FIFA WORLD CUP 2026: നോർവെയെ തകർത്ത് ഇംഗ്ലണ്ട് ലോകകപ്പ് സെമിയിൽ

FIFA WORLD CUP 2026: നോർവെയെ തകർത്ത് ഇംഗ്ലണ്ട് ലോകകപ്പ് സെമിയിൽ

വാഷിങ്‌ടണ്‍:ഫിഫ ലോകകപ്പ് 2026 ക്വാർട്ടർ ഫൈനലിൽ നോർവെയെ 2-1ന് അധികസമയത്ത് കീഴടക്കി ഇംഗ്ലണ്ട് സെമിഫൈനലിലേക്ക് . ജൂഡ് ബെല്ലിങ്ഹാം നേടിയ ഇരട്ടഗോളുകളാണ് ത്രില്ലർ പോരാട്ടത്തിൽ ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. ചരിത്രത്തിലെ നാലാം ലോകകപ്പ് സെമിഫൈനലാണ് ഇംഗ്ലണ്ട് സ്വന്തമാക്കുന്നത്.നിശ്ചിത സമയത്ത് ഇരുടീമുകളും 1-1 ന് സമനില പാലിച്ചതിനെ തുടർന്ന് എക്‌സ്‌ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ 2-1 നായിരുന്നു ഇംഗ്ലണ്ടിൻ്റെ തകർപ്പൻ വിജയം.

ഇംഗ്ലണ്ടിനായി രണ്ട് ഗോളുകളും നേടി സൂപ്പർ താരം ജൂഡ് ബെല്ലിംഗ്ഹാം ഒരിക്കൽക്കൂടി ടീമിൻ്റെ രക്ഷകനായി അവതരിച്ചു. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ക്വാർട്ടറിൽ പ്രവേശിച്ച നോർവെയുടെ പടക്കുതിരകൾ ഇംഗ്ലണ്ടിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്. എന്നാൽ കളിയിലെ നിർണായക നിമിഷങ്ങളിൽ ഇംഗ്ലണ്ടിൻ്റെ കളി നിയന്ത്രിക്കാനും അവരെ വിജയത്തിലേക്ക് നയിക്കാനും ജൂഡ് ബെല്ലിംഗ്ഹാമെന്ന 23-കാരൻ റയൽ മാഡ്രിഡ് മധ്യനിര താരത്തിന് കഴിഞ്ഞു. ഈ ഇരട്ട ഗോളുകളോടെ ഈ ടൂർണമെൻ്റിൽ ബെല്ലിംഗ്ഹാമിൻ്റെ ഗോൾ നേട്ടം ആറായി ഉയർന്നു.മത്സരത്തിൻ്റെ തുടക്കം മുതൽ ഇംഗ്ലണ്ട് പന്ത് കൈവശം വയ്ക്കുന്നതിൽ ആധിപത്യം പുലർത്തിയെങ്കിലും ആദ്യം സ്കോർ ചെയ്തത് നോർവെയായിരുന്നു. 36-ാം മിനിറ്റിൽ അൻ്റോണിയോ നുസയ്ക്ക് പകരം ആദ്യ ഇലവനിൽ ഇടം നേടിയ ആൻഡ്രിയാസ് ഷെൽഡ്രൂപ്പ് ബോക്സിന്റെ ഇടതുഭാഗത്തുനിന്ന് തൊടുത്ത മനോഹരമായ ഷോട്ട് ഇംഗ്ലണ്ട് ഗോളി ജോർദാൻ പിക്ക്ഫോർഡിനെ കാഴ്ചക്കാരനാക്കി വലയിൽ പതിച്ചു (1-0).

ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ, ആൻ്റണി ഗോർഡൻ നൽകിയ പാസ് സ്വീകരിച്ച് മൂന്ന് ഡിഫെൻഡർമാരെ വെട്ടിച്ച് ബെല്ലിംഗ്ഹാം പന്ത് വലയിലെത്തിച്ചു (1-1). അതേസമയം, നോർവെയുടെ സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാളണ്ടിനെ ഇംഗ്ലീഷ് ഡിഫെൻഡർമാരായ ജോൺ സ്റ്റോൺസും മാർക്ക് ഗുവേഹിയും ചേർന്ന് കൃത്യമായി പൂട്ടിയതിനാൽ അദ്ദേഹത്തിന് അധികം അവസരങ്ങൾ ലഭിച്ചില്ല. രണ്ടാം പകുതിയിൽ നോർവെയുടെ ടോർബ്‌ജോൺ ഹെഗ്ഗെം നേടിയ ഗോൾ, ഹാളണ്ട് ഇംഗ്ലീഷ് താരത്തെ തള്ളിയിട്ടതായി വീഡിയോ അസിസ്റ്റൻ്റ്‌ റഫറി (VAR) കണ്ടെത്തിയതിനെ തുടർന്ന് റദ്ദാക്കി. ഇത് നോർവെ ക്യാമ്പിൽ വലിയ പ്രതിഷേധത്തിന് കാരണമായി.

90 മിനിറ്റിലും സമനില തുടർന്നതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്‌സ്ട്രാ ടൈം ആരംഭിച്ച് മൂന്നാം മിനിറ്റിൽ (93') ഇംഗ്ലീഷ് പകരക്കാരൻ താരം മോർഗൻ റോഗേഴ്സ് ബോക്സിന് പുറത്തുനിന്ന് തൊടുത്ത ശക്തമായ ഷോട്ട് നോർവീജിയൻ ഗോളി ഒർജാൻ നെയ്‌ലൻഡിൻ്റെ കൈകളിൽ തട്ടി തെറിച്ചു. തൊട്ടടുത്ത് നിലയുറപ്പിച്ചിരുന്ന ബെല്ലിംഗ്ഹാം ഒരു പുള്ളിപ്പുലിയുടെ വേഗതയിൽ പന്ത് ലക്ഷ്യത്തിലെത്തിച്ച് ഇംഗ്ലണ്ടിന് വിലപ്പെട്ട വിജയഗോൾ സമ്മാനിച്ചു. തുടർന്ന് എക്‌സ്‌ട്രാ ടൈമിൻ്റെ രണ്ടാം പകുതിയിൽ കടുത്ത ക്ഷീണം പ്രകടിപ്പിച്ച ഹാളണ്ടിനെ നോർവെ പരിശീലകൻ പിൻവലിച്ചതോടെ അവരുടെ തിരിച്ചടിക്കാനുള്ള എല്ലാ വഴികളും അടഞ്ഞു.

തോമസ് ടുഷെലിൻ്റെ കീഴിലിറങ്ങിയ ഇംഗ്ലണ്ട് ചരിത്രത്തിലെ തങ്ങളുടെ നാലാമത്തെ ലോകകപ്പ് സെമി ഫൈനലിലേക്കാണ് യോഗ്യത നേടിയിരിക്കുന്നത്. ജൂലൈ 15 ബുധനാഴ്ച അറ്റ്ലാൻ്റയിൽ നടക്കുന്ന സെമി ഫൈനലിൽ ഇംഗ്ലണ്ട്, അർജൻ്റീന - സ്വിറ്റ്സർലൻഡ് ക്വാർട്ടർ ഫൈനൽ മത്സരത്തിലെ വിജയികളെ നേരിടും. 1966-ന് ശേഷം ആദ്യമായി ഒരു ലോകകപ്പ് കിരീടം ഇംഗ്ലണ്ടിലേക്ക് എത്തിക്കാൻ തങ്ങൾക്ക് കഴിയുമെന്ന വലിയ പ്രതീക്ഷയിലാണ് ഇപ്പോൾ ആരാധകർ.