വീണ്ടുമൊരു കർക്കിടകം: കേരളീയ ഭവനങ്ങളിൽ രാമമന്ത്രം മുഴങ്ങുന്ന പുണ്യമാസo

വീണ്ടുമൊരു രാമായണ മാസം. ആർഷഭാരത സംസ്കാരത്തിന്റെ അക്ഷയ ഭണ്ടാരം, സ്നേഹകാവ്യം, ജീവിത ദർശനം ഒക്കെ നിറയുന്ന അമൃത കാവ്യമായ രാമായണത്തിന്റെ ആധ്യാത്മിക അടിത്തറ പകരുന്ന സാംസ്കാരിക മൂല്യങ്ങൾ കേരളീയ ഭവനങ്ങളിൽ മുഴങ്ങുന്ന പുണ്യമാസമാണ് കർക്കിടകം.
രാമായണങ്ങൾ പലതും ഉണ്ട്.വാത്മീകി രാമായണം, വ്യാസ രാമായണം, കമ്പരാമായണം, തുളസിദാസ രാമായണം, ഹനുമത് രാമായണം, അദ്ധ്യാത്മ രാമായണം, അത്ഭുത രാമായണം, ആനന്ദ രാമായണം, പാതാള രാമായണം, ശതമുഖ രാമായണം എന്നിങ്ങനെ പലതും. ഓരോ രാമായാണത്തിന്റെയും മാഹാത്മ്യം ഓരോ പ്രകാരത്തിലാണ്. വർണ്ണനയും കവിതാരസവും വാത്മീകി രാമായണത്തിൽ കൂടുതലുണ്ടെങ്കിൽ, ഭക്തിയും ലാളിത്വവും ആദ്ധ്യാത്മ രാമായണത്തിലുള്ളതുപോലെ മറ്റെങ്ങുമില്ല.വിശ്വാമിത്രൻ മുപ്പത്തിരണ്ട് കൊല്ലത്തെ രാമചരിതമെ വിവരിച്ചിട്ടുള്ളൂവെങ്കിലും, അതിലധികം കാലത്തെ കഥകളും ഏതാനും അത്ഭുതസംഭവങ്ങളും ആനന്ദ രാമായണത്തിൽ കാണാം. തുളസിദാസ രാമായണത്തിൽ ഭരതകുമാര മാഹാത്മ്യമാണ് വർണ്ണിച്ചിരിക്കുന്നതെങ്കിൽ, അത്ഭുത രാമായണത്തിൽ വിവരിച്ചിട്ടുള്ളത് സീതാദേവിയുടെ മാഹാത്മ്യമാണ്. എന്നാൽ അഗസ്ത്യ രാമായണത്തിനുള്ളതുപോലെയുള്ള പൂർണ്ണതയും ആസ്വാദ്യതയും
മറ്റൊന്നിനും ഇല്ലതന്നെ.അഗസ്ത്യൻ താരകമാകുന്ന രാമമന്ത്രം ഉപദേശിച്ചുകൊടുത്ത താരകമന്ത്രാചാര്യനാണ്. വാത്മീകിയാകട്ടെ, ബ്രഹ്മാവിൽ നിന്ന് പുറപ്പെട്ട് നാരദൻ മുഖേന വന്നുചേർന്ന അറിവിനെ അടിസ്ഥാനപ്പെടുത്തിയാണ് രാമായണം നിർമ്മിച്ചിട്ടുള്ളത്. വാത്മീകിയെ അപേക്ഷിച്ച് അഗസ്ത്യമുനിയാകട്ടെ ദ്രാവിഡഗോത്രജ്ഞനാണ്. ദ്രാവിഡരെപ്പറ്റിയുംദ്രാവിഡദേശാചാരങ്ങളെപ്പറ്റിയും കൂടുതൽ കണ്ടറിഞ്ഞ അനുഭവസ്ഥൻ.
കാര്യകാരണങ്ങളെ സംഘടിപ്പിച്ചാണ് അഗസ്ത്യമഹർഷി തന്റെ രാമായണം ചമച്ചിട്ടുള്ളത്. ലോകത്തിൽ സംഭവിക്കുന്ന ഓരോ സംഭവത്തിനും തക്കതായ കാരണം ഉണ്ട്. അതിനുദാഹരണമായി രാമനായി ജനിക്കുവാൻ മഹാവിഷ്ണുവിനും, സീതയായി ജനിക്കുവാൻ ലക്ഷ്മീദേവിക്കും കിട്ടിയ ശാപങ്ങൽ, മണ്ഡോദരിക്കും സീതാദേ വിക്കും രൂപസാദ്രുശ്യമുണ്ടാകുവാനുള്ള കാരണം, ബ്രഹ്മചാരിയായ ഹനുമാന് പുത്രനുണ്ടാകുവാനുണ്ടായ ബന്ധം തുടങ്ങി പല സംഗതികളും അഗസ്ത്യ രാമായണത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.
