പൊരുതിവീണ് ഇന്ത്യ: എഫ്.ഐ.എച്ച് പ്രോ ലീഗ് ഹോക്കി മത്സരത്തിൽ ജർമ്മനിക്ക് ജയം

റോട്ടർഡാം: എഫ്.ഐ.എച്ച് പ്രോ ലീഗ് 2025-26 ഹോക്കി ടൂർണമെന്‍റില്‍ നിലവിലെ ലോക ചാമ്പ്യന്മാരായ ജർമ്മനിയോട് കടുത്ത പോരാട്ടത്തിനൊടുവിൽ ഇന്ത്യൻ പുരുഷ ടീമിന് തോൽവി. റോട്ടർഡാം ലെഗിൽ ഇന്നലെ നടന്ന തങ്ങളുടെ മൂന്നാം മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് (1-2) ഇന്ത്യ പരാജയപ്പെട്ടത്. മത്സരത്തിന്‍റെ ഭൂരിഭാഗം സമയവും ലീഡ് നിലനിർത്തിയ ശേഷമാണ് അവസാന നാല് മിനിറ്റിൽ വഴങ്ങിയ രണ്ട് ഗോളുകളിൽ ഇന്ത്യയ്ക്ക് കളി കൈവിടേണ്ടി വന്നത്.
ആദ്യ പകുതിയിലുടനീളം ശക്തമായ പ്രതിരോധ കോട്ട തീർത്ത് ജർമ്മനിയെ സമ്മർദ്ദത്തിലാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ആക്രമിച്ചു കളിച്ച ഇന്ത്യ രണ്ടാം ക്വാർട്ടറിൽ അഭിഷേകിലൂടെ മികച്ചൊരു അവസരം സൃഷ്ടിച്ചെങ്കിലും അത് ഗോളാക്കി മാറ്റാനായില്ല. എന്നാൽ മൂന്നാം ക്വാർട്ടറിന്‍റെ 38-ാം മിനിറ്റിൽ ഇന്ത്യ കാത്തിരുന്ന ഗോൾ പിറന്നു. ഇന്ത്യയ്ക്ക് ലഭിച്ച ആദ്യ പെനാൽറ്റി കോർണർ തന്‍റെ 100-ാം അന്താരാഷ്ട്ര മത്സരം കളിക്കുന്ന ജുഗ്രാജ് സിംഗ് ശക്തമായ ഡ്രാഗ്-ഫ്ലിക്കിലൂടെ ജർമ്മൻ വലയിലെത്തിച്ച് (1-0). മത്സരത്തില്‍ ഇന്ത്യ ശക്തമായ മുന്നേറ്റം നടത്തി.
മോഹിതിന്‍റെ തകർപ്പൻ പ്രതിരോധം
ഗോൾ വഴങ്ങിയതോടെ ജർമ്മനി തിരിച്ചടി ശക്തമാക്കി. മൂന്നാം ക്വാർട്ടറിന്‍റെ അവസാന നിമിഷങ്ങളിൽ ജർമ്മനിക്ക് തുടർച്ചയായി പെനാൽറ്റി കോർണറുകൾ ലഭിച്ചെങ്കിലും ഇന്ത്യൻ ഗോൾകീപ്പർ മോഹിത് എച്ച്.എസ് വന്മതിലായി നിലകൊണ്ടതോടെ ഇന്ത്യ തങ്ങളുടെ ലീഡ് നിലനിർത്തി അവസാന ക്വാർട്ടറിലേക്ക് പ്രവേശിച്ചു.
അവസാന നിമിഷങ്ങളിലെ നാടകീയത
നാലാം ക്വാർട്ടറിൽ ലീഡ് ഉയർത്താൻ ഷിലാനന്ദ് ലാക്രയ്ക്കും ഇന്ത്യൻ ടീമിനും പെനാൽറ്റി കോർണറുകളിലൂടെ ചില സുവർണ്ണാവസരങ്ങൾ ലഭിച്ചെങ്കിലും അവ ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. ഇത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായി. കളി അവസാനിക്കാൻ നാല് മിനിറ്റ് മാത്രം ബാക്കിനിൽക്കെ (56-ാം മിനിറ്റിൽ) ജസ്റ്റസ് വെയ്ഗൻഡ് പെനാൽറ്റി കോർണറിലൂടെ ജർമ്മനിക്ക് സമനില സമ്മാനിച്ചു (1-1).
മത്സരം സമനിലയിൽ അവസാനിക്കുമെന്ന് കരുതിയിരിക്കെ, കളി തീരാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ ജർമ്മനിക്ക് അനുകൂലമായി വീണ്ടും പെനാൽറ്റി കോർണർ ലഭിച്ചു. 60-ാം മിനിറ്റിൽ ജേക്കബ് ബ്രില്ല ഈ അവസരം ഗോളാക്കി മാറ്റിയതോടെ ജർമ്മനി 2-1 ന് നാടകീയ വിജയം സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മത്സരത്തില്‍ ഇന്ത്യ ജര്‍മ്മനിയെ തോല്‍പ്പിച്ചിരുന്നു. ഞായറാഴ്‌ച നടക്കുന്ന തങ്ങളുടെ അടുത്ത ആവേശപ്പോരാട്ടത്തിൽ ഇന്ത്യ കരുത്തരായ നെതർലൻഡ്‌സിനെ നേരിടും.