ധവളപത്രം കേരള നിയമസഭയില്‍; ശക്തമായ എതിർപ്പുമായി പ്രതിപക്ഷം

ധവളപത്രം കേരള നിയമസഭയില്‍; ശക്തമായ എതിർപ്പുമായി  പ്രതിപക്ഷം

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം നിയമസഭയില്‍ . ധനവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി വിഡി സതീശനാണ് ധവളപത്രം നിയമസഭയുടെ മേശപ്പുറത്ത് വച്ചത്. ഇതിനിടെ വിയോജനക്കുറിപ്പുമായി പ്രതിപക്ഷം രംഗതെത്തി. മുൻ ധനമന്ത്രി കെ എൻ ബാലഗോപാലാണ് വിയോജനക്കുറിപ്പ് നൽകിയത്.

രാവിലെ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം ഇതിന് ഔദ്യോഗികമായി അംഗീകാരം നൽകിയിരുന്നു. സംസ്ഥാനത്തെ സാമ്പത്തിക യാഥാർഥ്യങ്ങൾ ജനങ്ങളെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ നീക്കം നടത്തിയത്. മുൻ സർക്കാർ ഭരണം ഒഴിയുമ്പോൾ സംസ്ഥാന ഖജനാവിൽ ബാക്കിയുണ്ടായിരുന്നത് 5000 കോടി രൂപ മാത്രമായിരുന്നുവെന്ന് രേഖകൾ വ്യക്തമാക്കുന്നു. സംസ്ഥാനത്തിൻ്റെ നിലവിലെ ഭീമമായ കടബാധ്യതയും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും മുഖ്യമന്ത്രി സഭയെ അറിയിച്ചു.വിദഗ്‌ധ സമിതി റിപ്പോർട്ട്

മുൻ കാബിനറ്റ് സെക്രട്ടറി കെഎം ചന്ദ്രശേഖരൻ അധ്യക്ഷനായ വിദഗ്ധ സമിതിയാണ് ധവളപത്രം തയ്യാറാക്കിയത്. കഴിഞ്ഞ സർക്കാർ ബാക്കിവച്ച മൊത്തം കടബാധ്യതയുടെ കൃത്യമായ കണക്കുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ച സാമ്പത്തിക വിഹിതത്തിൻ്റെ വിശദാംശങ്ങളും, ഈ തുക യഥാർഥ ആവശ്യങ്ങൾക്കായാണോ ചെലവഴിച്ചത് എന്നതിൻ്റെ കണക്കുകളും പൂർണമായി ധവളപത്രത്തിലുണ്ട്.കേന്ദ്ര വിഹിതം കൃത്യമായി ഉപയോഗപ്പെടുത്താത്ത സാഹചര്യങ്ങളും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. വിവിധ വകുപ്പുകളിൽ കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് പരിധിയില്ലാതെ തുക ചെലവഴിച്ചതിൻ്റെ വിവരങ്ങളും സമിതി വിശദമായി പരിശോധിച്ചു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി നിലനിൽക്കെ നടന്ന അനാവശ്യമായ സർക്കാർ ചെലവുകൾ, പാഴ്ച്ചെലവുകൾ, വൻ തോതിലുള്ള ധൂർത്ത് എന്നിവ സംബന്ധിച്ച വിവരങ്ങളും ധവളപത്രം കൃത്യമായി അക്കമിട്ട് നിരത്തുന്നു.

വരും വർഷങ്ങളിൽ സംസ്ഥാനത്തിൻ്റെ റവന്യു കമ്മിയും ധനകമ്മിയും കുറച്ചുകൊണ്ടുവരാനുള്ള കർശന നിർദേശങ്ങൾ നടപ്പിലാക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. അടിയന്തരമായി വിട്ടുവീഴ്ചയില്ലാത്ത സാമ്പത്തിക അച്ചടക്കം പാലിച്ചില്ലെങ്കിൽ സംസ്ഥാനം താങ്ങാനാവാത്ത സാമ്പത്തിക പതനത്തിലേക്ക് നീങ്ങുമെന്നാണ് സമിതി നൽകുന്ന പ്രധാന മുന്നറിയിപ്പ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വരുമാനം വർധിപ്പിക്കുന്നതിനുള്ള ഹ്രസ്വകാല, ദീർഘകാല പദ്ധതികളും സമിതി സമർപ്പിച്ചിട്ടുണ്ട്.

