FIFA WORLD CUP 2026: ചരിത്ര വിജയം നേടി കാനഡ :ഖത്തറിനെ 6ഗോളുകൾക്ക് തോൽപ്പിച്ചു

വാൻകൂവർ:  വാൻകൂവറിലെ ബിസി പ്ലേസിൽ വ്യാഴാഴ്ച നടന്ന മത്സരത്തിൽ ജോനാഥൻ ഡേവിഡിന്റെ അതിശയിപ്പിക്കുന്ന ഹാട്രിക്കിലൂടെ ഒമ്പത് അംഗ ഖത്തറിനെ 6-0 ന് കാനഡ തകർത്തു. പക്ഷേ  ഖത്തറിനെതിരെ ചരിത്ര വിജയം സ്വന്തമാക്കിയ കാനഡയ്ക്ക് കനത്ത തിരിച്ചടിയായി മത്സരത്തിനിടയിൽ കനേഡിയൻ മിഡ്‌ഫീൽഡർ ഇസ്‌മയേൽ കോനെയ്ക്ക് (24) ഗുരുതരമായി പരിക്കേറ്റു. കളിയുടെ രണ്ടാം പകുതിയിൽ ഖത്തർ താരം അസിം മദിബോ കോനെയെ പിന്നിൽ നിന്ന് ഫൗൾ ചെയ്‌തതാണ് പരിക്കിന് കാരണമായത്. മദിബോയുടെ അപകടകരമായ ടാക്ലിംഗിൽ കോനെയുടെ ഇടതുകാലിന്‍റെ അസ്ഥി ഒടിയുന്ന ശബ്ദം ബെഞ്ചിലിരുന്നവർക്ക് പോലും കേൾക്കാമായിരുന്നുവെന്ന് കാനഡ കോച്ച് ജെസ്സി മാർഷ് വെളിപ്പെടുത്തി.പരിക്കേറ്റ ഉടൻ തന്നെ കോനെയെ വാൻകൂവറിലെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. താരം ഉടൻ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കോനെയുടെ പരിക്ക് കനേഡിയൻ ടീമിനെയും ആരാധകരെയും വലിയ രീതിയിൽ നിരാശരാക്കിയിട്ടുണ്ട്.

കാനഡ പൂർണ്ണമായും ആധിപത്യം പുലർത്തിയ മത്സരത്തിൽ ഖത്തർ താരങ്ങളുടെ പരുക്കൻ കളി കടുത്ത പ്രതിഷേധത്തിന് കാരണമായി. കോനെയെ ഫൗൾ ചെയ്‌ത അസിം മദിബോയ്ക്ക് റഫറി ചുവപ്പ് കാർഡ് നൽകി പുറത്താക്കി. ആദ്യ പകുതിയിൽ ഹോമാം അഹമ്മദും ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാൽ ഒമ്പത് താരങ്ങളുമായാണ് ഖത്തർ മത്സരം പൂർത്തിയാക്കിയത്.മത്സരത്തിലുടനീളം ഖത്തർ താരങ്ങൾ നടത്തിയ പരുക്കൻ ടാക്ലിംഗുകളിൽ കനേഡിയൻ താരങ്ങൾ കടുത്ത അതൃപ്‌തിയിലായിരുന്നു. ഇതേത്തുടർന്ന് ഫൈനൽ വിസിൽ മുഴങ്ങിയതിന് തൊട്ടുപിന്നാലെ ഇരുടീമിലെയും കളിക്കാർ ഗ്രൗണ്ടിൽ പരസ്‌പരം ഏറ്റുമുട്ടി. കാനഡ കോച്ച് ജെസ്സി മാർഷും ഖത്തർ കോച്ച് ജൂലൻ ലോപെറ്റെഗിയും തമ്മിലും മൈതാനത്ത് വാക്കേറ്റമുണ്ടായി. പിന്നീട് അസിം മദിബോ ആശുപത്രിയിലെത്തി കോനെയോട് വ്യക്തിപരമായി ക്ഷമാപണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.

കാനഡയ്ക്കായി മത്സരത്തിൽ ഹാട്രിക് നേടിയ സൂപ്പർ താരം ജൊനാഥൻ ഡേവിഡ് ഖത്തർ താരത്തിന്‍റെ ഫൗളിനെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. പന്ത് പിടിച്ചെടുക്കാൻ യാതൊരു സാധ്യതയുമില്ലാത്ത ഒരു സാഹചര്യത്തിൽ എതിർതാരത്തെ പരിക്കേൽപ്പിക്കാൻ വേണ്ടി മാത്രമാണ് ഖത്തർ താരം അത്തരമൊരു ഫൗൾ ചെയ്‌തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.കോനെയ്ക്ക് പകരക്കാരനായി ഇറങ്ങി മിനിറ്റുകൾക്കകം കാനഡയുടെ നാലാം ഗോൾ നേടിയ നഥാൻ സാലിബ, കോനെയുടെ ജേഴ്‌സി ഉയർത്തിപ്പിടിച്ചാണ് തന്‍റെ ഗോൾ ആഘോഷിച്ചത്. ഇത് ഗാലറിയെയും സഹതാരങ്ങളെയും ഒരുപോലെ വൈകാരികമായി ഒന്നിപ്പിച്ചു. ടീമിന്‍റെ വിജയത്തിൽ നിർണ്ണായക സ്വാധീനമുള്ള കോനെയുടെ അഭാവം വരാനിരിക്കുന്ന മത്സരങ്ങളിൽ കാനഡയ്ക്ക് വലിയ നഷ്ടമായിരിക്കുമെന്ന് ക്യാപ്റ്റൻ സ്റ്റീഫൻ യുസ്റ്റാക്വിയോ പറഞ്ഞു.