വനിതാ ടി20 ലോകകപ്പ് : മാരിസാൻ കാപ്പിൻ്റെ മികച്ച പ്രകടനത്തിൽ ഇന്ത്യയ്ക്ക് ആദ്യ തോൽവി

മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിൽ ഞായറാഴ്ച നടന്ന ഐസിസി വനിതാ ടി20 ലോകകപ്പ് മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ വനിതാ ടീമിൻ്റെ കൂട്ടായ ബൗളിംഗ് പ്രകടനത്തിൻ്റെ ഫലമായി ഇന്ത്യ 158/7 എന്ന നിലയിൽ ഒതുങ്ങി.. ഒപ്പൺ ഗ്രൗണ്ടായ ഓൾഡ് ട്രാഫോർഡിൽ നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ 6 വിക്കറ്റിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. 45 പന്തിൽ പുറത്താകാതെ 81 റൺസ് അടിച്ചുകൂട്ടിയ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ മരിസാൻ കാപ്പിന്റെ കരിയറിലെ മികച്ച പ്രകടനമാണ് മത്സരത്തിൽ നിർണായകമായത്. 11,712 കാണികൾക്ക് മുന്നിലായിരുന്നു ഈ ആവേശപ്പോരാട്ടം നടന്നത്.മത്സരത്തില്‍ ഇന്ത്യ ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം പാളിയിരുന്നു. പവർപ്ലേയിൽ വെറും 25 റൺസ് മാത്രമാണ് അവർക്ക് നേടാനായത്. ഇന്ത്യൻ ബൗളർ എൻ. ശ്രീ ചരണി ഒരേ ഓവറിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി ദക്ഷിണാഫ്രിക്കയെ പ്രതിരോധത്തിലാക്കി. ലൗറ വോൾവാർട്ടിനെയും അന്നേരി ഡെർക്സനെയും പുറത്താക്കിയ ചരണി 3 വിക്കറ്റുകൾ നേടി.എന്നാൽ പിന്നീട് ക്രീസിലൊന്നിച്ച മരിസാൻ കാപ്പും ടാസ്മിന്‍ ബ്രിറ്റ്സും (40) ചേർന്ന് 97 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നു. 7 ഫോറുകളും 4 സിക്സറുകളും അടങ്ങുന്നതായിരുന്നു കാപ്പിന്റെ ഇന്നിംഗ്സ്. മത്സരത്തിനിടെ രാധാ യാദവ് രണ്ട് തവണ കാപ്പിന്റെ ക്യാച്ച് കൈവിട്ടത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഒടുവിൽ ക്ലോ ട്രയോണിന്റെ ബാറ്റിംഗിലൂടെ ദക്ഷിണാഫ്രിക്ക വിജയ റൺസ് കുറിച്ചു.
ഇന്ത്യയുടെ ബാറ്റിങ്
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 158 റൺസാണ് എടുത്തത്. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ 200-ാം ടി20 അന്താരാഷ്ട്ര മത്സരമായിരുന്നു ഇത്. ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യ ക്രിക്കറ്ററായി അവർ മാറി.ഇന്ത്യയ്ക്കായി ഷഫാലി വർമ്മ 31 റൺസും സ്മൃതി മന്ദാന, യസ്തിക ഭാട്ടിയ, ജെമീമ റോഡ്രിഗസ് എന്നിവർ യഥാക്രമം 29, 15, 12 റൺസുമെടുത്ത് പുറത്തായി. ക്യാപ്റ്റൻ ഹർമൻപ്രീത് (24), ദീപ്തി ശർമ്മ (29) എന്നിവർ ചേർന്നുള്ള 33 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിങ്സിലെ ഏറ്റവും ഉയർന്ന കൂട്ടുക്കെട്ട്. അവസാന ഓവറുകളിൽ റൺറേറ്റ് ഉയർത്താൻ ഇന്ത്യൻ നിരയ്ക്കായില്ല. ദക്ഷിണാഫ്രിക്കയ്ക്കായി മരിസാൻ കാപ്പും ഷബ്നിം ഇസ്മായിലും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.