കാളിദാസന് മുതല്‍ക്കിങ്ങോട്ട് ഒട്ടേറെ മഹാകവികള്‍ക്കും എഴുത്തുകാര്‍ക്കും രാമായണകഥ വീണ്ടും പറയാനുള്ള പ്രചോദനമായി മാറിയതും വാത്മീകി രാമായണത്തിന്റെ സാഹിത്യമൂല്യവും സാമൂഹ്യപ്രസക്തിയും കൊണ്ടാണ്. രാമായണ കഥയുടെ കര്‍ത്താവ് ഇന്ന് വാത്മീകി മാത്രമല്ല. നൂറ്റാണ്ടുകള്‍ക്കിപ്പുറം രാമായണം ഒട്ടേറെ പേര് എഴുതിക്കഴിഞ്ഞിരിക്കുന്നതിനു കാരണവും രാമായണത്തിന്റെ മൂല്യത്തെ അടിവരയിടുന്നു.
സീതാ-രാമ കഥയെന്നതിനപ്പുറം രാമായണത്തെ ഏറ്റവും ലളിതമായി സംവദിക്കുന്ന വേദാന്ത ഗ്രന്ഥമായും നമ്മൾ മനസിലാക്കണം. രാമാവതാരം രാവണവധത്തിന് മാത്രമായിരുന്നില്ല. സംസാരചക്രത്തിൽപ്പെട്ടു വലയുന്ന ജീവാത്മാക്കൾക്ക് പരമാത്മാവിലേക്കുള്ള വഴി കൂടിയായിരുന്നു രാമൻ.രാമൻ ജഗദീശ്വരനായ നാരായണനാണെന്ന് ജൻമം കൊടുത്ത അമ്മ കൗസല്യയ്ക്കാണ് ആദ്യം ബോധ്യമാകുന്നത്. അതറിഞ്ഞ ആ അമ്മ സ്തുതിച്ച് മകനോട് പ്രാർത്ഥിക്കുന്നത് സംസാരബന്ധത്തിൽ നിന്നുള്ള മോചനമാണ്. അലൗകികമായ വൈഷ്ണവ രൂപം മറച്ച് ബാലഭാവത്തെ കാണിക്കണമെന്നും കൗസല്യ ഭഗവാനോട് അപേക്ഷിക്കുന്നു. പട്ടാഭിഷേകത്തിന് അണിഞ്ഞൊരുങ്ങി കനകസിംഹാസനത്തിൽ ഇരിക്കേണ്ട കുമാരൻ ജടാവത്ക്കലങ്ങളണിഞ്ഞ് കാനനവാസത്തിന് പുറപ്പെടാനൊരുങ്ങുമ്പോൾ അയോധ്യ മുഴുവൻ ആർത്തലച്ചു കരയുകയാണ്. ആ സന്ദർഭത്തിൽ വാമദേവമഹർഷിയും രാമാവതാര രഹസ്യം പുരവാസികളെ അറിയിക്കുന്നു.വനവാസത്തിനിടെ രാമൻ കണ്ടുമുട്ടുന്ന ഓരോ മഹർഷിമാരും പറയുന്നുണ്ട്, അല്ലയോ ദശരഥപുത്രനായ രാമ, അങ്ങയുടെ തത്വം നന്നായി അറിയുന്നവരാണ് ഞങ്ങളെന്ന്. രാവണൻ ഉൾപ്പെടെയുള്ള രാക്ഷസഗണങ്ങൾ തീർക്കുന്ന ഭാരത്തെ ഇല്ലാതാക്കി ഭൂമിയെ രക്ഷിക്കാൻ ബ്രഹ്മാവിന്റെ അഭ്യർത്ഥനപ്രകാരം ഭൂമിയിൽ മനുഷ്യനായി അവതരിച്ച സാക്ഷാത് നാരായണനാണ് രാമനെന്ന് തിരിച്ചറിഞ്ഞ് രാമദർശനത്താൽ മോക്ഷം വരിക്കണമെന്ന് അവരോരോരുത്തരും പ്രാർത്ഥിക്കുന്നു.
