FIFA WORLD CUP 2026: ഫ്രഞ്ച് പടയെ തകർത്ത് സ്പെയിൻ ലോകകപ്പ് ഫൈനലിൽ

FIFA WORLD CUP 2026: ഫ്രഞ്ച് പടയെ തകർത്ത്  സ്പെയിൻ ലോകകപ്പ് ഫൈനലിൽ

ന്യൂയോർക്ക്:  ലോകമെമ്പടുമുള്ള ഫുട്ബോൾ ആരാധകരെ ആവേശത്തിൻ്റെ  കൊടുമുടിയിലേറ്റിയ ഒന്നാം സെമി ഫൈനൽ പോരാട്ടത്തിൽ കരുത്തരായ ഫ്രാൻസിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തകർത്ത് സ്പെയിൻ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. ഇതിഹാസ സമാനമായ പ്രകടനത്തോടെ 2010-ൽ ആദ്യമായി ലോകകിരീടം ചൂടിയ ശേഷം ഇതാദ്യമായാണ് സ്പാനിഷ് പട ഫുട്ബോൾ ലോകകപ്പിൻ്റെ  കലാശപ്പോരാട്ടത്തിന് യോഗ്യത നേടുന്നത്. ലാമിൻ യമാലിന്‍റെ തന്ത്രപരമായ നീക്കങ്ങളും മിഖേൽ ഒയാർസബാൽ, പെഡ്രോ പോറോ എന്നിവരുടെ ഗോളുകളുമാണ് സ്പെയിനിന് ചരിത്രവിജയം സമ്മാനിച്ചത്. 2010-ൽ ലോകകിരീടം ചൂടിയതിന് ശേഷം ആദ്യമായാണ് സ്പെയിൻ കലാശപ്പോരാട്ടത്തിന് യോഗ്യത നേടുന്നത്.


Spain's Pedro Porro celebrates scoring their second goal, Dallas Stadium, Arlington, Texas

മത്സരത്തിന്‍റെ 22-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഒയാർസബാലാണ് സ്പെയിനിനെ മുന്നിലെത്തിച്ചത്. കഴിഞ്ഞ ദിവസം 19-ാം ജന്മദിനം ആഘോഷിച്ച ലാമിൻ യമാലിന്‍റെ വേഗതയ്ക്ക് മുന്നിൽ ഫ്രഞ്ച് ഡിഫൻഡർ ലൂക്കാസ് ഡീൻ ബോക്സിനുള്ളിൽ പിഴവ് വരുത്തിയതിനാണ് പെനാൽറ്റി ലഭിച്ചത്. ഡീനിന്‍റെ കയ്യിൽ പന്ത് തട്ടിയതിന് പിന്നാലെ താരം യമാലിനെ ഫൗൾ ചെയ്യുകയായിരുന്നു. ടൂർണമെന്‍റില്‍ ഒയാർസബാലിന്‍റെ അഞ്ചാം ഗോളായിരുന്നു ഇത്. ഈ ലോകകപ്പിലെ തങ്ങളുടെ മുൻപത്തെ ആറ് മത്സരങ്ങളിലും ഫ്രാൻസ് ഒരിക്കൽ പോലും ഗോൾ വഴങ്ങി പിന്നിലാകേണ്ടി വന്നിട്ടില്ല എന്ന പ്രത്യേകതയുമുണ്ട്.

കരുത്ത് തെളിയിച്ച് പെഡ്രോ പോറോ

തുടർന്ന് 58-ാം മിനിറ്റിൽ സ്പെയിൻ ഫ്രാൻസിന്‍റെ നെഞ്ചകം തകർത്ത് രണ്ടാം ഗോളും നേടി. ഡാനി ഓൽമോയുമായി ചേർന്ന് നടത്തിയ മനോഹരമായ വൺ-ടു-വൺ പാസിനൊടുവിൽ പെഡ്രോ പോറോയാണ് പന്ത് ഫ്രഞ്ച് വലയിലാക്കിയത്. പിന്നാലെ യമാൽ അടിച്ച മറ്റൊരു മനോഹര ഗോൾ നേരിയ ഓഫ്‌സൈഡ് വിധിയിൽ നിഷേധിക്കപ്പെടുകയും ചെയ്തു.അന്താരാഷ്ട്ര ഫുട്ബോളിലെ വലിയ വേദികളിൽ തുടർച്ചയായ മൂന്നാം വർഷമാണ് സ്പെയിൻ ഫ്രാൻസിനെ സെമിഫൈനലിൽ പുറത്താക്കുന്നത്. 2024-ലെ യൂറോ കപ്പ് സെമിയിലും തൊട്ടടുത്ത വർഷത്തെ നേഷൻസ് ലീഗിലും സ്പെയിൻ ഫ്രാൻസിനെ തോൽപ്പിച്ചിരുന്നു. മത്സരത്തിന് മുൻപ് ഫ്രാൻസ് തങ്ങളെ ഭയപ്പെടണമെന്ന് യമാൽ പറഞ്ഞ വാക്കുകൾ മൈതാനത്ത് അന്വർത്ഥമാകുന്ന കാഴ്ചയാണ് കണ്ടത്.

ഈ വിജയത്തോടെ 2024 മാർച്ചിന് ശേഷം റഗുലർ ടൈമിൽ തോൽവി അറിയാത്ത തങ്ങളുടെ അപരാജിത കുതിപ്പ് 37 മത്സരങ്ങളിലേക്ക് (28 വിജയങ്ങൾ, 9 സമനിലകൾ) സ്പെയിൻ നീട്ടി. ഇതോടെ 2007-09 കാലഘട്ടത്തിലെ തങ്ങളുടെ പഴയ 35 മത്സരങ്ങളുടെ റെക്കോർഡും അവർ തിരുത്തിക്കുറിച്ചു. എന്നാൽ ലോകകപ്പിൽ തുടർച്ചയായ ആറ് വിജയങ്ങളെന്ന ഫ്രാൻസിന്‍റെ റെക്കോർഡ് കുതിപ്പിന് ഈ തോൽവിയോടെ അന്ത്യമായി. സ്പാനിഷ് ഗോൾകീപ്പർ ഉനായ് സിമോണിന്‍റെ മികച്ച ഫോമും ഫ്രാൻസിന് തിരിച്ചടിയായി.

തുടർച്ചയായ മൂന്നാം ലോകകപ്പ് ഫൈനൽ സ്വപ്‌നം കണ്ടിറങ്ങിയ ഫ്രാൻസിന് ഇനി ശനിയാഴ്‌ച ഫ്ലോറിഡയിലെ മിയാമി ഗാർഡൻസിൽ നടക്കുന്ന മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ കളിക്കേണ്ടി വരും. ഞായറാഴ്‌ച ന്യൂജേഴ്‌സിയിലെ വിഖ്യാതമായ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന മഹാപോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീനയോ ഇംഗ്ലണ്ടോ ആയിരിക്കും സ്പെയിനിന്‍റെ എതിരാളികൾ.