾക്കും എംഎൽഎമാർക്കും കാണാൻ അവസരം നൽകുന്നുണ്ട്. ഗവൺമെൻ്റ് പ്ലീഡർമാരുടെ നിയമനം സർക്കാരാണ് തീരുമാനിക്കുന്നത്. 140ൽ അധികം പേരെ നിയമിച്ചതിൽ രണ്ട് പരാതികൾ ലഭിച്ചെങ്കിലും ഒന്ന് പിൻവലിച്ചു. എജി, ഡിജിപി എന്നിവർ നിർദേശിക്കുന്ന അഭിഭാഷകരെയും പരിഗണിക്കേണ്ടി വരും. ഡോ. റാമിൻ്റെ അറസ്റ്റുമായി ബന്ധപ്പെട്ട് വീഴ്ച സംഭവിച്ചുവെന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അന്വേഷണ സംഘത്തെ മാറ്റി. ആഭ്യന്തര മന്ത്രിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ടാറ്റാ നിക്ഷേപവും വ്യവസായവും
സംസ്ഥാന സർക്കാരുമായി ടാറ്റാ ഗ്രൂപ്പ് ചർച്ചകൾ നടത്തിയിട്ടില്ലെന്ന വാർത്തകൾ തെറ്റാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, പ്രതിനിധികൾ താനുമായി സംസാരിക്കുന്ന ചിത്രം പുറത്തുവിട്ടു. മലബാർ സിമൻ്റ്സും കൊച്ചിൻ പോർട്ടുമായി ബന്ധപ്പെട്ട വെസൽ ബിൽഡിങ് വിഷയത്തിൽ സർക്കാർ തീരുമാനമെടുത്തു. വ്യവസായ വകുപ്പിലെ രണ്ട് ഏജൻസികൾ തമ്മിൽ കണ്ടെയ്‌നർ ഫ്രൈറ്റ് സ്റ്റേഷൻ തുടങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കം പരിഹരിച്ചു. കൊച്ചിയിൽ ഓഷ്യനേറിയം, ഇൻ്റർനാഷണൽ മാരിടൈം മ്യൂസിയം എന്നിവ ആരംഭിക്കാൻ നടപടിയായി. പിപിപി മോഡൽ ഉൾപ്പെടെ പരിഗണനയിലുണ്ട്. സംസ്ഥാനത്തിൻ്റെ മാരിടൈം പോളിസി വേഗത്തിൽ പ്രഖ്യാപിക്കും. ആദ്യഘട്ടത്തിൽ 10,000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നുണ്ട്. പോർട്ട് സിറ്റിയുടെ ഏവിയേഷൻ ഹബ്ബ്, എംഎസ്എംഇ, സ്പേസ് ഇക്കോണമി മേഖലകളിൽ നിക്ഷേപത്തിന് അവസരമുണ്ട്.
നീറ്റ് പ്രതിഷേധം
നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്രമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തിയ സമരത്തോട് കേന്ദ്ര സർക്കാർ ക്രൂരമായ സമീപനമാണ് സ്വീകരിച്ചത്. ഡൽഹിയിൽ പ്രതിഷേധിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ, കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവരെ പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്‌തു.ജനാധിപത്യവിരുദ്ധമായ നടപടിയാണിത്. നേതാക്കൾക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കേരള നിയമസഭ പ്രമേയം പാസാക്കി കേന്ദ്ര സർക്കാരിന് അയച്ചിട്ടുണ്ട്.
റാഗിങ് തടയാൻ കർശന നിയമം
സംസ്ഥാനത്തെ കോളജുകളിൽ റാഗിങ് തടയാൻ കർശന നിയമം കൊണ്ടുവരും. പരാതികൾ രഹസ്യമായി അറിയിക്കാൻ സിദ്ധാർഥ് എന്ന പേരിൽ മൊബൈൽ ആപ്പ് സജ്ജമാക്കും. കാമ്പസുകളിൽ വിദ്യാർഥികൾ നേരിടുന്ന അതിക്രമങ്ങൾ ഇല്ലാതാക്കാനാണ് പുതിയ നിയമം. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഉപസമിതി നൽകുമ്പോൾ പരിഗണിക്കും. ഓണത്തിൻ്റെ ഭാഗമായി കയർ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ പ്രത്യേക കാമ്പയിൻ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.