അതേ..മനുഷ്യജൻമമാണെങ്കിലും ഭഗവത്സ്വരൂപമായ രാമന് മോക്ഷസാധനത്തെ കഥിക്കാതെ തരമില്ലല്ലോ. ഭരതന് രാജ്യവും രാമന് കാടും നൽകിയ പിതാവ് ദശരഥന്റെ ചെയ്തിയെ അതിരൂക്ഷമായ ഭാഷയിൽ വിമർശിക്കുന്ന ലക്ഷ്മണനോടാണ് രാമൻ ആദ്യമായി പ്രാപഞ്ചികജീവിതത്തിന്റെ നിസ്സാരത വെളിവാക്കുന്നത്. വളരെ കുറഞ്ഞ ഒരു കാലയളവിൽ മാത്രമാണ് ഭൂമിയിലെ ഓരോ മനുഷ്യന്റെയും ജീവിതം. അമൂല്യമെന്ന് കരുതുന്ന ഓരോ ബന്ധവും അൽപ്പകാലം മാത്രം. മമതാപാശത്തിൽ നിന്ന് മോചനത്തിനായി പരമാത്മതത്വത്തെ അറിയാൻ മോക്ഷാർത്ഥിയാകാനാണ് രാമൻ ലക്ഷ്മണനോട് പറയുന്നത്. ഒറ്റക്കേൾവിയിൽ ലക്ഷ്മണന് അതുൾക്കൊള്ളാനായി. ലക്ഷ്മണന് നൽകിയ ഉപദേശവും ലക്ഷ്മണൻ നൽകുന്ന ഉപദേശവും ലക്ഷ്മണോപദേശമാകുന്നത് അങ്ങനെയാണ്.
ലക്ഷ്മണൻ മാത്രമല്ല പിന്നീട് രാമന്റെ മുന്നിലെത്തുന്ന ഓരോരുത്തരും മുക്തി കൊതിക്കുന്ന മോക്ഷാർത്ഥികളാണ്. വിരാധനും ജടായുവും മാരീചനും കബന്ധനും മാത്രമല്ല മഹാതപസ്വികളായ ശരഭംഗനും സുതീക്ഷ്ണനും ശബരിയും രാമനായി കാത്തിരിക്കുന്നവരാണ്. എന്തിനധികം, സാക്ഷാത് വാല്മീകി മഹർഷി പോലും രാമാഗമനത്തിനായി തപസ് തുടരുകയായിരുന്നു.
രാവണവധത്തിനായാണ് രാമൻ അവതരിച്ചതെങ്കിലും രാവണനെ തേടിയുള്ള യാത്രയാണ് രാമായണമായത്. അതിൽ കിഷ്കിന്ധാകാണ്ഡം വരെയുള്ള രാമന്റെ അയനം വളരെ പ്രധാനപ്പെട്ടതാണ്. അയോധ്യയിലെ രാജകീയ ബാല്യത്തിൽ നിന്ന് വിശ്വാമിത്രന് പിന്നാലെ കൊടുംകാട്ടിലേക്ക് രാമൻ തുടങ്ങിയ യാത്ര. സീതയുമായി തിരിച്ച് രാമൻ അയോധ്യയിലെത്തിയപ്പോൾ അത് മറ്റൊരു യാത്രയിലേക്കുള്ള തുടക്കവുമായി.
ഓരോ യാത്രയിലും കണ്ടുമുട്ടിയവരെയെല്ലാം രാമൻ അവർക്കിണങ്ങുംവിധം സ്വീകരിച്ചു. ഒരു കൂടിക്കാഴ്ചയും പാഴായില്ല. യോഗ്യതയില്ലാത്ത ഒരാളും രാമനെ കണ്ടതുമില്ല. അതുകൊണ്ട് തന്നെ രാമായണം രാമന്റെയും സീതയുടെയും കഥ മാത്രമായി ചുരുങ്ങുന്നില്ല. വാത്സല്യത്തിൻറെയും സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ബന്ധുത്വത്തിന്റെയും ഇഴപിരിഞ്ഞ ജീവിതം രാമന്റെ കരുണകടാക്ഷത്താൽ ധന്യമാകുന്ന കാഴ്ചയാണ് രാമായണത്തിലുടനീളം. അങ്ങനെയാണ് അത് രാമന്റെ യാത്രയായത്. നാം ഓരോരുത്തരുടെയും യാത്രയ്ക്കുള്ള വഴിയാകുന്നത്.