ഫിഫ ലോകകപ്പ് പാനലിൽ നിന്ന് നീക്കം ചെയ്യപ്പെട്ട ഡച്ച് റഫറി അന്തരിച്ചു.

ലണ്ടൻ : ഡച്ച് ഫുട്ബോൾ റഫറിയും വീഡിയോ അസിസ്റ്റന്റ് റഫറിയുമായ റോബ് ഡൈപെറിങ്ക് (38) അന്തരിച്ചു . 2026 ഫിഫ ലോകകപ്പിലെ ഔദ്യോഗിക റഫറിമാരുടെ പട്ടികയിൽ ഇടംപിടിച്ചതിന് പിന്നാലെ, ഗുരുതരമായ ആരോപണങ്ങളെത്തുടർന്ന് അദ്ദേഹത്തെ ടീമിൽ നിന്ന് നീക്കം ചെയ്തിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് അപ്രതീക്ഷിത വിയോഗം. മരണകാരണം വ്യക്തമല്ല.പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് ലണ്ടൻ മെട്രോപൊളിറ്റൻ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ വിവാദത്തെത്തുടർന്നാണ് ലോകകപ്പ് ആരംഭിക്കുന്നതിന് ഒരു മാസം മുൻപ് ഡൈപെറിങ്കിനെ ഫിഫയുടെ ഔദ്യോഗിക ടീമിൽ നിന്ന് ഒഴിവാക്കിയത്. എന്നാൽ, തെളിവുകളുടെ അഭാവത്തിൽ പിന്നീട് കേസ് അവസാനിപ്പിച്ചിരുന്നു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും താൻ നിരപരാധിയാണെന്നും അന്ന് ഡൈപെറിങ്ക് പ്രതികരിച്ചിരുന്നു.2017 മുതൽ നെതർലൻഡ്സിലെ പ്രമുഖ ഫുട്ബോൾ ലീഗായ എറെഡിവിസിയിൽ റഫറിയായി പ്രവർത്തിച്ചുവരികയായിരുന്നു അദ്ദേഹം. 2024-ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും വാർ റഫറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തിൽ ഡച്ച് ഫുട്ബോൾ അസോസിയേഷനും ഫിഫയും അനുശോചനം രേഖപ്പെടുത്തി. അങ്ങേയറ്റം ആദരണീയനായ ഒരു റഫറിയെയാണ് തങ്ങൾക്ക് നഷ്ടമായതെന്ന് കെഎൻവിബി പ്രസ്താവനയിൽ വ്യക്തമാക്കി.