വിയോജിപ്പുമായി പ്രതിപക്ഷം 

ധവളപത്രം സഭയുടെ മേശപ്പുറത്ത് വച്ചതിന് തൊട്ടുപിന്നാലെ മുൻ ധനമന്ത്രി കെഎൻ ബാലഗോപാൽ ശക്തമായ വിയോജനക്കുറിപ്പുമായി രംഗത്തെത്തി. സർക്കാർ നടപടി പൂർണമായും ചട്ടവിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു. ഭരണഘടനാപരമായി സംസ്ഥാനത്തിൻ്റെ ധനസ്ഥിതി പരിശോധിക്കേണ്ട അധികാരം സി ആൻഡ് എജിക്കാണ്. ഈ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി സർക്കാർ സമാന്തരമായി രേഖകൾ പുറത്തുവിടുന്നത് മുഖ്യമന്ത്രി നടത്തിയ സത്യപ്രതിജ്ഞയുടെ നഗ്നമായ ലംഘനമാണെന്നും ബാലഗോപാൽ ചൂണ്ടിക്കാട്ടി.

ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതികരിച്ചിരുന്നു. നിയമസഭയ്ക്ക് പുറത്തും ഗൗരവമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ ലക്ഷ്യങ്ങൾ മാത്രമാണ് ധവളപത്രത്തിന് പിന്നിലെന്നാണ് മുഖ്യ ആരോപണം. ഭരണ പരാജയം മറച്ചുപിടിക്കാനും മുൻ സർക്കാർ നടപ്പിലാക്കിയ വലിയ വികസന പദ്ധതികളെ ഇകഴ്ത്തി കാണിക്കാനും വേണ്ടിയാണ് ഭരണപക്ഷം ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തി.

