'വർണ്ണാട്ടം ഒന്നൂടി': സംസ്ഥാന ചിത്രകലാ പ്രദർശനം കതിരൂരിൽ തുടങ്ങി

'വർണ്ണാട്ടം ഒന്നൂടി': സംസ്ഥാന ചിത്രകലാ പ്രദർശനം കതിരൂരിൽ തുടങ്ങി

കണ്ണൂർ: തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന മേരാകി ചിത്രകലാ  കൂട്ടായ്മയിലെ പതിനേഴ് ചിത്രകാരികൾ ചേർന്നൊരുക്കിയ 'വർണ്ണാട്ടം ഒന്നൂടി' എന്ന  ആറു ദിവസം നീണ്ടുനിൽക്കുന്ന സംസ്ഥാന ചിത്രകലാ പ്രദർശനം കതിരൂർ ഗ്രാമപഞ്ചായത്ത് ആർട്ട്‌ ഗാലറിയിൽ ആരംഭിച്ചു.

കതിരൂർ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഷോസ്‌ന സുജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ  കതിരൂരിൻ്റെ  ആയോധന കലയെ ഉൾപ്പെടുത്തിയ  'നൃത്തശാസ്ത്രത്തിൻ്റെ  ഇന്നത്തെ അവസ്ഥ (മൈയോഗാകു നൊ ജൻസായ് ) - കല, ഫോക് ലോർ, വിദ്യാഭ്യാസം എന്നിവയിൽ നിന്നുള്ള സമീപനം'എന്ന ജപ്പാനീസ് ഭാഷയിലെ പുസ്തകം ആർട്ട്‌ ഗാലറി കൺവീനർ കെ എം ശിവകൃഷ്ണന് കൈമാറിക്കൊണ്ട് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ വി പവിത്രൻ ഉദ്ഘാടനം ചെയ്തു.

2023 ൽ കതിരൂരിൽ വന്ന് തെയ്യക്കാവുകളിലും മറ്റും സന്ദർശിച്ച്‌  രണ്ടടി ഉയരവും ഒന്നരയടി വീതിയുമുള്ള ക്യാൻവാസിൽ അക്രൈലിക് ചായം ചേർത്ത് വരച്ച 23 രചനകളാണ് പ്രദർശനത്തിൽ ഉള്ളത്.തൃശ്ശൂരിലെ പ്രതീക്ഷ സുബിൻ ഏകോപനം നിർവഹിച്ച ചിത്രകാരി കൂട്ടായ്മയിൽ   ആനന്ദവല്ലി, ശുഭ എസ് നാഥ് (കോട്ടയം ), സരിത എം, (കൊല്ലം ), ലേഖ ടി എം (ഇടുക്കി ), മേഘന കെ എ (എറണാകുളം )ഗീതു സുരേഷ് (ആലപ്പുഴ ),സോജാ സോമൻ, സ്വപ്ന അശോക് (തിരുവനന്തപുരം )ദേവി പ്രമോദ് (ബാംഗ്ലൂര് )ഇന്ദു വിമൽ, ലാൻസി ലാസർ വി, കാർത്തിക മോഹൻ കെ, ശാന്താബാബു, രാജി കൃഷ്ണ, ശ്രീലജ ഹരിദാസ്, ഷീജ ജോസ് (തൃശൂർ )എന്നിവരുടെ രചനകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

പ്രദർശനം അടുത്ത ശനിയാഴ്ച സമാപിക്കും. ഗാലറി സമയം രാവിലെ 10 മുതൽ വൈകുന്നേരം 6വരെ.