സംസ്ഥാന സര്‍ക്കാരിന്‍റെ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ പുറത്തുപോകുന്നത് ഭരണഘടനാ വിരുദ്ധവും ചട്ടലംഘനവുമാണെന്ന് ഇതുസംബന്ധിച്ച് പ്രതിപക്ഷം  ക്രമപ്രശ്നത്തിൽ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ധവളപത്രം തയ്യാറാക്കുന്നതിന് ഒരു മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയാതായാണ് മുഖ്യമന്ത്രി മുന്‍പ് അറിയിച്ചിട്ടുള്ളത്. ഈ മൂന്ന് പേരും സര്‍ക്കാര്‍ സംവിധാനത്തിന് പുറത്തുള്ളവരാണ്. ഇതിന് മുന്‍പ് ഈ സഭയില്‍ സമര്‍പ്പിച്ച ധവളപത്രങ്ങള്‍ ധനകാര്യ വകുപ്പാണ് തയ്യാറാക്കിയിട്ടുള്ളത്. അതാണ് കീഴ്വഴക്കം. എന്നാല്‍ ധനകാര്യ വകുപ്പിനെ ഇരുട്ടില്‍ നിര്‍ത്തി ബാഹ്യ സംവിധാനം ഏര്‍പ്പെടുത്തിയാണ് ഇത്തരത്തിലൊരു രേഖ തയ്യാറാക്കി സഭയില്‍ വയ്ക്കുന്നത്. ഇത് ഒരു ഔദ്യോഗിക രേഖയല്ല. ഇതിന് നിയമപരമായ ഒരു പിന്‍ബലമില്ല. ഈ സഭ അങ്ങനെ ഒരു രേഖ ഉണ്ടാക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. സര്‍ക്കാര്‍ വ്യവസ്ഥാപിത നടപടിക്രമങ്ങള്‍ പാലിക്കാതെ രഹസ്യസ്വഭാവമുള്ള ധനകാര്യ വകുപ്പിന്‍റെ രേഖകള്‍ ഇത്തരത്തില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ഇല്ലാത്തവരെ ഏല്‍പ്പിച്ചത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇതുസംബന്ധിച്ച് സ്പീക്കറുടെ റൂളിംഗ് പ്രതീക്ഷിക്കുന്നതായും പ്രതിപക്ഷം അറിയിച്ചു.കഴിഞ്ഞ പത്തുവര്‍ഷത്തെ സര്‍ക്കാരിന്റെ വരുമാന ചോര്‍ച്ചയും ധൂര്‍ത്തും ധവളപത്രത്തില്‍ ഇടംപിടിക്കുമെന്നാണ് സൂചന. കിഫ്ബി ഉണ്ടാക്കിയ സാമ്പത്തിക ബാദ്ധ്യത, നികുതി പിരിവിലെ പ്രശ്‌നങ്ങള്‍, കേന്ദ്രത്തില്‍ നിന്ന് പല ഇനങ്ങളിലായി ലഭിച്ചിട്ടുള്ള തുക, ഇതിന്റെ ചെലവഴിക്കല്‍, വകമാറ്റി ചെലവഴിക്കല്‍ തുടങ്ങിയ കാര്യങ്ങളും വിശദമായി പ്രതിപാദിച്ചേക്കും. സര്‍ക്കാര്‍ ഖജനാവിന്റെ ഇപ്പോഴത്തെ കൃത്യമായ അവസ്ഥയും വ്യക്തമാക്കും.സംസ്ഥാനത്തിന്റെ നിലവിലെ സമ്പദ്വ്യവസ്ഥയെക്കുറിച്ച് വിസ്മയിപ്പിക്കുന്ന ഒരു ധവളപത്രം വരുന്നുണ്ടെന്നും അതില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ സാമ്പത്തിക വീഴ്ചകള്‍ക്കുള്ള കൃത്യമായ മറുപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ സഭയില്‍ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രത്തില്‍ നിന്ന് മുമ്പ് എന്ത് കിട്ടി, ഇപ്പോള്‍ എന്ത് കിട്ടുന്നില്ല എന്നതിനെക്കുറിച്ചെല്ലാം ധവളപത്രത്തില്‍ വ്യക്തമാക്കുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു.

തുടർനടപടികൾ

എന്നാൽ, സംസ്ഥാനം വർത്തമാനകാലത്ത് നേരിടുന്ന കടുത്ത സാമ്പത്തിക വെല്ലുവിളികൾ സുതാര്യമായി ജനങ്ങളെ ബോധ്യപ്പെടുത്താൻ ഇത്തരം നടപടികൾ അനിവാര്യമാണെന്ന് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നു. വലിയ സാമ്പത്തിക ബാധ്യതകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ദൈനംദിന ചെലവുകൾക്ക് പോലും പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. കിഫ്ബി വഴിയുള്ള വായ്പകളും ക്ഷേമപെൻഷൻ പ്രതിസന്ധികളും വികസനത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു.സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തിക്കൊണ്ട് ക്ഷേമപ്രവർത്തനങ്ങൾ തുടരാനുള്ള നടപടികൾക്കാണ് സർക്കാർ മുൻഗണന നൽകുന്നത്. നിയമസഭയിലെ വിശദമായ ചർച്ചകൾക്ക് ശേഷം മുഖ്യമന്ത്രി ഔദ്യോഗികമായി വാർത്താസമ്മേളനം നടത്തുമെന്നാണ് വിവരം. ഇതിൽ ധവളപത്രത്തിലെ വിവരങ്ങൾ കൂടുതൽ വ്യക്തതയോടെ പുറത്തുവരും. സാമ്പത്തിക അച്ചടക്കം ഉറപ്പാക്കാനുള്ള കർശന തീരുമാനങ്ങളും സർക്കാരിൻ്റെ ഭാഗത്തുനിന്നും ഉടനെയുണ്ടാകും.